പത്തനംതിട്ട: പ്രതിസന്ധികളില്‍ പകച്ചുനിന്ന വർഷങ്ങളെ അതിജീവിച്ച് വിജയത്തിന്റെ ഒമ്പതാംവര്‍ഷം പിന്നിടുകയാണ് ഈ വനിതാകൂട്ടായ്മ. മലയാലപ്പുഴ ഗ്രാമത്തിൽ 2014 നവംബര്‍ ഒന്നിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 10 വനിതകള്‍ ചേര്‍ന്നാണ് മൗണ്ട് ഇന്‍ കഫേ എന്ന നാടന്‍ ഭക്ഷണശാല തുടങ്ങുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പില്‍ഗ്രിം ടൂറിസം പദ്ധതിയിൽ നിര്‍മിച്ച കെട്ടിടത്തിലാണ് ഇന്ന് മൗണ്ട് ഇന്‍ കഫേ പ്രവര്‍ത്തിക്കുന്നത്. കാടുകയറി സാമൂഹികവിരുദ്ധ താവളമായിരുന്ന ഇടമായിരുന്നു ഇത്.
അന്നത്തെ പത്തനംതിട്ട കലക്ടറായിരുന്ന ഹരികിഷോറും കുടുംബശ്രീ ജില്ല കോഓഡിനേറ്ററുമായ സാബിര്‍ ഹുസൈനും ചേർന്നാണ് 10 വനിതകളെ തെരഞ്ഞെടുത്ത് ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയത്. തുടര്‍ന്ന് കെട്ടിടം വിട്ടുനല്‍കുകയായിരുന്നു. കെട്ടിടം വിട്ടുനല്‍കി അടുത്തദിവസം തന്നെ കഫേ തുടങ്ങണമെന്ന് കലക്ടറുടെ നിർദേശം എത്തി.
ആദ്യം 10 പേര്‍ക്കുള്ള ആഹാരമാണ് ഇവര്‍ തയാറാക്കിയത്. ആരും ഭക്ഷണം കഴിക്കാന്‍ എത്തിയില്ലെങ്കിലും തങ്ങള്‍ 10പേര്‍ക്ക് അത് ഉപയോഗിക്കാമെന്നുള്ള വിശ്വാസത്തിലായിരുന്നു അത്. പിന്നീട് കുടുംബശ്രീയുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും പരിശീലന പരിപാടികള്‍ ഇവിടെവെച്ച് നടത്താന്‍ തുടങ്ങി. അങ്ങനെ ഉച്ചഭക്ഷണം ഉൾപ്പെടെ ധാരാളം ഓർഡറുകള്‍ ലഭിച്ചു. പിന്നീട് സമീപത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ഓർഡറുകള്‍ ലഭിച്ചുതുടങ്ങിയതോടെ വരുമാനവും വര്‍ധിച്ചു.
ഇതിനിടെ കുടുംബശ്രീ സംരംഭകര്‍ക്കുള്ള വായ്പയും ലഭിച്ചു. ഇതുകൊണ്ടാണ് അവശ്യസാധനങ്ങള്‍ വാങ്ങിയത്. ആദ്യം അംഗങ്ങളിലെ ആരും ഒരുരൂപ പോലും ശമ്പളമായി എടുത്തിരുന്നില്ല. അത് വായ്പയിലേക്ക് മാറ്റി. ഇതിനിടെ രണ്ടുപേര്‍ക്ക് സര്‍ക്കാര്‍ ജോലിലഭിച്ചു. രണ്ടുപേര്‍ക്ക് ജനസേവന മേഖലയില്‍ പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു. ഒരാള്‍ കോന്നി ബ്ലോക്ക് അംഗവും ഒരാള്‍ സി.ഡി.എസ് ബ്ലോക്ക് അംഗവുമായി. ഇവര്‍ സജീവമായി ഇപ്പോഴും കഫേയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇതിന് പുറമേ പില്‍ഗ്രിം സെന്ററില്‍ താമസിക്കാനുള്ള മുറികളും കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വാടകക്ക് നല്‍കുന്നത്. ഇവിടെയെത്തുന്ന അതിഥികള്‍ക്ക് നാടന്‍ ഭക്ഷണവും കഫേയില്‍ നിന്നാണ് നല്‍കുന്നത്.
വര്‍ഷത്തിൽ ഒന്നരലക്ഷത്തിലധികം രൂപയാണ് സര്‍ക്കാറിന് വാടകയിനത്തില്‍ നല്‍കുന്നത്. എല്ലാ അംഗങ്ങള്‍ക്കും 16,000 മുതല്‍ 20,000 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കുന്നുമുണ്ട്. ചെറുകിട സംരംഭകരായിരുന്ന വീട്ടമ്മമാർ ഇന്ന് തങ്ങളുടെ ഭാവി സുരക്ഷിതമായ സന്തോഷത്തിലാണ്. മലയാലപ്പുഴയിലെ ഈ സംരംഭ വിജയം പഠിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നം അമേരിക്കയില്‍ നിന്നുപോലും സന്ദര്‍ശകര്‍ എത്തിയതായി അംഗങ്ങളിലെ ഒരാളായ ലതാപ്രകാശ് പറയുന്നു.
നാടന്‍ ഭക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ധാരാളം ഓർഡറുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഓട്ടട, റവകൊണ്ടുള്ള കൊഴുക്കട്ട എന്നിവയാണ് പ്രധാനമായും ആവശ്യക്കാര്‍ തേടിയെത്തുന്നത്. രാവിലെ ഏഴര മുതൽ വൈകീട്ട് ആറരവരെയാണ് പ്രവര്‍ത്തനം. അതിഥികള്‍ എത്തുന്ന ദിവസം അവര്‍ക്കായി രാത്രിയും ഭക്ഷണം തയാറാക്കിനല്കും. പ്രധാനമായി മലയാലപ്പുഴ ദേവിക്ഷേത്രത്തില്‍ എത്തുന്നവരാണ് അതിഥികളിലേറെയും. എല്ലാ പിന്തുണയും നല്കി നാട്ടുകാരും ഒപ്പമുണ്ട്. ലതാപ്രകാശ്, ഷീബ പ്രസാദ്, പുഷ്പ ലക്ഷ്ണന്‍, ലത മനോജ്, ലതാകുമാരി, ലീല ശശാങ്കന്, സുജാത അനില്‍, ജലജ കുമാരി എന്നിവരാണ് കഫേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.