പരിഗണന കുറഞ്ഞാലും പരിഭവമില്ല; കേരളത്തിൽ ഒരു സീസണിൽ കായ്ക്കുന്നത് 29 കോടിയോളം ചക്ക

മലപ്പുറം: പരിഗണന കുറവാണെങ്കിലും കേരളത്തിന്‍റെ ഔദ്യോഗിക ഫലമായ ചക്കക്ക് പരിഭവമില്ല. ആരും നോക്കിയില്ലെങ്കിലും കിട്ടിയ സ്ഥലത്ത് വിശാലമായി വളരാൻ തയാറാണ് നമ്മുടെ പ്ലാവുകൾ. സംസ്ഥാന കാർഷിക സ്ഥിതിവിവര കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു സീസണിൽ 28.6 കോടി എണ്ണം ചക്കകൾ കായ്ക്കുന്നുണ്ട്.ഏറ്റവും കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണ്. 5.7 കോടി ചക്കയാണ് ഇടുക്കി ജില്ലയിൽ ഓരോ സീസണിലും ശരാശരി ഉൽപാദിപ്പിക്കുന്നത്. തൊട്ടുപിറകിലുള്ള വയനാടും തിരുവനന്തപുരവും ഉൽപാദിപ്പിക്കുന്ന ചക്കകളുടെ എണ്ണം 2.6 കോടിയാണ്.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 2.4 കോടി ചക്കയും ഉൽപാദിപ്പിക്കുന്നുണ്ട്. ഏറ്റവും കുറവ് ഉൽപാദനം ആലപ്പുഴ ജില്ലയിലാണ്. ഇവിടെ 60 ലക്ഷം ചക്ക മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. പാലക്കാട് 2.1 കോടി, കൊല്ലം 1.9 കോടി, തൃശൂർ 1.6 കോടി, കണ്ണൂർ 1.5 കോടി, എറണാകുളം 1.5 കോടി, കോട്ടയം 1.4 കോടി, കാസർകോട് 1.2 കോടി, പത്തനംതിട്ട 1.1 കോടി എന്നിവയാണ് മറ്റു ജില്ലകളിലെ ചക്കക്കണക്കുകൾ.

വേണ്ടുവോളം ചക്കയുണ്ടെങ്കിലും അതിനനുസൃതമായ വിപണി സാധ്യതകളാണ് സർക്കാറിന്‍റെ നേതൃത്വത്തിൽ നടക്കേണ്ടത്.നിലവിൽ ഇടുക്കി ജില്ലയിലെ കലയന്താനിയിലും വയനാട് മുട്ടിലിലും ചക്ക വിപണനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഈ ജില്ലകളിലെ വിപണനശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന് ചക്കസംഭരണത്തിന് കിലോക്ക് അഞ്ച് രൂപ നിരക്കിൽ കർഷകർക്ക് സഹായം നൽകാനും പദ്ധതിയുണ്ട്.

എന്നാൽ, ഇത്തരം പദ്ധതികൾ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിട്ടില്ല. 2021-22 കാലയളവിൽ നൂറുടണ്ണോളം ചക്കയുടെ വിപണനം നടത്തിയിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ചക്കപ്പൊടി, ചക്കഹൽവ, ചക്കക്കുരു പൊടി തുടങ്ങിയവക്കെല്ലാം ഓൺലൈൻ വിപണിയിലടക്കം പ്രിയമേറിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കൂടുതൽ വിപണന സാധ്യതകൾക്ക് അവസരം ഒരുക്കണമെന്നാണ് കാർഷിക മേഖലയിലുള്ളവരുടെ ആവശ്യം. വി.എഫ്.പി.സി.കെ മുഖേന പഴവർഗ കൃഷി വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ചക്കയുടെ സംഭരണം, വിപണനം, മൂല്യവർധന എന്നിവ നടപ്പാക്കുന്നതിന് പദ്ധതി വരുന്നുണ്ടെന്നും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. ചക്കയുടെ ഉപയോഗസാധ്യതകളെ കുറിച്ച് ശാസ്ത്രീയ അറിവ് നൽകുന്നതിന് കാർഷിക സർവകലാശാല വഴി പ്രത്യേക പഠനം നടത്തുന്നത് പരിഗണനയിലുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Tags:    
News Summary - 29 crore jackfruits are produced in Kerala in one season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.