തൊടുപുഴ: സ്കൂളിലെ ഭക്ഷണം രുചികരവും കാര്യക്ഷമമാക്കുന്നതിനുമായി സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കുന്നു. പണ്ട് കഞ്ഞിയും പയറും മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ചോറിനൊപ്പം രണ്ടും മൂന്നും കറികളിലേക്കെത്തി. ഇതിനുള്ള പച്ചക്കറികളാകട്ടെ ഭൂരിഭാഗം സ്കൂളുകളും സ്വന്തം പച്ചക്കറിത്തോട്ടത്തിൽ തന്നെ വിളയിക്കുന്നതുമാണ്.
ജില്ലയിൽ 312 സ്കൂളുകളാണ് മികച്ച രീതിയിൽ പച്ചക്കറിത്തോട്ടമുള്ളത്. മറ്റ് സ്കൂളുകളിൽകൂടി പദ്ധതി വിപുലീകരിക്കുന്നതിനുള്ള നടപടിയാണ് ആവിഷ്കരിക്കുന്നത്. പച്ചക്കറിത്തോട്ടമുള്ള സ്കൂളുകളിൽ 75 ശതമാനത്തോളം കുട്ടികൾക്കാവശ്യമായവ തോട്ടത്തിൽനിന്ന് ലഭിക്കും. വിഷരഹിത പച്ചക്കറി കുട്ടികൾക്ക് നൽകാൻ കഴിയുമെന്നതാണ് പ്രത്യേകത. വിദ്യാഭ്യാസ വകുപ്പ് തോട്ടങ്ങളുള്ള സ്കൂളുകൾക്ക് ധനസഹായം നൽകുന്നതും പരിഗണനയിലാണ്.
ഉച്ചഭക്ഷണത്തോടൊപ്പം പല സ്കൂളുകളിലും കൂടുതൽ വിഭവങ്ങൾ നൽകുന്നുണ്ട്. അതിനെ ഏകോപിപ്പിച്ച് മെച്ചപ്പെട്ട രീതിയിലാക്കുകയാണ് ഉദ്ദേശിക്കുന്നത്. ജില്ലയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന 462 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 80,868 കുട്ടികൾ ഗുണഭോക്താക്കളാണ്. ഉച്ചഭക്ഷണമായി ചോറിന് പുറമെ രണ്ടുതരം കറികളും ആഴ്ചയിൽ രണ്ടുതവണ പാലും ഒരുതവണ മുട്ട അല്ലെങ്കിൽ നേന്ത്രപ്പഴവും നൽകുന്നു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത് പി.ടി.എ പ്രസിഡന്റ് ചെയർമാനായ ഹെഡ്മാസ്റ്റർ, വാർഡ്തല ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ അടങ്ങുന്ന സ്കൂൾതല ഉച്ചഭക്ഷണ കമ്മിറ്റിയാണ്. പഞ്ചായത്തുകളുടെ സഹകരണത്തോടെ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രഭാതഭക്ഷണവും നൽകുന്നു. ജില്ലയിൽ മൂന്നാർ, പീരുമേട്, ഇടുക്കി എന്നിവിടം ഉൾപ്പെടുന്ന 52 സ്കൂളുകളിലാണ് പ്രഭാതഭക്ഷണ പരിപാടിയുള്ളത്.
ആഘോഷം പങ്കിടാം കുട്ടികൾക്കൊപ്പം
ഉച്ചഭക്ഷണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി 'ഒരുമയോടെ ഒരു മനസായി' കാമ്പയിന് നവംബർ ഒന്നുമുതൽ ജില്ലയിൽ തുടക്കമാകും. രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൂർവ വിദ്യാർഥികൾ, ഇതര സുമനസ്സുകൾ എന്നിവരുടെ ജീവിതത്തിലെ ജന്മദിനം പോലുള്ള വിശേഷ അവസരങ്ങളിൽ ഈ സന്തോഷം കുട്ടികളുമായി പങ്കുവെക്കുന്നതിന് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സാധ്യമാകുംവിധം അധികവിഭവം നൽകുകയാണ് കാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
പലരും ആർഭാടത്തോടെ ചെയ്യുന്ന ആഘോഷപരിപാടികൾ സ്കൂളിലെ പദ്ധതിയുമായി ബന്ധപ്പെടുത്തി കൂട്ടായ്മയും ഐക്യവും പ്രകടിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതുവഴി സമൂഹത്തിന് കൂട്ടുത്തരവാദിത്തം പ്രകടമാക്കാനും ജനകീയത ഉയർത്തിപ്പിടിക്കാനും സഹായകമാകുന്ന തരത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.