റാ​ന്നി മാ​മു​ക്ക് അ​ന്തി​ച്ച​ന്ത​ക്ക്​ സ​മീ​പത്തെ ഏ​ത്ത​ക്ക വിപണി

ഉപ്പേരി കൈ പൊള്ളിക്കും

പത്തനംതിട്ട: ഉപ്പേരി ഇല്ലാതെ എന്ത് ഓണം. എന്നാൽ, ഇത്തവണ ഉപ്പേരി കൈപൊള്ളിക്കുക തന്നെ ചെയ്യും. നാടനും വയനാടനുമൊക്ക വലിയ ഡിമാൻഡാണ്. നാടൻകുലകൾ കിട്ടാനേയില്ല. കാട്ടുപന്നി ശല്യവും പ്രതികൂല കാലവസ്ഥയും നാട്ടിൻപുറങ്ങളിൽനിന്നുള്ള ഓണക്കുലകളെ ഇല്ലാതാക്കി.

ഉള്ളതിന് തീ വിലയുമാണ്. വയനാട്ടിൽ നിന്നുള്ള വാഴക്കുലകളെയാണ് പ്രധാനമായും ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ, ഇത്തവണ അവിടെയും കാലാവസ്ഥ ചതിച്ചതോടെ വരവ് കുറഞ്ഞിട്ടുണ്ട്.

മേ​ട്ടു​പ്പാ​ള​യം കു​ല​ക​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലും വി​പ​ണി​യി​ൽ. ഇതിനിടെ ജില്ലയിലെ ചന്തകളിലേക്ക് മറുനാടൻ ഏത്തക്കുലകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കായ് വറക്കാനുള്ള വെളിച്ചെണ്ണയുടെ വില കിലോക്ക് 163 രൂപയാണ്. സൺഫ്ലവറിലും പാമോയിലിലും വറക്കുന്ന ഉപ്പേരിയും വിൽപനക്കുണ്ട്.

ഓണവിഭവങ്ങളിൽ പ്രധാനമാണ് ഉപ്പേരിയും ശർക്കരവരട്ടിയും കളിയടക്കയും. നിലവിൽ നാടൻ ഏത്തക്കയുടെ വില കിലോക്ക് 75- 90 വരെയാണ്. വയനാടന് 48-55ഉം. വീണ്ടും വില ഉയരുമെന്ന ആശങ്കയുമുണ്ട്. ഉപ്പേരി കിലോക്ക് 360 മുതൽ 380 രൂപ വരെയാണ് വില.

ശർക്കരവരട്ടിക്കും 360 മുതൽ 380വരെ നൽകണം. കളിയടക്കക്ക് 280 രൂപയുമാണ്. ബേക്കറികളിലും കുടുംബശ്രീ യൂനിറ്റുകളിലും ഉപ്പേരി വിൽപന ആരംഭിച്ചിട്ടുണ്ട്. വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരിക്കാണ് കൂടുതൽ ആവശ്യമെന്ന് പത്തനംതിട്ടയിലെ 'നമ്പർ വൺ ചിപ്സ്' സെന്‍റർ ഉടമ സുജിത് സോമൻ പറഞ്ഞു. വരുംദിവസങ്ങളിൽ നല്ല കച്ചവടം പ്രതീക്ഷിക്കുന്നതായും സുജിത് പറഞ്ഞു. 

വകയാർ നാടൻ കായ്ക്ക് വൻ പ്രിയം

റാന്നി: കോന്നി വകയാറിൽനിന്ന് വരുന്ന നാടൻ ഏത്തക്കായ്ക്കാണ് വൻ ഡിമാൻഡ്. നാടൻ വാഴക്കുല തൊട്ട് വിവിധയിനം കുലകളാണ് വ്യാപാരികൾ ഇറക്കിയത്. വയനാട്, മേട്ടുപാളയം, മണർകാട്, വകയാർ എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഴക്കുലകളാണ് വിൽപനക്കുള്ളത്.

