പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പോത്തഞ്ചേരി അയ്യപ്പൻ വിട പറഞ്ഞിട്ട് കാലമേറെയായെങ്കിലും അദ്ദേഹം കാച്ചിയെടുത്ത സമാവർ കാപ്പിയുടെ രുചി തലമുറയുടെ നാക്കിൽ ഇന്നുമുണ്ട്. മുക്കാൽ നൂറ്റാണ്ട് മുമ്പ് ചെട്ടിപ്പടി റോഡോരത്ത് ഷീറ്റ് വലിച്ചുകെട്ടിയ ചായ മക്കാനിയിലെ അടുപ്പിൽ ഊതി പുകഞ്ഞ പാത്രത്തിൽ വെന്ത് തിളച്ച കാപ്പി വർഷങ്ങൾക്കകം ഗതിമാറി.
കരിയിൽ വെന്തുമറിയുന്ന സമാവറെന്ന പുരോഗതിയിലേക്ക് വഴിമാറിയതോടെ ചായയും കാപ്പിയും കുടിക്കാൻ വരുന്നവരേക്കാളേറെ അന്ന് ആളുകൾ സമാവറിന്റെ അതിശയം കാണാനെത്തിയിരുന്നു. സമാവറിലെ ചായ പെട്ടെന്ന് ജനകീയമായതോടെ കാപ്പിയേക്കാൾ ആവശ്യം ചായക്കായി മാറി.
വിവിധ ഇനം ചായകൾ സമാറിൽനിന്ന് കവിതകളായി വിരിഞ്ഞിറങ്ങി. പല ഹോട്ടലുകളിൽനിന്നും ചായ മക്കാനികളിൽനിന്നും ഗ്യാസ് അടുപ്പുകളുടെ വരവിൽ സമാവർ പതുക്കെ പടിയിറങ്ങി. ഇതോടെ ഉയർച്ച താഴ്ചയിൽ ആഞ്ഞുവീശുന്ന കാപ്പിയുടെ തയാറെടുപ്പും കാണാകാഴ്ചയായി മാറി.
എന്നാൽ, ചെട്ടിപ്പടി അയ്യപ്പാസിൽ അയ്യപ്പൻ തൊടുത്തുവെച്ച സമാവർ സംസ്കാരം അതേപടി നിലനിർത്തുകയാണ് വർഷങ്ങളായി മകൻ പോത്തഞ്ചേരി ശിവദാസൻ. അയ്യപ്പന്റെ മറ്റൊരു മകൻ സോമൻ തൊട്ടടുത്തെ ഗ്രാമമായ ആനപ്പടി കോർണറിൽ തുടങ്ങിയ അയ്യപ്പാസെന്ന മറ്റൊരു ചായക്കടയും സമാവറിന്റെ പാരമ്പര്യം കൈവിടാതെ കച്ചവടം തുടരുന്നു.
മറ്റൊരു മകൻ ചെട്ടിപ്പടി പ്രശാന്തിനടുത്ത് വർഷങ്ങളോളം ചായ കച്ചവടം നടത്തിയെങ്കിലും ഈയിടെ രംഗം വിട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.