മനാമ: ഗൾഫ്നാടുകളിൽ നാട്ടിൽ കിട്ടുന്ന പച്ചക്കറികളെല്ലാം കിട്ടും. നാട്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണത്. എന്നാൽ, ഇവിടെ വിളഞ്ഞ തനിനാടൻ പച്ചക്കറി കിട്ടുന്ന ഒരു സ്ഥലമുണ്ട്. ബുദയ്യയിലുള്ള വിശാലമായ ഗാർഡനിലാണ് ഈ ഫാർമേഴ്സ് മാർക്കറ്റ്, നാട്ടിലെ പോലൊരു തനി നാടൻചന്ത. വേറിട്ടൊരു അനുഭവമായിരിക്കും മാർക്കറ്റ് സന്ദർശകർക്ക് നൽകുക. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമാണ് ഇവിടെ പ്രവേശനം. കർഷകർക്ക് വിപണി കണ്ടെത്താനും ജനങ്ങൾക്ക് ഗുണമേന്മയും പുതുമയുള്ളതുമായ സാധനങ്ങൾ വാങ്ങാനുമുള്ള ഒരിടമായാണ് മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. മാർക്കറ്റ് മാത്രമല്ല, ഉല്ലാസത്തിനും വിനോദത്തിനുമുള്ള നിരവധി സ്റ്റാളുകളും ഇവിടെയുണ്ട്.
ഉത്സവാന്തരീക്ഷമാണ് മാർക്കറ്റിലെ ഓരോ സ്റ്റാളുകളിലെയും കാഴ്ചകൾ നമുക്ക് നൽകുന്നത്. കുട്ടികൾക്കുവേണ്ടിയുള്ള കല, കായിക, വിനോദപരിപാടികളുടെ സ്ഥലത്ത് പെയിന്റിങ് നടത്താനുള്ള ബുക്കും പെൻസിലും ഇരിപ്പിടവും ലഭിക്കും. തൊട്ടടുത്ത് ഇഷ്ടപ്പെട്ട റ്റാറ്റു മുഖത്തും കൈകളിലും വരച്ചുകൊടുക്കുന്ന സ്റ്റാളാണ്. ഊഞ്ഞാലുകളും കളിസ്ഥലങ്ങളും കുട്ടികൾക്കുവേണ്ടി ചെറിയ ഒരു സ്റ്റേജും ഇരിക്കാനുള്ള കസേരകളും ഒരുക്കിയിട്ടുണ്ട്. ലൈവായി മത്സരങ്ങളും മറ്റും നടത്തി, കുട്ടികൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളുമുണ്ട്. പോണി എന്ന പേരിൽ അറിയപ്പെടുന്ന കുതിരയുടെ പുറത്ത് കയറി സവാരി നടത്താനുള്ള സൗകര്യവും കുട്ടികൾക്കായി ഈ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും സലാഡ് ഇലകളും സ്വീറ്റ്സും പലവ്യഞ്ജനങ്ങളും വിൽക്കുന്ന സ്റ്റാളുകളുടെ നിരയാണ് പിന്നെ. വിവിധ വർണങ്ങളിലുള്ള സലാഡ് തക്കാളികൾ, ബീൻസ്, വഴുതന, വെണ്ട, ബ്രക്കോളി, സ്വീറ്റ്സ് മിലാൻ മത്തൻ, കുമ്പളം, കാബേജ്, വിവിധ നിറങ്ങളിലുള്ള കാപ്സിക്കൻ മുളകുകൾ, ബീറ്റ്രൂട്ട്, കാരറ്റ്, ഈത്തപ്പഴം തുടങ്ങിയവയെല്ലാം നല്ല ഭംഗിയോടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. നല്ല സാധനങ്ങൾ മാർക്കറ്റ് വിലയിൽ ഇവിടെ നിന്നും സന്ദർശകർക്ക് വാങ്ങാം. വിശാലമായ ഫുഡ് കോർട്ടാണ് മറ്റൊരിടം. ഫ്രഷ് ജ്യൂസ്, ഗ്രിൽഡ് വിഭവങ്ങൾ, ഐസ്ക്രീം, പോപ്കോൺ, വൈവിധ്യമാർന്ന അറേബ്യൻ വിഭവങ്ങൾ എന്നിവയെല്ലാം രുചിച്ചു നോക്കാം. ലൈവായി പാചകം ചെയ്യുന്ന ഭക്ഷണ വിഭവങ്ങൾ വാങ്ങി, മരത്തണലിൽ ഒരുക്കിയ ഡൈനിങ് ടേബിളുകളിലിരുന്നു കഴിക്കാം.
ലൈവ് പോർട്രെയിറ്റുകൾ വരക്കുന്ന ചിത്രകാരന്മാരുമുണ്ട്. അൽപസമയം ചെലവഴിച്ചാൽ ഫോട്ടോയെ വെല്ലുന്ന നല്ല ഒരു ചിത്രവുമായി തിരിച്ചുപോകാം. നൂലുണ്ടകളിൽനിന്നും നെയ്തെടുക്കുന്ന തുണിസഞ്ചികൾ, വരച്ചുവെച്ച ചിത്രങ്ങൾ എന്നിവയുടെ വിൽപനയും ഇവിടെയുണ്ട്. ഭിന്നശേഷിക്കാരായ ആളുകൾക്ക് വേണ്ടിയുള്ള പ്രത്യേക സ്റ്റാളുകളുമുണ്ട്. അവരുണ്ടാക്കുന്ന ഉൽപന്നങ്ങളും ഇവിടെനിന്നും വാങ്ങാവുന്നതാണ്. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ഈ മാർക്കറ്റ് സന്ദർശിക്കാൻ വരുന്നത്. ഡിസംബറിൽ തുടങ്ങി ഏപ്രിൽ വരെ ശനിയാഴ്ചകളിൽ മാത്രമാണ് ഫാർമേഴ്സ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒന്നു വരെയാണ് പ്രവൃത്തി സമയം. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.