ആലപ്പുഴ: സർക്കാറിന്‍റെ സൗജന്യ ഓണക്കിറ്റിൽ ഇക്കുറിയും കുടുംബശ്രീയുടെ ശർക്കരവരട്ടി ഇടംപിടിച്ചു. കഴിഞ്ഞവർഷം കുടുംബശ്രീ പങ്കാളിത്തത്തോടെയുള്ള ഓണക്കിറ്റിൽ ശർക്കരവരട്ടിയും ഉപ്പേരിയും നൽകിയിരുന്നു. ഏത്തക്കയുടെ പൊള്ളുന്ന വിലക്കൊപ്പം വെളിച്ചെണ്ണയിൽ വറുത്തെടുക്കുമ്പോൾ ചെലവ് വർധിക്കുന്നതിനാൽ 'ഉപ്പേരി' ഒഴിവാക്കി.
അഞ്ചുലക്ഷം പാക്കറ്റ് ശർക്കരവരട്ടിയുടെ ഓർഡറാണ് ഇക്കുറി ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ ആദ്യഘട്ട കിറ്റ് വിതരണത്തിനുള്ള ശർക്കരവരട്ടി വിതരണവും പൂർത്തിയായി. ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര ഡിപ്പോകൾക്ക് കീഴിലുള്ള കുടുംബശ്രീ യൂനിറ്റുകളിലാണ് ശർക്കരവരട്ടി തയാറാക്കുന്നത്.
ആലപ്പുഴ ടൗണിലെ ജ്വാക് വേൾഡിൽ രണ്ടാഴ്ചയിലേറെ സമയമെടുത്ത് 46 കുടുംബശ്രീ വനിതകൾ 60,000 പാക്കറ്റ് തയാറാക്കി. 100ഗ്രാം വീതമാണ് ശർക്കരവരട്ടി നൽകുക. കുടുംബശ്രീ ജില്ല മിഷന് കീഴിൽ പ്രവർത്തിക്കുന്ന 41 കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് തയാറാക്കിയ ശർക്കരവരട്ടി ഏറ്റെടുത്താണ് സപ്ലൈകോക്ക് നൽകുന്നത്.
ഏത്തക്കയുടെ വില കൂടിയതിനാൽ മുൻവർഷത്തെ അപേക്ഷിച്ച് ചെലവ് കൂടുതലായിരുന്നു. കഴിഞ്ഞതവണ രണ്ടരലക്ഷം ഉപ്പേരി, ശർക്കരവരട്ടി പാക്കറ്റിനായിരുന്നു ഓർഡർ. ഇത് കൃത്യമായി വിതരണം ചെയ്‌തതിനാലാണ് ഇത്തവണ ഓർഡർ ഇരട്ടിയായത്. അതീവ സുരക്ഷയോടെ തയാറാക്കുന്ന ശർക്കരവരട്ടി സപ്ലൈകോ ഡിപ്പോകളിലേക്കാണ് നൽകുക.
അവിടെനിന്ന് കിറ്റുകളിൽ നിറച്ച് റേഷൻ കടകളിലേക്ക് എത്തും. കോവിഡ് കാലത്ത് കുടുംബശ്രീക്ക് നല്ല വിറ്റുവരവാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഉപ്പേരി, ശർക്കരവരട്ടി നