ഇടുക്കി: കുടുംബശ്രീ സംരംഭത്തിലൂടെ അധികവരുമാനം കണ്ടെത്തി വിജയം കൊയ്യുകയാണ് നെടുങ്കണ്ടം സ്വദേശിനിയായ ശ്യാമളയും ഒപ്പമുള്ള മൂന്നു വനിതകളും. ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്ട്സ് എന്ന കുടുംബശ്രീ സംരംഭത്തിലൂടെ ഉപജീവനമാര്‍ഗം വികസിപ്പിക്കുകയും സുസ്ഥിരമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണിവര്.
2004ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നിർദേശപ്രകാരം ഒഡിഷയിലെ ജഗന്നാഥപുരിയില്‍ നടന്ന സംരംഭകമേളയില്‍ പങ്കെടുത്തതാണ് പ്രചോദനം. അവിടെയുള്ള മറ്റ് സംരംഭകരില്‍നിന്ന് പുതിയ പലതും തനിക്ക് പഠിക്കാനായെന്നും ശ്യാമള പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള മേളകളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഭാഷ ഒരു വെല്ലുവിളിയാകുമെന്നത് പുറകോട്ട് വലിച്ചെങ്കിലും പഞ്ചായത്തിന്റെ പിന്തുണയും സഹകരണവും മേളയില്‍ പങ്കെടുക്കാനുള്ള ധൈര്യം നൽകി. മേളകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനമായിട്ടായിരുന്നു തുടക്കം.
സംരംഭം ആരംഭിക്കുമ്പോള്‍ ഗുണമേന്മയുള്ള മായം കലരാത്ത ഉൽപന്നങ്ങള് പൊതുജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പംനില്ക്കാന് സുധ ഉദയപ്പന്‍, സുശീല ശശീന്ദ്രന്, വിജിത ലിനു എന്നിവര്‍ കൂടിയായപ്പോള്‍ മുന്നോട്ടുപോകാന്‍ ഊര്‍ജവും ധൈര്യവുമായി. നാലു വിധവകളായ സ്ത്രീകള്‍ക്കുകൂടി സംരംഭത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു ഈ ഉദ്യമം. ഇടക്ക് ഒരാള്‍ കൊഴിഞ്ഞുപോയെങ്കിലും സംരംഭത്തെ നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു.
അച്ചാര്‍ നിർമാണത്തില്‍ ആരംഭിച്ച് സ്വന്തമായി വെളിച്ചെണ്ണയും കറിപ്പൊടികളും വിവിധതരം പലഹാരങ്ങള്‍, ഹെല്‍ത്ത് മിക്സ് തുടങ്ങി വിവിധയിനം പൊടിവര്‍ഗങ്ങളൊക്കെയുമായി അതിവേഗം ‘ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്’ എന്ന സംരംഭം വളര്‍ന്നു. സുതാര്യതയും വിശ്വസ്തതയും പുലര്‍ത്തി ചുരുങ്ങിയ കാലയളവില്‍ ഉൽപന്നങ്ങള് ജനപ്രിയമായി.
നെടുങ്കണ്ടം സി.ഡി.എസിന് കീഴിലാണ് ഈ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. 2010 മുതല്‍ ചെറിയതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് വീട്ടില്‍തന്നെ അച്ചാര്‍ ഉണ്ടാക്കി പാക്ക് ചെയ്ത് വിപണിയില്‍ എത്തിക്കുകയായിരുന്നു.
2020ല്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ലോണ്‍ ലഭ്യമായതോടെ യന്ത്രങ്ങള്‍ വാങ്ങി പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൂടുതല്‍ ഉൽപന്നങ്ങളും വിപണിയിലെത്തിച്ചു. കഴിഞ്ഞവര്‍ഷത്തെ ഓണം വിപണിക്കായി മാത്രം ഒരു ലക്ഷത്തിലധികം ശര്‍ക്കരവരട്ടി പാക്കറ്റുകളാണ് ഈ വനിതകള്‍ നിര്‍മിച്ചുനല്‍കിയത്.
ജില്ലയും സംസ്ഥാനവും കടന്ന് മറ്റ് സംസ്ഥാനങ്ങളിലും ശ്യാമളയുടെയും കൂട്ടരുടെയും രുചിപ്പെരുമ വളര്‍ന്നു. എല്ലാ വര്‍ഷവും ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ട്രേഡ് ഫെയര്‍ വിപണനമേളയില്‍ ഇവര്‍ പങ്കെടുക്കാറുണ്ട്. ‘ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്ട്’സിന്റെ ഉൽപന്നങ്ങള്ക്ക് മേളയില്‍ ആവശ്യക്കാരേറെയാണ്. സംരംഭത്തെ വളര്‍ത്തി കൂടുതല്‍പേര്‍ക്ക് ജോലിസാധ്യത നല്കാന് കഴിയുന്നവിധം വളരുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ വനിതകള്‍ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.