കോട്ടയത്തെ അറിയാൻ ഇന്ത്യയുടെ രുചികളെത്തുന്നു

കോട്ടയം: രുചിയുടെ വിഭിന്നതകളും ഗ്രാമീണതയുടെ കരവിരുതും ആവോളം അണിനിരത്തി ആട്ടവും പാട്ടും സാംസ്‌കാരിക ആഘോഷവുമായി നഗരം കാണാനിരിക്കുന്ന ഏറ്റവും വലിയമേള 'സരസ്സി'ന്‍റെ അരങ്ങൊരുക്കം തകൃതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വനിത സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ 15 മുതൽ 24 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന 'ദേശീയ സരസ്സ്'മേളക്കായി 75,000 ചതുരശ്ര അടിയുള്ള പ്രദർശനവേദിയാണ് ഒരുങ്ങുന്നത്.

ശീതീകരിച്ച 250ലധികം സ്റ്റാളുകളിലായിട്ടായിരിക്കും കാഴ്ചയും കൗതുകവുമൊരുങ്ങുന്നത്. ജില്ല ആദ്യമായാണ് ദേശീയ സരസ്സ് മേളക്ക് വേദിയാകുന്നത്. പ്രദർശന-വിപണന സ്റ്റാളുകൾക്ക് പുറമെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള ഭക്ഷണവൈവിധ്യങ്ങളുടെ ധാരാളിത്തം വിളിച്ചറിയിക്കുന്ന ഫുഡ് കോർട്ടുകളും കലാപരിപാടികളും സംഘടിപ്പിക്കും. മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാന, സിക്കിം, ഹിമാചൽപ്രദേശ്, കർണാടക, ഝാർഖണ്ഡ്, കശ്മീർ, ത്രിപുര, ഒഡിഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 48 വനിത സംരംഭകർ മേളയിൽ തങ്ങളുടെ ഉൽപന്നങ്ങളുമായെത്തും.

കോട്ടയത്തുനിന്ന് 43 പേരും മറ്റ് ജില്ലകളിൽനിന്നുള്ള 108 കുടുംബശ്രീ സംരംഭകരും അടക്കം 239 രജിസ്ട്രേഷനുകളാണ് ഇതുവരെയുള്ളത്. രജിസ്ട്രേഷൻ ഇപ്പോഴും തുടരുകയാണ്. മറ്റിടങ്ങളിൽനിന്ന് ജില്ലയിലെത്തുന്നവർക്ക് താമസമടക്കമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കോട്ടയത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയുമാണ് നാഗമ്പടത്തൊരുങ്ങുന്നതെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പറഞ്ഞു. മേളയോടനുബന്ധിച്ച് എല്ലാദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിക്കും.

Tags:    
News Summary - Reaching the flavors of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.