ദുബൈ: തടവുകാരെ മര്യാദ പഠിപ്പിക്കാൻ മാത്രമല്ല, പാചകം പഠിപ്പിക്കാനും ഒരുങ്ങുകയാണ് ദുബൈ പൊലീസ്. ഇതിനായുള്ള പുതിയ സംരംഭത്തിന് ദുബൈ പൊലീസ് തുടക്കമിട്ടു. ജയിൽമോചനത്തിന് ശേഷം ജീവിതം കരുപ്പിടിപ്പിക്കാൻ തടവുപുള്ളികളെ പ്രാപ്തരാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. പാചകം പഠിച്ചാൽ സ്വന്തമായി സംരംഭം തുടങ്ങാനും റസ്റ്റാറന്റുകളിൽ ജോലിചെയ്യാനും തടവുകാർക്ക് സാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ദുബൈ പൊലീസിന്റെ കമ്യൂണിറ്റി ഹാപ്പിനസ് ഡിപ്പാർട്മെന്റ് നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ‘കുക്കിങ് ഇനീഷ്യേറ്റിവ് ഫോർ ഇൻമേറ്റ്സ് ഓഫ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ’ എന്ന സംരംഭമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏതാണ്ട് 30 പുരുഷ-വനിത തടവുകാർക്കാണ് ആദ്യ ഘട്ടം പാചകപരിശീലനം. ഓരോ രാജ്യക്കാർക്കും അനുയോജ്യമായ രീതിയിലായിരിക്കും പ്രത്യേക പരിശീലനം. ഇതിനായി വിവിധ പാചകക്കുറിപ്പുകൾ അടങ്ങിയ പുസ്തകവും പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാചകപരിശീലനത്തിനിടയിൽ തടവുകാർ മൂർച്ചയേറിയതും അപകടകരവുമായ ആയുധങ്ങൾ ഉപയോഗിക്കേണ്ടിവരുന്നതിനാൽ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പരിശീലനം നൽകുക. ആയുധം സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്നത് കൂടാതെ ആരോഗ്യം, സുരക്ഷ എന്നീ വിഷയങ്ങളിലും ഇവർക്ക് പ്രത്യേകം പരിശീലനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.