മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഈത്തപ്പഴ ഉത്സവം ആളുകളുടെ മനം കവരുന്നു. ഈത്തപ്പഴ ഉൽപന്നങ്ങൾ, ഈത്തപ്പഴം, അവയുടെ വകഭേദങ്ങൾ എന്നിവയുടെ ഉൽപാദനത്തിലും വിൽപനയിലും ഏർപ്പെട്ടിരിക്കുന്ന നിക്ഷേപകരുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പങ്കാളിത്തം ഉൾപ്പെടെ 90 ബിസിനസുകാരാണ് മേളയിലുള്ളത്.
ഈത്തപ്പഴ ഉൽപാദനത്തിലും സംസ്കരണ മേഖലയിലും നിക്ഷേപം നടത്താൻ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം വർഷംതോറും പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, ഈത്തപ്പഴ ഉത്സവം വർഷത്തിൽ രണ്ടുതവണയെങ്കിലും നടത്തണമെന്നാണ് ചെറുകിട ഇടത്തരം സംരംഭകരും മറ്റും ആവശ്യപ്പെടുന്നത്.
ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളെ നേരിട്ട് കാണുന്നതിനുമുള്ള മികച്ച അവസരമാണ് ഈത്തപ്പഴ ഉത്സവമെന്ന് സഫ അൽ ബഹെർ ഡേറ്റ്സ് കമ്പനിയിൽനിന്നുള്ള ഖാലിദ് അൽ സദ്ജലി പറഞ്ഞു. ഈത്തപ്പഴ വ്യവസായത്തെ പിന്തുണക്കാൻ റമദാനിന് മുമ്പും ഒക്ടോബറിലുമായി വർഷത്തിൽ രണ്ടു തവണയെങ്കിലും ഈത്തപ്പഴമേള സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടിൽനിന്ന് തയാറാക്കിയ ഈത്തപ്പഴ ഉൽപന്നങ്ങളുമായാണ് കരം പാലസ് ട്രേഡിങ് കമ്പനിയുടെ ഹമീദ സെയ്ദ് അൽ എസ്റി മേളയിൽ പങ്കെടുക്കുന്നത്. ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനും ഉൽപാദനത്തിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് അറിയുന്നതിനും മറ്റ് ഈത്തപ്പഴ നിർമാതാക്കളുമായി അനുഭവങ്ങൾ കൈമാറുന്നതിനുള്ള അവസരമാണ് ഫെസ്റ്റിവലെന്ന് സുഹാറിലെ റെമറോസ് കമ്പനിയിൽ നിന്നുള്ള മുഹമ്മദ് അബ്ദുല്ല അൽ ഹംദി പറഞ്ഞു. അണ്ടിപ്പരിപ്പ് ഉപയോഗിച്ച് പത്തിലധികം ഈത്തപ്പഴ ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്, കൂടാതെ, ഓട്സും എള്ളും ഉപയോഗിച്ച് നിർമിച്ച രണ്ട് ഇനങ്ങൾക്ക് പേറ്റന്റ് നേടിയിട്ടുണ്ട്.
പ്രമേഹരോഗികൾക്കും കായികതാരങ്ങൾക്കും ഇവ വളരെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.