നിറമുള്ള സ്വപ്നങ്ങൾ തേടി കടൽ കടന്നവരാണ് പ്രവാസികൾ. കാതങ്ങൾ അകലെയാണെങ്കിലും കേരളത്തിന്റെ തനത് സംസ്കാരങ്ങളെയും പൈതൃകങ്ങളെയും നെഞ്ചോടുചേർത്താണ് ലോകത്തിന്റെ ഓരോ മുക്കും മൂലയിലും മലയാളികൾ കഴിയുന്നത്. ഒപ്പം തങ്ങളുടെ തനിമലയാളിത്തം ഇതര സമൂഹത്തിലേക്ക് കൈമാറുകയും ചെയ്തു. സുൽത്താനേറ്റിലുമുണ്ട് അത്തരം പച്ചപിടിച്ച കാഴ്ചകൾ. കേരളപ്പിറവിദിനം ആഘോഷിക്കുന്ന ഈ വേളയിൽ അത്തരം വിശേഷങ്ങളിലൂടെ ഒരു എത്തിനോട്ടം...
മസ്കത്ത്: പൊള്ളുന്ന ചൂടിലും മസ്കത്തിലെ വിവിധയിടങ്ങളിൽ പച്ചക്കറി വിളയിച്ചെടുക്കുകയാണ് ഒരുകൂട്ടം കർഷകർ. ‘മസ്കത്ത് കൃഷിക്കൂട്ടം’ എന്ന പേരിൽ തുടങ്ങി ഇന്ന് ഏകദേശം മൂവായിരത്തിലധികം അംഗങ്ങളുമായി മുന്നേറുന്നു മലയാളി കർഷകക്കൂട്ടം.
ഈ പൊള്ളുന്ന മണലാരണ്യത്തിൽ കൃഷി എന്ന ചോദ്യത്തിന് മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ അഡ്മിൻ കൂടിയായ സുരേഷ് ബാബു പറയുന്നതിങ്ങനെയാണ്. “ഇവിടെ വളർന്നുവരുന്ന ഞങ്ങളുടെ കുട്ടികൾക്ക് ഞങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചും നാട്ടിലെ കൃഷിയെക്കുറിച്ചും ഒന്നും അറിയില്ല, അവർക്കത് വെറും കഥകൾ മാത്രമാണ്. നാലു ചുമരുകൾക്കുള്ളിൽ നിന്നും അവരുടെ ലോകം വിശാലമാക്കണമെങ്കിൽ, കൃഷിയെക്കുറിച്ച് പഠിപ്പിക്കണമെങ്കിൽ കാണിച്ചുതന്നെ കൊടുക്കണം. അവർക്ക് കണ്ടുമനസ്സിലാക്കാനും കൃഷിയെക്കുറിച്ച് പഠിക്കാനുമൊക്കെയാണ് ഞങ്ങൾ വീടുകളിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. ഒപ്പം ഓരോ ചെടികളുടെയും വളർച്ച കാണുമ്പോൾ ഞങ്ങൾക്കു കിട്ടുന്ന മാനസിക സന്തോഷവും വളരെ വലുതാണ്.
വിളവെടുത്ത ഉൽപന്നങ്ങൾ
അങ്ങനെയാണ് വീടിന്റെ ടെറസിനു മുകളിലും വരാന്തകളിലുമൊക്കെ കൃഷി തുടങ്ങിയത്. ഇതേ ആശയമുള്ള ഒരുപാടുപേർ ചേർന്നപ്പോൾ നല്ലൊരു കൂട്ടമാവുകയായിരുന്നു. നാടൻ വളപ്രയോഗം തന്നെയാണ് ഇവിടത്തെ കൃഷിക്കും ഉപയോഗിക്കുന്നത്. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവയൊക്കെ നാട്ടിൽ നിന്ന് കൊണ്ടുവന്നും ഇവിടന്നുതന്നെ വാങ്ങിയും ഉപയോഗിക്കുന്നു’’.
അധ്യാപിക കൂടിയായ രഞ്ജിനി പ്രദീപ് പറയുന്നതിങ്ങനെയാണ്. ‘‘ കൃഷിക്കൊരുങ്ങുമ്പോൾ ഇവിടത്തെ മണ്ണായിരുന്നു പ്രധാന വില്ലൻ. മണ്ണിനെ കർഷകന്റെ രീതിയിലേക്ക് കൊണ്ടുവരുകയെന്നത് ശ്രമകരമായ ജോലിതന്നെ. എന്തുനട്ടാലും മുളക്കുന്ന രീതിയിലേക്ക് ഈ മണ്ണിനെ കൊണ്ടെത്തിച്ചത് മൂന്നുവർഷത്തെ ശ്രമകരമായ ജോലിയായിരുന്നു. ഇന്ന് ഇവിടെ എവിടെ കിളച്ചു നോക്കിയാലും മണ്ണിര കിട്ടും. വളക്കൂറുള്ള മണ്ണിലാണ്, കർഷകന്റെ കലപ്പ എന്നറിയപ്പെടുന്ന മണ്ണിര കാണപ്പെടുന്നത്”. ആലപ്പുഴക്കാരിയായ രഞ്ജിനി കർഷക കുടുംബത്തിൽനിന്നും പ്രവാസലോകത്തെത്തിയ ആളായതുകൊണ്ടുതന്നെ കൃഷിയെക്കുറിച്ചും വിളകളെക്കുറിച്ചും കൃത്യമായ ധാരണയും അറിവുമുണ്ട്.
വിത്തുകൾ പലവിധമുണ്ട്. മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകള്‍ ഇടുന്നത്. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റിമീറ്റര്‍ കനത്തില്‍ മണ്ണിട്ടുമൂടിയശേഷം നന്നായി നനക്കണം, തുള്ളി നനയാണ് നല്ലത്. രണ്ടുനേരം നനക്കുന്നത് എളുപ്പത്തില്‍ മുളക്കാന്‍ സഹായിക്കും. ഉറുമ്പുകളുടെ ആക്രമണത്തെ എപ്പോഴും ശ്രദ്ധിക്കണം. മുളച്ചു കഴിഞ്ഞാല്‍ പറിച്ചുമാറ്റി വേണ്ട അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12 മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്തുവെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കി അതിന് മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിവെക്കണം. പിന്നീട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ കല്ലുവെച്ച് തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും.
ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളിലോ മറ്റോ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ ചാക്കിലോ ചെടിച്ചട്ടിയിലോ നടാം’’. പുതുതായി കൃഷിക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുകൊണ്ടുതന്നെ രഞ്ജിനി തന്റെ കൃഷിപരിപാലനത്തിലേക്കിറങ്ങിയിരുന്നു.
മണ്ണുമുതൽ വെള്ളം വരെ വിലകൊടുത്ത് വാങ്ങിയാണ് ഓരോ കർഷകനും ഈ ഭൂമിയിൽ കൃഷിചെയ്യുന്നത്. കുറച്ചു കാശ് മുടക്കിയാലെന്താ, നാട്ടിലെ കുളിരുള്ള തണുപ്പിൽ നിന്നും ചൂടുള്ള പ്രവാസലോകത്തേക്ക് പറച്ചുനട്ടപ്പോൾ കൂടെകൂട്ടിയ ആ പച്ചപ്പ് ഇന്നും കൂടെത്തന്നെയില്ലേ എന്ന മലയാളി ചിരിയായിരുന്നു സുരേഷേട്ടനും രഞ്ജിനി ചേച്ചിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.