തിരുവല്ല: അച്ചാറുകളുടെ വ്യത്യസ്ത രുചിക്കൂട്ടൊരുക്കി ഉണ്ണിയമ്മയും കൂട്ടൂകാരും. തിരുവല്ല നഗരസഭയിലെ 39 ാം വാർഡിലെ മുത്തൂർ കൃപ അയൽക്കൂട്ടത്തിലെ അംഗങ്ങളായ ലത സോമരാജനും വിമലയുമാണ് വ്യത്യസ്തങ്ങളായ 20ലധികം അച്ചാറുകൾ വിപണനം ചെയ്യുന്നത്.
നഗരസഭയിൽനിന്ന് ലഭിച്ച 40,000 രൂപ കൊണ്ട് ഒരുവർഷം മുമ്പ് ആരംഭിച്ച സംരംഭം ഇന്ന് മാസത്തിൽ 200കിലോയോളം വിവിധയിനം അച്ചാറുകൾ വിറ്റുപോകുന്ന തരത്തിലേക്ക് വളർന്നു. ഉണ്ണി അമ്മാസ് അച്ചാർ എന്നാണ് ബ്രാൻഡ് നെയിം. മാങ്ങ, നെല്ലിക്ക, നാരങ്ങ, കണ്ണിമാങ്ങ, വെളുത്തുള്ളി, ഇഞ്ചി, കാന്താരി, ഈന്തപ്പഴം, ബീഫ്, മീൻ തുടങ്ങി 20ൽപരം അച്ചാറുകളാണ് ഇവർ നിർമിക്കുന്നത്. ലതയുടെ വീട്ടിൽ ഒരുക്കിയ പ്രത്യേക അടുക്കളയിലാണ് പാചകം ചെയ്യുന്നത്. പത്തോളം കടകളിൽ ഇവരുടെ അച്ചാറുകൾ വിറ്റുപോകുന്നുണ്ട്.
നഗരസഭ വളപ്പിൽ മാസംതോറും നടക്കുന്ന വിപണനമേള വഴിയും വിൽക്കുന്നു. മുളകുപൊടിയും വിനാഗിരിയും അടക്കം സ്വന്തമായി വീട്ടിൽ തയാറാക്കുന്നു എന്നത് ഇവരുടെ പ്രത്യേകതയാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ വിദേശ മലയാളികൾ അവധികഴിഞ്ഞ് മടങ്ങുമ്പോൾ തങ്ങളുടെ അച്ചാറുകൾ വാങ്ങിക്കൊണ്ടുപോകാറുള്ളതായും ലത പറയുന്നു. അച്ചാർ വിൽപനയിൽനിന്ന് മാസത്തിൽ 20,000 രൂപയോളം ഇവർക്ക് വരുമാനം ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.