ഇത്തവണ ഏത്തക്കുലക്ക് റാന്നിയിൽ വലിയ വില കൂടിയിട്ടില്ലെന്ന്, 30 വർഷമായി റാന്നി മാമുക്ക് അന്തിച്ചന്തക്ക് സമീപം മൊത്തകുലക്കച്ചവടം നടത്തുന്ന പുന്നമൂട്ടിൽ അലി പറയുന്നു. ഇനം അനുസരിച്ച് 60 മുതൽ 70രൂപ വരെ വിലയുള്ളൂ. മഴയായതിനാൽ കഴിഞ്ഞയാഴ്ച കച്ചവടം അൽപം മടുപ്പായിരുന്നു.

എന്നാൽ, ഈ ആഴ്ച മോശമല്ലാത്ത കച്ചവടം വ്യാപാരികൾക്കുണ്ടായി. സൂപ്പർ മാർക്കറ്റുകൾ, ഓണവിപണികൾ, പഴക്കച്ചവടക്കാർ തുടങ്ങിയവർ ഓണക്കച്ചവടത്തിനായി വാഴക്കുലകളാണ് കൂടുതലും എത്തിച്ചിരിക്കുന്നത്. നാട്ടിൻപുറങ്ങളിൽ കനത്ത മഴ പെയ്തത് ഇത്തവണ കൃഷിയെ ബാധിച്ചു. കൂടാതെ പന്നിശല്യവും കർഷകർക്ക് വിനയായി.

ഏറ്റക്കുറച്ചിലിൽ വാഴക്കുല വിപണി

കോന്നി: ഓണസദ്യക്ക് മലയാളിയുടെ ഇലയിൽ ഒഴിച്ചുകൂടാനാകാത്ത ഉപ്പേരിക്കും ശർക്കരവരട്ടിക്കും ആവശ്യമായ ഏത്തവാഴക്കുലക്ക് വിപണിയിൽ വില ഏറിയും കുറഞ്ഞും നിൽക്കുന്നു.

എന്നാൽ, തിരുവോണം അടുക്കുമ്പോൾ വാഴക്കുല വിപണി മലയാളിയുടെ കൈ പൊള്ളിക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്. ആദ്യ നാളുകളിൽ കിലോ വില 100 രൂപക്ക് മുകളിലായിരുന്ന എത്തവാഴക്കുലക്ക് ഇപ്പോൾ 75 രൂപയാണ് വില. നിലവിലെ വില വരും ദിവസങ്ങളിൽ വർധിക്കുമെന്നും കച്ചവടക്കാർ പറയുന്നു.

രണ്ടാഴ്ചക്ക് മുമ്പ് നാടൻ കായക്ക് 72ഉം പാണ്ടിക്കുലക്ക് 60ഉം വയനാടൻ കുലക്ക് 52 രൂപയും വിലയുണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ കോവിഡും പ്രളയവും വാഴക്കുല വിപണയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ, പ്രതിസന്ധികൾ അയഞ്ഞതോടെ ഈവർഷം വാഴക്കുലകളുടെ കമ്പോളത്തിലേക്കുള്ള വരവ് വർധിച്ചിട്ടുണ്ട്.

സ്വാശ്രയ കർഷക വിപണയിലും തിരക്ക് വർധിച്ചിട്ടുണ്ട്. ബേക്കറികളിലും മറ്റും ഉപ്പേരിയും ശർക്കരവരട്ടിയും ഉണ്ടാക്കാൻ ഏത്തവാഴക്കുല വലിയ തോതിൽ വാങ്ങിപ്പോകുന്നവരും അനവധിയാണ്. വരുന്ന ഉത്രാട ദിവസങ്ങൾ വരെ ഏത്തവാഴക്കുലകൾക്ക് വലിയ പ്രാധാന്യമാണ് വിപണിയിൽ ലഭിക്കുക.

Tags:    
News Summary - Mettupalayam bunches are mostly in the market now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.