ദുബൈ: ജൂൺ മുതൽ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിൽ മാത്രമായിരിക്കും തങ്ങളുടെ വിമാനങ്ങളിൽ ഭക്ഷണം വിളമ്പുകയെന്ന് ദുബൈയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. പരിസ്ഥിതിസൗഹൃദ നടപടിയുടെ ഭാഗമായാണ് തീരുമാനം. വിമാനത്തിൽ ഒരുതവണ ഉപയോഗിച്ച പ്ലാസ്റ്റിക് ട്രേകൾ, ബൗളുകൾ, ചെറുകടികൾ വിതരണം ചെയ്യുന്ന പാത്രങ്ങൾ, കാസറോളുകൾ എന്നിവ ശേഖരിച്ച് പ്രാദേശികമായി റീസൈക്ലിങ് സ്ഥാപനങ്ങൾക്ക് നൽകും. ഇവിടെവെച്ച് ഇവ റീസൈക്കിൾ ചെയ്ത് പുതിയ പാത്രങ്ങൾ നിർമിക്കും. ശേഷം വീണ്ടും വിമാനങ്ങളിൽ ഉപയോഗിക്കാനാണ് തീരുമാനം.
‘പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കുക’ എന്ന പ്രമേയവുമായി ജൂൺ അഞ്ചിന് യു.എൻ ലോക പരിസ്ഥിതിദിനം പ്രമാണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനക്കമ്പനികൾക്ക് പ്ലാസ്റ്റിക് പാത്രങ്ങൾ ഉൾപ്പെടെ സർവിസ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഡസ്റ്റർ ജനറൽ ട്രേഡിങ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
റീസൈക്ലിങ് യൂനിറ്റുള്ള ഡസ്റ്റർ ജനറൽ ട്രേഡിങ് വിമാനങ്ങളിലെ പ്ലാസ്റ്റിക് പാത്രങ്ങൾ ശേഖരിച്ച് റീസൈക്ലിങ്ങിലൂടെ പുതിയവ നിർമിച്ച് വീണ്ടും വിതരണം ചെയ്യും. നിലവിൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ 25 ശതമാനവും സൈക്ലിങ് ചെയ്യാൻ കഴിയുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.