മറയൂർ: രുചിയിലും ഗുണമേന്മയിലും മുൻപന്തിയിൽ നിൽക്കുന്ന മറയൂർ ശർക്കരക്ക് ഇത് സുവർണ കാലം. ശർക്കര കിലോ 100 രൂപ കടന്നു. ഒറിജിനൽ മറയൂർ ശർക്കരക്ക് മറയൂർ കാന്തല്ലൂർ മേഖലയിലെ ഉൽപാദന കേന്ദ്രത്തിൽ 100 മുതൽ 140 രൂപവരെ വിലയായി ലഭിക്കുമ്പോൾ മൂന്നാറിലും മറ്റു വിനോദസഞ്ചാര മേഖലയിലും വിദേശത്തുമായി 200 മുതൽ 300 രൂപവരെയാണ് വില ലഭിക്കുന്നത്.
2019ൽ കേരള കാർഷിക സർവകലാശാല മറയൂർ ശർക്കര പഠനവിധേയമാക്കി ഭൗമസൂചിക പദവി നൽകിയിരുന്നു. എന്നാൽ, ഇതു മുതലാക്കി തമിഴ്നാട്ടിൽനിന്ന് വ്യാപകമായി വ്യാജ ശർക്കര എത്തിച്ച് മറയൂർ ശർക്കര എന്ന പേരിൽ വിറ്റഴിച്ചത് വിപണിയിൽ മറയൂർ ശർക്കരയുടെ ഇടിവിന് കാരണമായി.
ഇത് പ്രദേശത്തെ ശർക്കര നിർമാണത്തെ സാരമായി ബാധിക്കുകയും ചെയ്തു. മുമ്പ് 1500 ഹെക്ടറിൽ അധികം പ്രദേശത്താണ് കരിമ്പ് കൃഷി ചെയ്തിരുന്നത്. ഇപ്പോഴത് 300 ഹെക്ടറിൽ താഴ്ന്നു. മറയൂർ ശർക്കരക്ക് അർഹിക്കുന്ന വില ലഭിക്കാത്തതായിരുന്നു പ്രധാന കാരണം.
എന്നാൽ, നിലവിൽ മറയൂർ ശർക്കരയുടെ വില ഉയർന്നത് ശുഭസൂചനയാണ് കർഷകർക്ക് നൽക്കുന്നത്. പ്രദേശത്ത് എത്തുന്ന വ്യാജനെയും കൂടി സർക്കാർ ഇടപെട്ട് തടയാൻ കഴിഞ്ഞാൽ മറയൂർ ശർക്കരക്ക് സുവർണകാലമായിരിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.