മുക്കം: വിവിധ സേവന-ചികിത്സ സംവിധാനങ്ങൾ കോർത്തിണക്കി പാലിയേറ്റിവ് പാർക്ക് നിർമാണവും സ്ഥലമെടുപ്പും ലക്ഷ്യമിട്ട് ഗ്രെയ്സ് പാലിയേറ്റിവ് മൂന്നു ദിവസങ്ങളിലായി നടത്തുന്ന ബിരിയാണി ചലഞ്ചിന് തുടക്കമായി. മെഗാ ചലഞ്ച് ഇന്നാണ് നടക്കുന്നത്. പാചകവും വിതരണവും നടക്കുന്ന ചേന്ദമംഗലൂർ പുൽപറമ്പ് എൻ.സി. ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച രാത്രി മുതൽ ഉത്സവ പ്രതീതിയാണ്.
ആയിരത്തോളം സന്നദ്ധ പ്രവർത്തകർക്കു പുറമെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിയാളുകളാണ് സന്ദർശകരായെത്തിയത്. നേരം പുലരുവോളം പാചകം നടക്കുന്നതിനാൽ രാത്രി വൈകിയും സന്ദർശകർ എത്തിക്കൊണ്ടിരുന്നു. തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡലത്തിൽനിന്നും പാചക തൊഴിലാളികൾ സൗജന്യമായാണ് ഭക്ഷണമൊരുക്കുന്നത്. അയ്യായിരത്തിലധികം ബിരിയാണി ഇന്നലെ വിതരണം ചെയ്തു.
പ്രധാന ദിവസമായ ഇന്ന് മുപ്പതിനായിരത്തിലധികം പേർക്ക് മുക്കം നഗരസഭയിലും, സമീപത്തെ എട്ടോളം പഞ്ചായത്തുകളിലുമായി വിതരണം നടത്തും. രാവിലെ 8.30ന് വിതരണം തുടങ്ങും. ലഹരി വിമുക്തി കേന്ദ്രം, മാനസിക രോഗികൾക്കുള്ള ചികിത്സ, പുനരധിവാസ കേന്ദ്രം, വയോ ജനങ്ങൾക്കുള്ള ഡേ. കെയർ സെന്റർ എന്നിവ ഉൾക്കൊള്ളുന്ന ഗ്രെയ്സ് പാർക്ക് നിർമാണത്തിന്റെ ധനശേഖരണാർഥം നടത്തുന്ന ചലഞ്ചിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോട് ചേർന്ന് രണ്ടര ഏക്കർ സ്ഥലത്ത് ആറു കോടിയോളം ചെലവിലാണ് ഗ്രെയ്സ് പാർക്ക് സമുച്ചയം നിർമിക്കുന്നത്.
മുക്കം: ഇടക്കെപ്പഴോ മനസ്സിന്റെ താളംതെറ്റിയവരും ഭിന്നശേഷിക്കാരായി ഒറ്റപ്പെട്ടുപോയവരും പതിയെ ജീവിതത്തിലേക്ക് തിരിച്ചുകയറുന്നതിന്റെ പ്രതീകമായി ഒരു വിപണന കേന്ദ്രം. ഗ്രെയ്സ് ബിരിയാണി ചലഞ്ചിനായി ഭക്ഷണമൊരുക്കുന്ന എൻ.സി ഓഡിറ്റോറിയത്തിന് സമീപമാണ് വിവിധതരം അച്ചാറുകളും ഉപ്പിലിട്ടതും ക്ലീനിങ് സാധനങ്ങളുമായി ഭിന്നശേഷിക്കാർ സ്റ്റാളൊരുക്കിയിരിക്കുന്നത്. ഇവ നിർമിച്ചതും വിൽപന നടത്തുന്നതും ഭിന്നശേഷിക്കാർ തന്നെയാണ്.
മുഹമ്മദ് കക്കാട് ജനറൽ കൺവീനറും എം.പി. അബ്ദുസ്സലാം ഹാജി കൺവീനറുമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് സൈക്യാട്രി വിഭാഗത്തിലെ ഗുണഭോക്താക്കളാണിവർ. ഡേ കെയറിലെ 25 പേരുൾപ്പെടെ നൂറോളം രോഗികൾക്ക് ചികിത്സയും പരിചരണവും നൽകിവരുന്നുണ്ട്. മുപ്പതോളം വളന്റിയേഴ്സ് ഇവർക്കും കുടുംബത്തിനുമായി സേവന, പരിചരണ രംഗത്തുമുണ്ട്. ഡേ കെയറിൽ വരുന്നവർ പുനരധിവാസത്തിന്റെ ഭാഗമായി പേന, സോപ്പ്, ചോക്ക് എന്നിവയും നിർമിക്കുന്നതായി അധ്യാപകരായ ബുഷ്റ, സലീന, ശരീഫ, ബാനു, സജ്ന എന്നിവർ പറഞ്ഞു.
നിർമാണത്തിന് വളന്റിയർമാരായ അനസ്, ഉമ്മർ, അയ്യൂബ്, സി.കെ. മുഹമ്മദ്, ഷഫീഖ്, ഫാസിൽ, അഫ്നാൻ, കെ.സി. ജസീല, എം. ജസീല, സുനീറ, ആമിന, ലൈലാബി, നസി, സൈനബ, സുലൈഖ ബായ്, ആയിഷ എന്നിവർ സഹായികളാണ്. ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീനിൽനിന്ന് സാധനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ശ്യാം മുതലിയാർ, ഡോ. ആനി ശ്യാം എന്നിവർ ഡേ കെയർ ഉൽപന്നങ്ങളുടെ വിൽപന ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.