ഷാർജ: ദൈദ് എക്സ്പോ സെന്ററിൽ വ്യാഴാഴ്ച ആരംഭിച്ച ആറാമത് ഈത്തപ്പഴോത്സവം കാണാൻ സന്ദർശകരുടെ തിരക്ക്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട നാലുദിവസത്തെ പരിപാടിയിൽ നൂറുകണക്കിന് കർഷകരാണ് വിവിധയിനം ഈത്തപ്പഴങ്ങളും മറ്റു ഉൽപന്നങ്ങളുമായി പങ്കെടുക്കുന്നത്.
അമ്പതിലേറെ ഇനം ഈത്തപ്പഴങ്ങൾ പ്രദർശനത്തിനുണ്ട്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ, ഈത്തപ്പഴ വ്യവസായത്തിലെ വിദഗ്ധർ, കാർഷിക ഉപകരണ നിർമാതാക്കളായ കമ്പനികൾ എന്നിവരും മേളക്കെത്തിയിട്ടുണ്ട്.തോട്ടമുടമകൾക്കും കർഷകർക്കുമായി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്കും നിരവധി പേരാണ് പങ്കെടുക്കുന്നത്. ആദ്യദിനത്തിലെയും രണ്ടാം ദിവസത്തെയും വിജയികൾക്ക് സമ്മാന വിതരണം നടത്തി.
നിരവധിപേർ ഇവിടെ പ്രദർശനത്തിനെത്തിയ കർഷകരിൽ നിന്ന് ഈത്തപ്പഴങ്ങൾ വാങ്ങുന്നുണ്ട്. ഈത്തപ്പഴ കർഷകർക്ക് ഏറെ സഹായകമായതും പ്രധാനപ്പെട്ടതുമാണ് മേളയെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കയാണെന്ന് പരിപാടിയുടെ അസി. ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് ശത്താഫ് പറഞ്ഞു. ഞായറാഴ്ച രാത്രി 10നാണ് മേളയുടെ സമാപന ചടങ്ങ് അരങ്ങേറുന്നത്. വിവിധ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് സമ്മാന വിതരണവും ചടങ്ങിൽ നടക്കും. ആയിരം ദിർഹം മുതൽ 25,000 ദിർഹം വരെയാണ് വിവിധ മത്സര വിജയികൾക്ക് സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.