ദുബൈ: ലോകത്തിന്റെ നാലു ദിക്കിൽനിന്ന് രുചിവൈവിധ്യങ്ങളുമായി പ്രദർശകരെത്തുന്ന ആഗോള തലത്തിലെ ഏറ്റവും വലിയ ഭക്ഷ്യ, പാനീയമേളയായ ‘ഗൾഫുഡി’ന് തിങ്കളാഴ്ച തുടക്കമാകും. ദുബൈ വേൾഡ്ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന മേളയുടെ 28ാം പതിപ്പ് അഞ്ചുദിവസം നീണ്ടുനിൽക്കും.
കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനത്തിലധികം സ്റ്റാളുകളാണ് മേളയിൽ നിലവിൽ ബുക്ക് ചെയ്തിട്ടുള്ളത്. 1500 പുതിയ പ്രദർശകരടക്കം അയ്യായിരത്തിലേറെ സ്റ്റാളുകളാണ് ഒരുക്കുന്നത്. നവീന കാഴ്ചപ്പാടുകളുമായി എത്തുന്ന പ്രദർശകർക്ക് 10,000 സ്ക്വയർ മീറ്ററിൽ പ്രത്യേക സംവിധാനവും ഇത്തവണ ഗൾഫ് ഫുഡിൽ ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ മിക്ക ബ്രാൻഡുകളും എത്തിച്ചേരുന്ന മേളയിൽ ഇത്തവണ റെക്കോഡ് സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെ വിവിധ സംഭവവികാസങ്ങൾ പലരാജ്യങ്ങളിലും പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഭക്ഷ്യമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം മുന്നോട്ടുവെക്കുന്നതാവും മേളയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ ‘കോപ്-28’ന് ദുബൈ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ ഉൽപാദനത്തിലേക്കും ഉപഭോഗത്തിലേക്കും മാറുന്നതിനുള്ള കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെടും.
നിലവിലുള്ള ഭക്ഷ്യപ്രതിസന്ധി, കാലാവസ്ഥ ആഘാതങ്ങൾ, വർധിച്ചുവരുന്ന ഭക്ഷണച്ചെലവ് എന്നിവ കാരണമായി 2023 സുപ്രധാനമാണെന്നും ഗൾഫ് ഫുഡും യു.എ.ഇയും ഈ ചർച്ചകളുടെ കേന്ദ്രമാകുമെന്നും ദുബൈ വേൾഡ് ട്രേഡ് സെന്റർ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ട്രിക്സി ലോമിർമാൻഡ് പറഞ്ഞു.
കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ ഉൽപാദന, ഉപഭോഗസംസ്കാരത്തിലേക്ക് മാറുന്നതിന് ഭക്ഷ്യവ്യവസായ മേഖലയിലെ സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്ന ‘ഗൾഫുഡ് ഗ്രീൻ’, ലോകമെമ്പാടും മരങ്ങൾ സംരക്ഷിക്കുന്നതിനും നട്ടുവളർത്തുന്നതിനുമുള്ള ‘ഗൾഫുഡ് ഗ്ലോബൽ ഫോറസ്റ്റ്’, മന്ത്രിമാരും സംരംഭകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഇൻസ്പെയർ കോൺഫറൻസ് എന്നിവ ഇതിന്റെ ഭാഗമാണ്.
‘ദുബൈ വേൾഡ് ക്യുസിൻ’ എന്ന പേരിൽ ലോകത്തെ തനതായ ഭക്ഷണസംസ്കാരത്തെ പരിചയപ്പെടുത്തുന്ന പുതിയപരിപാടിയും മേളയോടനുബന്ധിച്ച് നടക്കും.
സിംഗപ്പൂരാണ് ഇത്തവണ ഈ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഭക്ഷ്യവ്യവസായത്തിലെ ഭാവികണ്ടുപിടുത്തങ്ങൾക്ക് വഴിയൊരുക്കുന്ന സാങ്കേതിക രംഗത്തെ പ്രവണതകളെക്കുറിച്ച് അറിയാൻ സഹായിക്കുന്ന ‘ഗൾഫുഡ് പ്ലസും’ ഏറെ ആകർഷിക്കപ്പെടുന്നതായിരിക്കും.
ദുബൈ: ഗൾഫുഡിനെത്തുന്നവർക്ക് സൗജന്യ ഷട്ടിൽ സർവിസ്, പാർക്കിങ് സൗകര്യമൊരുക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ വേൾഡ് ട്രേഡ് സെന്റർ ഏരിയയിൽ ലഭ്യമായ പാർക്കിങ് സൗകര്യവും ദുബൈ മാൾ സബീൽ എക്സ്പാൻഷൻ പാർക്കിങ്, അൽ വാസൽ ക്ലബിന് മുന്നിൽ പൊതു പാർക്കിങ്, അൽ കിഫാഫിലെ ബഹുനില പാർക്കിങ് എന്നിവയും സന്ദർശകർക്ക് ഉപയോഗിക്കാം. ഇവിടങ്ങളിൽനിന്ന് സന്ദർശകരെ എക്സിബിഷൻ വേദിയിലേക്ക് എത്തിക്കാനും തിരിച്ചെത്തിക്കാനും സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.