മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് ജില്ലയില്‍ മികച്ച പ്രതികരണമെന്ന് വിലയിരുത്തൽ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുകളുള്ളത് ജില്ലയിലാണ്. മലപ്പുറം കുടുംബശ്രീ ജില്ല മിഷന് കീഴില്‍ 106 തദ്ദേശ സ്ഥാപനങ്ങളിലായി 139 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ കേരളത്തില്‍ 1198 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം ശരാശരി 30,000 ഉച്ചഭക്ഷണമാണ് ജനകീയ ഹോട്ടലുകള്‍ വഴി വിതരണം നടത്തുന്നത്. 20 രൂപക്കാണ് ഹോട്ടലുകൾ വഴി ഉച്ചഭക്ഷണം നൽകുന്നത്. ഒരു ഊണിന് 10 രൂപ സർക്കാർ സബ്സിഡി നൽകും. 556 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ ജില്ലയില്‍ മാത്രം സ്ഥിരവരുമാനവും ലഭിക്കുന്നുണ്ട്.
കേരള സര്‍ക്കാറിന്റെ 2020-21 ബജറ്റ് പ്രഖ്യാപനത്തിലെ വിശപ്പുരഹിതം പദ്ധതിയുടെ ഭാഗമായ കുടുംബശ്രീ പദ്ധതിയാണ് ജനകീയ ഹോട്ടലുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായാണ് സംരംഭത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.സിവില്‍ സപ്ലൈസ് വകുപ്പ് സബ്സിഡി നിരക്കില്‍ ഇത്തരം സംരംഭങ്ങൾക്ക് അരി ലഭ്യമാക്കുന്നുണ്ട്.
കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഒരു ഗ്രൂപ് സംരംഭമായി ജനകീയ ഹോട്ടല്‍ ആരംഭിക്കാവുന്നതാണ്. ഗ്രൂപ്പില്‍ കുറഞ്ഞത് മൂന്നും പരമാവധി പത്തുപേരുമാണ് ഉണ്ടായിരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.