പ​ത്ത​നം​തി​ട്ട പ​ഴ​യ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഗു​രു​വാ​യൂ​ർ പ​പ്പ​ട നി​ർ​മാ​ണ കേ​ന്ദ്രം

തല്ല് വേണ്ട, പപ്പടം റെഡി

പത്തനംതിട്ട: തല്ലുണ്ടാക്കണ്ട, ഓണത്തിന് പൊടിപൊടിക്കാന്‍ പപ്പടം റെഡിയായിട്ടുണ്ട്. കൂട്ടത്തല്ലുകാരനെന്ന ദുഷ്പേര് ഓണത്തിന് മാറ്റാൻ തന്നെയാണ് പപ്പട നിർമാതാക്കൾ. ഹരിപ്പാട്ട് സദ്യക്ക് പപ്പടം കിട്ടാതെ വന്ന് തല്ലുണ്ടായി മൂന്നുപേർക്ക് പരിക്കേറ്റ സംഭവം വലിയ കൗതുക വാർത്തയായിരുന്നു.

ഓണാഘോഷങ്ങളിലേക്ക് നാടുണർന്നതോടെ സദ്യക്കുള്ള വിഭവങ്ങളും എല്ലായിടത്തും തയാറാകുകയാണ്. ഇതിൽ പപ്പടംതന്നെ കേമൻ. പപ്പടമില്ലാതെ ഓണസദ്യ ചിന്തിക്കാനാകില്ല. കുത്തരിച്ചോറും പരിപ്പും നെയ്യും ചേരുന്ന രുചിക്കൂട്ടിലേക്ക് പപ്പടവും കൂടി പൊടിച്ചുചേർത്ത് കഴിക്കുമ്പോഴുള്ള രുചി ഒന്ന് വേറെതന്നെയാണ്.

ഫാക്ടറികളിൽ ഉണ്ടാക്കുന്ന പപ്പടത്തെക്കാൾ എന്നും പ്രിയം നാടൻ പപ്പടത്തോടാണ്. തലമുറകളായി പപ്പട നിർമാണം നടത്തിവരുന്ന നിരവധി കുടുംബങ്ങൾ ഇന്നും ജില്ലയിലുണ്ട്. ചെറിയ പപ്പടം, വലിയ പപ്പടം, ഗുരുവായൂർ പപ്പടം, മുളക് പപ്പടം, കുരുമുളക് പപ്പടം, മസാല പപ്പടം തുടങ്ങി വിവിധ തരം പപ്പടങ്ങൾ വിപണി കീഴടക്കി കഴിഞ്ഞു.

ഓണം അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിര്‍മാണ യൂനിറ്റുകളില്‍ ദിവസവും കിലോക്കണക്കിന് ഉഴുന്നുമാവാണ് ഉപയോഗിക്കുന്നത്. പലവലുപ്പത്തില്‍ പപ്പടം എത്തുന്നുണ്ടെങ്കിലും പരമാവധി 10 സെന്റീമിറ്റര്‍വരെ വലുപ്പത്തില്‍ നിര്‍മിക്കുന്ന നാടന്‍ പപ്പടത്തിനാണ് ആവശ്യക്കാർ എറെ. ചില കുടുംബശ്രീ യൂനിറ്റുകളും പപ്പടം നിർമിക്കുന്നുണ്ട്.

കാലാവസ്ഥയിലെ മാറ്റവും ഉഴുന്നുമാവിന്‍റെ വില കുതിച്ചുയർന്നതും പപ്പടത്തിന്റെ വില വർധനക്കും ഇടയാക്കിയിട്ടുണ്ട്. പപ്പടമുണങ്ങാൻ നല്ല വെയിൽ വേണം. നിലവിലെ ഇടക്കിടക്കുള്ള മഴ പപ്പടം ഉണങ്ങുന്നതിനെ ബാധിക്കുന്നുണ്ട്.

ഉഴുന്നുമാവും കാരവും ഉപ്പും ചേർത്താണ് പപ്പട നിർമാണം. ആദ്യം ഇവ ചേർത്ത് മാവ് കുഴച്ചെടുക്കും. കുഴച്ചമാവ് ചെറിയ ഉരുളകളാക്കി, അരിമാവ് ചേർത്ത് ചപ്പാത്തിക്കെന്നപോലെ പരത്തിയെടുക്കും. വെയിലത്ത് ഉണക്കിയെടുക്കുന്നതോടെ പപ്പടം തയ്യാർ.

പപ്പടത്തിലും മത്സരം

വിപണിയില്‍ ഇന്ന് പപ്പടവ്യവസായത്തിന് കടുത്ത മത്സരമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പപ്പടം വിലക്കുറവില്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതുകൂടാതെ നിരവധി യൂനിറ്റുകളും ജില്ലയിലുണ്ട്. കൂടാതെ പല വലുപ്പത്തിലും പല രുചിക്കൂട്ടുകളും ചേര്‍ത്ത യന്ത്രനിര്‍മിത പപ്പടങ്ങളും വിപണിയിലെത്തുന്നുണ്ട്.

ഉഴുന്ന് വിലവർധന ബുദ്ധിമുട്ടാകുന്നു

പത്തനംതിട്ട: ഉഴുന്നിന്‍റെ വിലവർധന വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുന്നതായി പത്തനംതിട്ട പഴയ ബസ്സ്റ്റാൻഡിന് സമീപം 40 വർഷമായി പപ്പട നിർമാണ യൂനിറ്റ് നടത്തുന്ന ഗുരുവായൂർ സ്വദേശിയായ സുകുമാരൻ പറയുന്നു. 50 കിലോയുടെ ഒരു ചാക്ക് ഉഴുന്നിന് 5500 രൂപയാണ് വില.

അടുത്തിടെയാണ് വില ഇത്രയും വർധിച്ചത്. കാലാവസ്ഥ പ്രതികൂലമായാൽ വലിയ നഷ്ടമുണ്ടാകും. 50 എണ്ണമുള്ള ചെറിയ പപ്പടത്തിന് 60 രൂപയും ഇടത്തരം പപ്പടത്തിന് 70 രൂപയുമാണ് വില. ഒരു ദിവസം 3000 പപ്പടം നിർമിക്കാൽ കഴിയും.

ജില്ലയിൽ ധാരാളം നിർമാണ യൂനിറ്റുകൾ ഉള്ളതായും സുകുമാരൻ പറഞ്ഞു. ഗുരുവായൂർ സ്വദേശികളായ ധാരാളംപേർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ടയിലും സമീപ സ്ഥലങ്ങളിലുമുള്ള കടകളിലാണ് പപ്പടം വിൽക്കുന്നതെന്നും സുകുമാരൻ പറഞ്ഞു. 

Tags:    
News Summary - No need to beat-pappadam is ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.