നെന്മാറ: ആധുനികോത്തര ജീവിതത്തിൽ മലയാളി മറന്നു പോയ നാടൻ രുചികളെ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2015ൽ നെന്മാറ ടൗണിനടുത്തുള്ള മനങ്ങോട്ടുപാറയിൽ 10 വനിതകൾ ചേർന്ന് രൂപവത്കരിച്ച കൂട്ടായ്മയാണ് ഓം മുരുക കുടുംബശ്രീ യൂനിറ്റ്. നാടൻ മധുര പലഹാരങ്ങളുമുൾപ്പെടെ ഒരു ഡസനോളം ഉൽപന്നങ്ങളാണ് ഇവർ നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ ആവശ്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു പതിവെങ്കിലും ഡിമാന്റ് വർധിച്ചതോടെ പ്രാദേശിക വിപണന മേളകളിലും ഉൽപന്നങ്ങൾ ഇടം പിടിച്ചു. ഏഴു വർഷത്തിനിപ്പുറം മികച്ച ലാഭകണക്കുകൾ പറയുന്നത് ഇവരുടെ വിജയ കഥയാണ്. പഞ്ചായത്ത് തല പ്രദർശനമേളകളിലും ഇവരുടെ നാടൻ ഭക്ഷ്യ ഉൽപന്നങ്ങൾ മികച്ച വിറ്റുവരവു നേടി. സമീപ പഞ്ചായത്തുകളിൽ നിന്നു പോലും നാടൻ പലഹാരങ്ങൾക്ക് ഓർഡറുകൾ ലഭിക്കുകയാണെന്ന് യൂനിറ്റ് പ്രസിഡന്റ് പാർവതി ഭായ് പറഞ്ഞു.
തികച്ചും പരമ്പരാഗത രീതിയിലൂടെയും കൃത്രിമ രുചിക്കൂട്ടുകൾ ചേർക്കാതെയുമാണ് നാടൻ പലഹാരങ്ങൾ പാകപ്പെടുത്തുന്നത്. കൂട്ടായ്മയിലെ അംഗങ്ങൾ അവരവരുടെ വീടുകളിൽ തന്നെയാണ് സൗകര്യങ്ങൾ സജ്ജീകരിക്കുന്നത്. ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങാനും മറ്റുമായി ബാങ്ക് വായ്പയെടുക്കുകയും പിന്നീട് ഉൽപന്നങ്ങൾ വിറ്റു കിട്ടുന്ന ആദായത്തിൽനിന്ന് വായ്പ അടച്ചു തീരുകയുമാണ് ചെയ്യുന്നത്. കൃത്യമായ കണക്കുകളും വായ്പ തിരിച്ചടവും തുടർ വായ്പകളെടുക്കാൻ എളുപ്പമാക്കി. നേരിട്ടുള്ള വിപണനമായതിനാൽ വിറ്റുവരവിന്റെ ലാഭം അംഗങ്ങൾക്ക് വിഹിതമായി ലഭിക്കുന്നു. കൂടുതൽ ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമവും നടന്നു വരികയാണ്.
കോവിഡിനെ തുടർന്ന് പലയിടത്തും ഭക്ഷ്യ നിർമാണ യൂനിറ്റുകൾ പ്രതിസന്ധി നേരിട്ടപ്പോൾ ഇവർ തങ്ങളുടെ വീടുകളിൽ പ്രവർത്തന നിരതമായി കൊണ്ടാട്ടങ്ങളും മറ്റും നിർമിച്ച് നേരിട്ടു കടകളിലെത്തിച്ചാണ് അതിജീവിച്ചത്. കോവിഡ് കാലത്ത് യാത്രകൾക്ക് പ്രയാസങ്ങളേറെയുണ്ടായെങ്കിലും നാടൻ ഉൽപന്നങ്ങൾക്ക് ക്രമാതീതമായ ആവശ്യം ഉയരുകയായിരുന്നു. കോവിഡ് കാലത്ത് റെക്കോർഡ് വിറ്റുവരവാണ് നേടിയത്. മൊബൈൽ ഫോൺ വഴി അന്വേഷിച്ച് നേരിട്ടെത്തി ഉൽപന്നങ്ങൾ നിർമാണ സ്ഥലത്തുനിന്ന് കൊണ്ടുപോകുകയായിരുന്നു അന്ന്. പലഹാരനിർമാണത്തിൽ മേഖലയിലെ കൂടുതൽ യുവതികൾക്ക് പരിശീലനവും നൽകി.
സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷ്യ വസ്തുക്കൾ നിർമിക്കുന്നതെന്ന് അംഗമായ പാർവതി പറയുന്നു. വസ്ത്ര നിർമാണവും പരിശീലനവും ഇതു കൂടാതെ ഈ കുടുംബശ്രീ യൂനിറ്റിന് കീഴിൽ ഒരു ഡസൻ തയൽ മെഷീനുകൾ സജ്ജീകരിച്ച് വസ്ത്രനിർമാണവും നടക്കുന്നുണ്ട്. മേഖലയിലെ അനേകം യുവതികൾക്ക് പരിശീലനവും നൽകുന്നു. തയ്യൽ യൂനിറ്റ് വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.
കുടുംബശ്രീ യൂനിറ്റിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ തമിഴ്നാട്ടിലും എത്തുന്നുണ്ടെന്ന് കണക്കുകൾ. കോയമ്പത്തൂരിലേക്ക് ഇവിടെനിന്ന് പലഹാരങ്ങൾ അയക്കാറുണ്ട്. കൂടുതൽ ഓർഡറുകൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. അടുത്തയിടെ അന്യ ജില്ലകളിൽനിന്ന് ആവശ്യക്കാർ എത്തിച്ചേർന്ന് ഉൽപന്നങ്ങൾ വിൽപനക്കായി കൊണ്ടുപോകുന്നുണ്ട്.
വ്യത്യസ്തതയാർന്ന നാടൻ ഉൽപന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനും സ്വന്തമായി ട്രേഡ് മാർക്ക് നേടാനും പദ്ധതിയുണ്ട്. ദൂരസ്ഥലങ്ങളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കാനും ശ്രമങ്ങൾ നടത്തിവരുന്നു. വെബ്സൈറ്റ് രൂപവത്കരിക്കാനും ശ്രമമുണ്ട്. ത്രിതല പഞ്ചായത്തുമായി സഹകരിച്ച് കൂടുതൽ ക്രിയാത്മക ഇടപെടലുകൾ നടത്തും. ഉൽപന്ന വിപണനത്തിന് പുതിയ മാർഗങ്ങൾ തേടും. തയ്യൽ യൂനിറ്റ് വികസിപ്പിച്ച് ഓർഡറുകൾ സ്വീകരിച്ച് വസ്ത്രനിർമാണം ആരംഭിക്കും. ഇതിലൂടെ കൂടുതൽ വനിതകൾക്ക് തൊഴിൽ നൽകും. ഐ.ടി മേഖലയിൽ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുന്നതും ഭാവി പദ്ധതിയിലുൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.