മസ്കത്ത്: ഒമാൻ മാർക്കറ്റുകളിൽ അടക്കിവാണിരുന്ന ഇന്ത്യൻ മാമ്പഴ സീസൺ അവസാനിക്കുന്നു. ഇന്ത്യൻ മാങ്ങകളായ ബദാമി, രാജാപൂരി, മൾഗോവ, അൽഫോൻസ, പിയൂർ, കേസർ, നീലൻ, മല്ലിക, റൊമാനി, ഹിമ പസന്ത്, മൂവാണ്ടൻ, കോളത്തറ തുടങ്ങിയ മാങ്ങകളായിരുന്നു ഇതു വരെ മാർക്കറ്റുകളിൽ സുലഭമായി ലഭിച്ചിരുന്നത്. ഇവക്കൊപ്പം യമൻ മാങ്ങകളായ കൽബത്തൂർ, തൈമൂർ, റൂമി, സിദ്ധ തുടങ്ങിയവയുടെയും സീസൺ അവസാനിക്കുകയാണ്. ഇന്ത്യൻ മാങ്ങകളിൽ രുചിയിലും ഗുണത്തിലും അൽഫോൻസയാണ് ഒന്നാമൻ. ബദാമിയാണ് ഗുണത്തിൽ തൊട്ടടുത്ത് നിൽക്കുന്നത്.
ഇന്ത്യൻ, യമൻ മാങ്ങകളുടെ സീസൺ അവസാനിക്കാനടുത്തതോടെ പാകിസ്താനിൽ നിന്നുള്ളവ വിപണിയിലെത്തിയിട്ടുണ്ട്. ഇതോടെ മാങ്ങകളുടെ വിലയും കുറഞ്ഞു തുടങ്ങി. പാകിസ്താൻ മാങ്ങകളായ സിന്ധരി, അൽമാസ് തുടങ്ങിയ നിരവധി ഇനങ്ങൾ ഇപ്പോൾ ലഭ്യമാണ്. പാകിസ്താൻ മാങ്ങകൾക്ക് രുചിയിലും ഗുണത്തിലും മികച്ചതും ഇന്ത്യൻ മാങ്ങകളെ അപേക്ഷിച്ച് വില കുറവുമാണ്. സിന്ധരിയാണ് പാകിസ്താൻ മാങ്ങകളിൽ മികച്ചത്. കൂടാതെ തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മാങ്ങയും വിപണിയിലുണ്ട്. പാകിസ്താൻ മാങ്ങകൾ വിപണിയിലെത്തുന്നതോടെയാണ് മാങ്ങ വിപണി കൂടുതൽ സജീവമാവുന്നത്. നിലവിൽ പാകിസ്താൻ മാങ്ങക്ക് കാർട്ടന് 2.400 റിയാലാണ് വില. കൂടുതൽ മാങ്ങകൾ എത്തുന്നതോടെ വിലയും കുറയും.
സാധാരണ പാകിസ്താൻ മാങ്ങ വിപണിയിലെത്തുന്നതോടെ ആദ്യകാലത്ത് വില കൂടുമെങ്കിലും പിന്നീട് വില വല്ലാതെ താഴാറുണ്ട്. മുൻകാലത്ത് ഒരു റിയാലിനും 1.200നുമൊക്കെ കാർട്ടൻ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ പാകിസ്താൻ മാങ്ങയുടെ വില വല്ലാതെ കുറഞ്ഞിട്ടില്ല. മാങ്ങ കൊണ്ടുവരാനുള്ള ഗതാഗത, കണ്ടെയ്നർ നിരക്കുകൾ വർധിച്ചതാണ് വില കുറയാത്തതെന്ന് സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. മുൻകാലങ്ങളിൽ ലോഞ്ചുകളിലായിരുന്നു മാങ്ങയും മറ്റും എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ കണ്ടെയ്നറുകളിലാണ് കൊണ്ടുവരുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കണ്ടെയ്നർ നിരക്കുകളും ചരക്കുഗതാഗത നിരക്കുകളും ആഗോളതലത്തിൽ ഉയർന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.