നരിക്കുനി: മലയാളി ഒരിക്കലും നഷ്ടപ്പെടുത്താനാഗ്രഹിക്കാത്ത രുചിപ്പെരുമയിലേക്ക് നയിക്കുകയാണ് വട്ടപ്പാറപ്പൊയിലിൽ ഹിബ മൻസിലിലെ ആഫിറ അഷ്റഫ്. സ്ത്രീകൾക്ക് അസാധ്യമെന്ന് തോന്നുന്നിടത്തുനിന്നും സാധ്യതയുടെ വാതിലുകൾ തുറന്നതിന്റെ ആഹ്ലാദത്തിലാണ് ആഫിറ.
വട്ടപ്പാറപ്പൊയിലിലെ അൽ ഖൈർ ഫ്ലോർ മിൽ ആൻഡ് ഫുഡ് പ്രൊഡക്റ്റ്സ് ഇന്ന് അതിജീവനത്തിന്റെ അടയാളപ്പെടുത്തലാണ്. ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ ആഫിറ തുറന്നിട്ട രുചിയുടെ ലോകം അത്രമേൽ കൊതിപ്പിക്കുന്നതാണ്.
ഒരു വേനലവധിയിൽ സഹോദരിമാരോടൊത്തുകൂടിയപ്പോൾ മനസ്സിലുദിച്ച ആശയമാണ് നാടൻവിഭവങ്ങളെ മടക്കിക്കൊണ്ടുവരാനും ഭക്ഷ്യയോഗ്യമായ മായമില്ലാത്ത പൊടികൾ സാധാരണക്കാരിലെത്തിക്കാനും. അങ്ങനെ പൊടിമിൽ എന്ന ആശയം രൂപപ്പെട്ടു. മലയാളി രുചിയുടെ നൊസ്റ്റാൾജിയ എങ്ങനെയാണെന്ന് ഈ വീട്ടമ്മക്കറിയാം.
കുടുംബശ്രീയിൽനിന്ന് ഒരുതുക വായ്പയെടുത്ത് പൊടിമിൽ എന്ന ആശയം പ്രാവർത്തികമാക്കിയപ്പോൾ അത് വിജയക്കുതിപ്പിലേക്ക് നീങ്ങി. അരിയും മല്ലിയും മുളകും മഞ്ഞളും അങ്ങനെ പലവിധ ധാന്യങ്ങളും പൊടിച്ച് പാക്കറ്റുകളിലാക്കി വെക്കുന്നു. ആദ്യ വിപണനം ആരാമ്പ്രം തറവട്ടത്ത് മാളിയേക്കൽ കുടുംബ സംഗമത്തിൽ തുടങ്ങി. ഇപ്പോൾ ദുബൈ മാർക്കറ്റുവരെ ആഫിറയുടെ വിഭവങ്ങൾ എത്തുന്നു.
പൊടികൾ കൂടാതെ മലബാർ വിഭവങ്ങളായ ഉന്നക്കായ, ഇറച്ചിപ്പത്തിരി, കുഞ്ഞിപ്പത്തിരി, ചട്ടിപ്പത്തിരി, കോഴിനിറച്ചത് എന്നീ പലഹാരങ്ങളും വിപണനത്തിലെ പ്രധാന ഇനമാണ്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ ഫണ്ടുകൂടി ലഭിച്ചതോടെ വിപണനശൃംഖല വികസിച്ചു. ബ്രാൻഡ് മസാല പൊടി, പത്തിരി പൊടി, പുട്ടുപൊടി ഇവയൊക്കെ മസാല കടകളിൽ കിട്ടുമെങ്കിലും ഗുണമേന്മയുള്ള മായമില്ലാത്ത പൊടികൾ അൽ ഖൈറിൽ കിട്ടുമെന്നതിനാൽ ഉപഭോക്താക്കളുടെ വരവിലും ഗണ്യമായ വർധനയാണുള്ളതെന്നും പൊടിമിൽ രംഗത്ത് വിപണന ശൃംഖല വികസിപ്പിക്കുന്നതോടൊപ്പം കൂടുതൽ വനിതകൾക്ക് തൊഴിൽ നൽകാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും ആഫിറ അഷ്റഫ് പറയുന്നു. അപ്പോൾ ശാക്തീകരണത്തിന്റെ ഫലം കാണാൻ കഴിയുമെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.