‘ഒരോ സുലൈമാനിയിലും ഒരിത്തിരി മുഹബ്ബത്ത് വേണം. അതു കുടിക്കുമ്പോ ലോകമിങ്ങനെ പതുക്കെയായി വന്ന് നിൽക്കണം’. ഉസ്താദ് ഹോട്ടലിൽ നടൻ തിലകന്റെ പ്രശസ്തമായ ഡയലോഗാണിത്. ഇതു പോലെ ഓരോ ചായയിലും കിസ്മത്ത് ഒളിപ്പിച്ചുവെച്ച ഒരാളുണ്ട് ഇങ്ങ് ദുബൈയിൽ.
ദേരയിലെയിലെ മലയാളികൾ സ്നേഹത്തോടെ അബ്ദുക്ക എന്ന് വിളിക്കുന്ന ഇസ്മായിൽ. നേരം പുലരുന്നതോടെ ദേരയിൽ ഇദ്ദേഹത്തിന്റെ ചായക്കായി ചായപ്രേമികളുടെ തിരക്കാണ്. സ്നേഹ മധുരം നിറഞ്ഞ ഈ ചായയാണിപ്പോൾ ദേരയിലെ ഹിറ്റ്. ദേര അൽബറാഹയിൽ സ്വദേശികളും വിദേശികളുമായി അബ്ദുക്കയുടെ ചായക്ക് ആരാധകരേറെയാണ്.
ദേര തെരുവുകളിലേ നിറ സാന്നിധ്യമാണീ ഈ നാദാപുരത്തുകാരൻ. ജന്മനാ ലഭിച്ച അംഗവൈകല്യത്തെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് അബ്ദുക്ക പ്രവാസികളുടെ മനസ്സ് കീഴടക്കുന്നത്. നിഷ്കളങ്കമായ ചിരികലർന്ന മുഖഭാഗത്തോടെ അദ്ദേഹം വെച്ചുനീട്ടുന്ന ചായക്ക് സ്നേഹത്തിന്റെ നിത്യമധുരമാണ്. മനസ്സ് നിറക്കാൻ ഇതിൽപരം എന്ത് വേണം.
ജന്മനാ ഒരു കാലിന്റെ സ്വാധീനക്കുറവുള്ള ഇദ്ദേഹം ശാരീരികമായ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഓട്ടത്തിലാണ്. ചൂടും, മഴയുമൊന്നും അബ്ദുക്കക്ക് വിഷയമാവാറില്ല. ഏത് കൊടും ചൂടിലും അടുത്തുള്ള കടകളിലേക്ക് ചായയുമായി അബ്ദുക്ക ഓടുന്നത് കാണാം. നാട്ടിൽ ബേക്കറിക്കടയായിരുന്നു ഇദ്ദേഹത്തിന്. പിന്നീടത് പൂട്ടി യു.എ.ഇയിലേക്ക് വണ്ടി കയറിയപ്പോഴും ആ നിഷ് കളങ്കതയാണ് തുണയായത്. നിരവധി പേർ സഹായ ഹസ്തങ്ങൾ നീട്ടിയെത്തിയതായി അദ്ദേഹം നന്ദിയോടെ ഓർക്കുന്നു.
15 വർഷത്തിലധികമായി ഒരേ ചായക്കടയിൽ രുചിയുടെ രഹസ്യമാണീ മലയാളി. കടയുടമയും, ചുറ്റുവട്ടത്തുള്ള കടക്കാരും തനിക്ക് നൽകുന്ന സ്നേഹമാണ് ഈ പതിനഞ്ച് വർഷവും യു.എ.ഇയെ തനിക്ക് പ്രിയപ്പെട്ടതാക്കിയതെന്ന് അദ്ദേഹം പറയുന്നു. അൽബറാഹയിലെ ഓരോ ഇടങ്ങൾക്കും അബ്ദുക്കയുടെ കാൽപ്പെരുമാറ്റം സുപരിചിതമാണ്.
അൽബറാഹയുടെ മുത്ത് എന്നാണ് ആളുകൾ അബ്ദുക്കയെ വിശേഷിപ്പിക്കുന്നത്. അറബികൾ മുതൽ മറ്റ് രാജ്യക്കാർ വരെ അദ്ദേഹത്തിന്റെ ചായ തിരഞ്ഞിവിടെയെത്തും, അബ്ദുക്കയുടെ പുഞ്ചിരിയും, ഒരു കപ്പ് ചായയും വാങ്ങി മനസ്സ് നിറക്കാൻ ഇവിടെ ഒരിക്കൽ വന്നവർ മിക്ക ദിവസങ്ങളിലുമെത്തും.
ശാരീരികമായി പരിമിതികളുണ്ടെങ്കിൽ കൂടി പരാതിയോ പരിഭവമോ അബ്ദുക്കക്കില്ല. നിറഞ്ഞ സന്തോഷത്തിലാണ് ജീവിതയാത്ര. കഴിഞ്ഞ 15 വർഷമായി ഒട്ടും മടുപ്പില്ലാതെ ചുറുചുറുക്കോടെ തന്റെ ബുദ്ധിമുട്ടുകൾ മറന്ന് രാവും പകലും അധ്വാനിക്കുന്ന അബ്ദുക്ക ഒരു പ്രചോദനമാണ്. മടി പിടിച്ചിരിക്കുന്ന ഓരോരുത്തർക്കും ഉയിർത്തെഴുന്നേൽക്കാനുള്ള പ്രചോദനം. വിധിയെ ചിരിച്ചുകൊണ്ട് നേരിടുന്ന പ്രചോദനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.