റിയാദ്: പ്രവാസികൾക്ക് സുപരിചിതമായ ബത്ഹയിലെ ‘അസൽ റസ്റ്റാറൻറ്’ ഇനി പുതിയ മാനേജ്മെന്റിനു കീഴിൽ പുതിയ പേരിലും ഭാവത്തിലും മോടിയിലും. ഗൃഹാതുര രുചിക്കൂട്ടുകൾ തീന്മേശയിലെത്തിച്ച് പ്രവാസികൾക്കിടയിൽ പ്രചുരപ്രചാരം നേടിയ സൽക്കാര ആൻഡ് വിൻഫുഡ് ഗ്രൂപ്പാണ് റസ്റ്റാറൻറ് നടത്തിപ്പിൽ കൈകോർക്കുന്നത്.
തങ്ങളുടെ കാൻറീൻ റസ്റ്റാറന്റ് ശൃംഖലയുടെ ബ്രാഞ്ചായാണ് ‘അസൽ-കാൻറീൻ’ മാറുന്നതെന്നും നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിനോടു ചേർന്നുള്ള അസൽ-കാൻറീൻ രുചിയാസ്വാദകരുടെ പുതിയ കേന്ദ്രമാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ആതിഥേയത്വ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിൽ രണ്ടു വർഷം മുമ്പ് റിയാദ് നഗരത്തിലെ ഉലയയിൽ ആരംഭിച്ച കാൻറീൻ റസ്റ്റാറൻറിന് സ്വദേശികളും വിദേശികളും വലിയ സ്വീകാര്യതയാണ് നൽകിയത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബത്ഹയിലെ പുതിയ ശാഖയായ അസൽ-കാൻറീനിൽ തനി നാടൻകൂട്ടുകൾക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനത് രുചികളുമുണ്ടാകും. അറബിക്-ചൈനീസ് വിഭവങ്ങളും ഏറ്റവും പുതിയ സ്വാദുകളും വിളമ്പും.
സൗഹൃദസംഗമങ്ങൾ, കുടുംബകൂട്ടായ്മകൾ, സംഘടന സമ്മേളനങ്ങൾ തുടങ്ങി എല്ലാ ഒത്തുചേരലുകൾക്കും അപ്പോളോ ഡിമോറ ഹോട്ടലിലെ എല്ലാ പാർട്ടി ഹാളുകളും അവിടേക്കുള്ള ഭക്ഷണവും ലഭ്യമാക്കുന്നതിന് അസൽ-കാൻറീനെ ബന്ധപ്പെടാമെന്ന് വാർത്തസമ്മേളനത്തിൽ അവർ അറിയിച്ചു. ചെറുതും വലുതുമായ വരുമാനക്കാർക്ക് പ്രാപ്യമാകുന്ന രീതിയിലാണ് പുതിയ മെനു രൂപകൽപന ചെയ്തിട്ടുള്ളത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 17, 18, 19 തീയതികളിൽ വെൽക്കം ഡ്രിങ്ക്, പൊറോട്ട, ബീഫ് കറി, ചിക്കൻ 65, ഗുലാബ് ജാമുൻ എന്നിവയടങ്ങിയ 15 റിയാലിന്റെ കോംബോ ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവോണദിനത്തിൽ 33 കൂട്ടുകളോടെ സ്വാദിഷ്ഠമായ സദ്യ 39 റിയാലിന് നൽകും.
കേരളത്തിൽ ഖ്യാതികേട്ട ഷെഫുമാരുടെ സേവനം വൈകാതെ ലഭ്യമാകുമെന്നും പ്രതിനിധികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഓപറേഷൻ മാനേജർ റോബർട്ട് കുമാർ, ഓപറേറ്റ് മാനേജ്മെന്റ് പ്രതിനിധി ഖാലിദ് പള്ളത്ത്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് ജിംഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.