റിയാദ്: കേരളക്കരയുടെ രുചിപ്പെരുമയും മലയാളിമങ്കമാരുടെ കൈപ്പുണ്യവും അതിനൊപ്പം കല്ലുവും മാത്തുവും ഒത്തുചേരുകയും ചെയ്ത ലുലു പായസമത്സരം റിയാദ് എഡിഷൻ സമാപിച്ചു. പാവക്കയും പച്ചമുളകും മുതൽ പഞ്ചഫലപ്പായസം വരെ, അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളുടെ പായസമൊരുക്കിയാണ് മത്സരാർഥികൾ പോരിനിറങ്ങിയത്. 'ഗൾഫ് മാധ്യമം' ഫേസ്ബുക്ക് പേജിലൂടെ നടന്ന രജിസ്‌ട്രേഷന് നല്ല പ്രതികരണമാണ് ലഭിച്ചത്. മുന്നൂറോളം എൻട്രികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് അവസാന റൗണ്ടിലെത്തിയത്. അവർ ലുലുവിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ പായസം അലങ്കാരത്തോടെ പ്രദർശിപ്പിച്ചു.
മാത്തുവും കല്ലുവുമടങ്ങുന്ന ജഡ്ജിങ് പാനൽ നിശ്ചിത മാനദണ്ഡമനുസരിച്ചാണ് വിലയിരുത്തൽ നടത്തിയത്. രുചി, അവതരണം, ഇന്നൊവേഷൻ, ഹൈജീനിക് തുടങ്ങിയ മാനദണ്ഡങ്ങൾവെച്ചാണ് വിധിനിർണയം നടത്തിയത്. മത്സരം ഏറെ കടുത്തതും വൈവിധ്യമാർന്നതുമായിരുന്നുവെന്ന് കല്ലുവും മാത്തുവും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. പാലക് കൊണ്ടുള്ള പായസം തയാറാക്കിയ ചെന്നൈ സ്വദേശിനി സുഹ്‌റ
ആരിഫ് ഒന്നാം സ്ഥാനം നേടി. ഏത്തപ്പഴം, പൈനാപ്പിൾ, ഞാലിപ്പൂവൻ പഴം, ഈത്തപ്പഴം, മാതളനാരങ്ങ എന്നീ അഞ്ചു പഴങ്ങൾ ചേർത്തുണ്ടാക്കിയ ആലുവ സ്വദേശിനി ലിസ ജോജിയുടെ പഞ്ചഫലപ്പായസമാണ് രണ്ടാം സ്ഥാനം നേടിയത്. മൂന്നാം സ്ഥാനം നേടിയ ശഫാഹു റമീസ് ചെറിയ ഉള്ളി പായസമാണ് പരീക്ഷിച്ചത്. ചിക്കുവും ശർക്കരയും തേങ്ങാക്കൊത്തും ചേർത്ത തലശ്ശേരിയുടെ സ്വന്തം രുചി പകരുന്നതായിരുന്നു ഈ പായസം.
ശുമൈസി കിങ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ജിനു സോബിൻ പൈനാപ്പിൾ പ്രഥമൻ തയാറാക്കി നാലാം സ്ഥാനവും കരസ്ഥമാക്കി. ഓണസന്തോഷം പായസമേളയിലൂടെ ആഘോഷമാക്കാൻ കഴിഞ്ഞതിൽ എല്ലാവരും സന്തോഷം രേഖപ്പെടുത്തി.
മത്സരത്തിന്റെ സമാപന ചടങ്ങിൽ കല്ലുവും മാത്തുവും നർമസല്ലാപങ്ങളിലൂടെ പ്രേക്ഷകരുമായി സംവദിച്ചു. കുസൃതിച്ചോദ്യങ്ങൾ ചോദിച്ചും നാടിന്റെ ഗൃഹാതുരത പങ്കുവെച്ചും രണ്ടര മണിക്കൂർ 'മച്ചാൻ ഷോ' നീണ്ടുനിന്നു. രമ്യ, റഷീദ്, ഷർമി നിയാസ്, മുഹമ്മദാലി, ഫൈസൽ, വിദ്യ, ക്രിസ്റ്റീന, ജാസ്മിൻ, ഗീതു, ജെനിത, റിൻസ, ലിയ എന്നിവർ ഷോയുടെ ഭാഗമായി സമ്മാനങ്ങൾ നേടി.
ലുലു റീജനൽ മാനേജർ അബ്ദുൽ ജലീൽ, കമേഴ്‌സ്യൽ മാനേജർ ഷഫീഖ് റഹ്മാൻ, സെക്യൂരിറ്റി റീജനൽ മാനേജർ ഈദ് ബിൻ നാസർ, സെക്യൂരിറ്റി സൂപ്പർവൈസർ സാലിഹ് അൽ ഉനൈസി, മാർക്കറ്റിങ് മാനേജർ മുഹമ്മദ് സച്ചിൻ, മാൾ മാനേജർ ലാലു വർക്കി, ഗൾഫ്‌മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ എന്നിവർ പായസമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലു ജീവനക്കാരും 'ഗൾഫ് മാധ്യമം' റിയാദ് ബ്യൂറോ പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.