രുചിഭേദങ്ങളുടെ ആറന്മുള സദ്യയുമായി പുത്തരിക്കണ്ടത്തെ 'ടേസ്റ്റ് ഓഫ് കേരള'

തിരുവനന്തപുരം: കാസര്‍ഗോട്ടെ ആപ്പിള്‍ പായസം മുതല്‍ ആറന്മുളയിലെ വള്ളസദ്യ വരെയുള്ള രുചിക്കൂട്ടൊരുക്കി പുത്തരിക്കണ്ടം മൈതാനത്തെ 'ടേസ്റ്റ് ഓഫ് കേരള' ഫുഡ് ഫെസ്റ്റ്. നാടന്‍ പലഹാരങ്ങള്‍ മുതല്‍ ചിക്കന്‍ മുസാബ ബിരിയാണി വരെ നീളുന്ന നൂറിലേറെ വിഭവങ്ങളാണ് ഇവിടെ തീന്‍മേശയില്‍ നിരക്കുന്നത്. കോഴി പൊരിച്ചത്, മുട്ടസുര്‍ക്ക, ചീപ്പ് അപ്പം, ചുക്കപ്പം കോമ്പോയുടെ 'ചിക്കന്‍ കേരളീയ'നാണ് ടേസ്റ്റ് ഓഫ് കേരളയിലെ വേറിട്ട വിഭവം; വില 150 രൂപയും.

കാഞ്ഞങ്ങാടുനിന്നുള്ള രാബിത്തയുടെ ഷിഫാ കാറ്ററിംഗിന്റെ ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്‌സ്, പാലട പായസത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലബാര്‍ സ്‌റ്റൈല്‍ മട്ടനും ചിക്കന്‍ പൊള്ളിച്ചതും വറുത്തരച്ച കോഴിക്കറിയും ഇവിടത്തെ പ്രത്യേകതയാണ്.

ബിരിയാണികള്‍ മാത്രമായി 'കോഴിക്കോടിന്റെ മുഹബത്ത്' സന്ദര്‍ശകരെ കാത്തിരിക്കുന്നു. ചിക്കന്‍ ലഗോണ്‍ ദം ബിരിയാണി, സ്‌പെഷ്യല്‍ ചിക്കന്‍ മുസാബ ബിരിയാണി, മട്ടന്‍ ബിരിയാണി, തലശ്ശേരി ദം ബിരിയാണി , അങ്ങനെ പലതരം ബിരിയാണികളുടെ കലവറയും ഒരുക്കിയിട്ടുണ്ട്.

പ്രസിദ്ധമായ ആറന്മുള സദ്യയുടെ രുചി അനന്തപുരിക്ക് പരിചയപ്പെടുത്തുകയാണ് ചോതി കാറ്ററേഴ്സ്. ഏത്തക്കാ ഉപ്പേരി, ചേന, ചേമ്പ് ഉപ്പേരികള്‍, അവിയല്‍, പഴം നുറുക്ക്, വെള്ളരിക്ക, ബീറ്റ്‌റൂട്ട് കിച്ചടികള്‍, അച്ചാറുകള്‍, സാമ്പാര്‍, പുളിശ്ശേരി തുടങ്ങി 50 കൂട്ടം വിഭവങ്ങളോടെയുള്ള സദ്യ വെറും 260 രൂപയ്ക്കാണ് ഇവിടെ വിളമ്പുന്നത്. സദ്യയുടെ പെരുമ ഇവിടെ തീരുന്നില്ല. മലമുകളില്‍ നിന്നുള്ള ഊട്ടുപുരക്കാര്‍ ഒരുക്കുന്നതാവട്ടെ, 55 വിഭവങ്ങളുള്ള രാജകീയ സദ്യയാണ്.

വമ്പന്‍ സദ്യകള്‍ക്കിടയില്‍ കേരളത്തിന്റെ തനത് ചമ്പാ, ഗോതമ്പ്, മരുന്ന് കഞ്ഞി വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മില്ലറ്റ് ഇനത്തില്‍ പെടുന്ന തിന ബിരിയാണി 60 രൂപയാണ് നിരക്ക്. തിന കഞ്ഞിയും പായസവും കൂവരക് പൊടിയും റാഗി ഔലോസ് പൊടിയും അടക്കം വിവിധ ചെറുധാന്യ ഉത്പ്പന്നങ്ങള്‍ക്കായും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന അച്ചാറുകള്‍, ആവിയില്‍ വേവിക്കുന്ന വിഭവങ്ങള്‍, ഉന്നക്കായ, ഇലാഞ്ചി, ചട്ടിപത്തിരി, ഇറാനിപോള, കിണ്ണത്തപ്പം തുടങ്ങിയ തനത് വിഭവങ്ങളുട ജനപ്രിയ വിഭവങ്ങളും അന്വേഷിച്ചെത്തുന്നവരെ കാത്തിരിക്കുന്നത്.

Tags:    
News Summary - 'Keraliya' is the special dish of Taste of Kerala; Price 150 rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.