ദോഹ: ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ മരുഭൂ മണ്ണിലെ ഈത്തപ്പഴങ്ങൾ പഴുത്ത് പാകമായിക്കഴിഞ്ഞു. ഇനിയുള്ള മാസങ്ങൾ മധുരമൂറുന്ന പലതരം ഈത്തപ്പഴങ്ങളുടെ ഉത്സവകാലം. ഈത്തപ്പഴ വിപണിയെ ഉണർത്തിക്കൊണ്ട് സീസണിലെ പ്രഥമ ഫെസ്റ്റിവലിനെ വരവേൽക്കാൻ സൂഖ് വാഖിഫ് ഒരുങ്ങി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ എട്ടാമത് സൂഖ് വാഖിഫ് ഈത്തപ്പഴ മേളക്ക് 27ാം തീയതി തുടക്കം കുറിക്കും.
ആഗസ്റ്റ് അഞ്ചുവരെ പത്തുദിവസം നീണ്ടുനിൽക്കുന്നതാണ് ഫെസ്റ്റ്. സൂഖ് വാഖിഫ് മാനേജ്മെന്റിന്റെ പങ്കാളിത്തത്തോടെ അൽ അഹമ്മദ് സ്ക്വയറിൽ നടക്കുന്ന മേളയിൽ ഇത്തവണ നൂറിലധികം പ്രാദേശിക ഫാമുകൾ പങ്കെടുക്കും. ഉച്ച മൂന്നുമണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് ഫെസ്റ്റിവലിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനം. സന്ദർശകത്തിരക്ക് കണക്കിലെടുത്ത് വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 മണിവരെ സന്ദർശകർക്ക് പ്രവേശനം നൽകും. ഖത്തറിന്റെ വിവിധ മേഖലകളിൽനിന്നുള്ള പ്രാദേശിക ഫാമുകളിൽ നിന്നായി വിളവെടുത്ത വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളുടെ ശേഖരങ്ങളുമായാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാരുള്ള അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽബർഹി, അൽറസീസി, അൽലുലു, നബ്ത് സെയ്ഫ്, അൽസഖായ് തുടങ്ങി രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഇരുപതിലധികം ഇനം ഈന്തപ്പഴങ്ങൾ ആവശ്യക്കാർക്ക് സ്വന്തമാക്കാവുന്നതാണ്. ഇതിനുപുറമെ, ഇൗത്തപ്പഴ അനുബന്ധ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ഫെസ്റ്റവിലിനോടനുബന്ധിച്ച് ഉണ്ടാവും. ഉണക്കിയ ഈത്തപ്പഴങ്ങൾ, ഈത്തപ്പഴ ജ്യൂസ്, സിറപ്പ് തുടങ്ങിയ വൈവിധ്യങ്ങളും ഒരുക്കുന്നുണ്ട്. ഈന്തപ്പനയോലകൾ കൊണ്ടു നിർമിച്ച അലങ്കാര വസ്തുക്കൾ, സഞ്ചികൾ, പാത്രങ്ങൾ തുടങ്ങിയ കരകൗശല ഉൽപന്നങ്ങളും പ്രദർശനത്തിന്റെ ഭാഗമായി കാഴ്ചക്കാരെ കാത്തിരിക്കുന്നുണ്ട്.
സന്ദർശകരായി പലനാടുകളിൽ നിന്നെത്തിയവർക്ക് പലനിറങ്ങളിലും രുചിവൈവിധ്യത്തിലുമുള്ള അപൂർവമായ ഈത്തപ്പഴങ്ങൾ കാണാനും വാങ്ങാനുമുള്ള അവസരം കൂടിയാണ് ഏറെ ശ്രദ്ധേയമായ സൂഖ് വാഖിഫ് ഫെസ്റ്റ്. നാട്ടിലേക്ക് കൊണ്ടുപോകാനും, അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനുമെല്ലാം ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ ഇവിടെ ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.
എല്ലാ വർഷവും ടൺകണക്കിനാണ് മേളയിൽ പ്രതിദിന വിൽപന നടക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഉൽപന്നങ്ങൾ ലഭിക്കുമെന്നതിനാൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ആവശ്യക്കാരും സൂഖ് വാഖിഫ് ഫെസ്റ്റിനായി എത്തുന്നത് പതിവാണ്. പ്രാദേശിക കർഷകർക്ക് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയം ഈത്തപ്പഴ ഫെസ്റ്റ് എല്ലാ വർഷങ്ങളിലുമായി സംഘടിപ്പിക്കുന്നത്.-
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.