ദുബൈ: തേൻ ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സാംസ്കാരിക പാരമ്പര്യത്തെ പരിചയപ്പെടുത്തുന്നതിനും ദുബൈ മുനിസിപ്പാലിറ്റി ഒരുക്കുന്ന ‘ഹത്ത ഹണി ഫെസ്റ്റിവലി’ന്റെ ഏഴാം എഡിഷന് തുടക്കമായി. ഹത്ത ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇത്തവണ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 50ലേറെ കർഷകരാണ് വിവിധയിനം തേനും തേനുൽപന്നങ്ങളും പ്രദർശിപ്പിക്കുന്നത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് എട്ടുവരെയുള്ള പ്രദർശനം ഡിസംബർ 31വരെ നീണ്ടുനിൽക്കും.
ഹത്തയിലെ തേൻ ഉൽപാദന മേഖലയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ടുവരുന്നതാണ് ഹണി ഫെസ്റ്റിവലെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജൻസിയുടെ സി.ഇ.ഒ ആലിയ അൽ ഹർമൂദി പറഞ്ഞു. തേനിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ദുബൈ സെൻട്രൽ ലബോറട്ടറി(ഡി.സി.എൽ)യുടെ പ്രത്യേക ലാബ് സൗകര്യം ഫെസ്റ്റിവൽ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശകർക്കും തേൻ വാങ്ങുന്നവർക്കും ഇവിടെവെച്ച് തത്സമയ പരിശോധനകൾ നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും രാസപരിശോധന ഉപകരണങ്ങളും ഉപയോഗിച്ചാണ് തേൻ സാമ്പിളുകൾ അതിവേഗ മൂല്യനിർണയം നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
തേനിൽ അടങ്ങിയ ഷുഗർ, ഗ്ലൂക്കോസ്, ഫ്രക്ടോസ്, എൻസൈമുകൾ, അസിഡിറ്റി എന്നീ ഘടകങ്ങളുടെ അളവ് പരിശോധനയിൽ വേർതിരിച്ച് മനസ്സിലാക്കാനാകും. ഒാരോ പ്രദർശകർക്കും അവരുടെ തേനിന്റെ ഗുണനിലവാരം സംബന്ധിച്ച സർട്ടിഫിക്കറ്റ് അധികൃതർ നൽകുന്നുണ്ട്. ഫെസ്റ്റിവലിന്റെ ആദ്യദിവസമായ ചൊവ്വാഴ്ച നിരവധി വിനോദ സഞ്ചാരികളും സ്വദേശികളും ഫെസ്റ്റിവൽ കാണാനെത്തി.
ഹത്തയുടെ സമഗ്രമായ വികസനം ലക്ഷ്യംവെച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഫെസ്റ്റിവൽ ഒരുക്കിയത്. യു.എ.ഇയിലെ തേൻ ഉൽപാദനത്തിന്റെ കേന്ദ്രമെന്ന നിലയിലാണ് ഹത്തയിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.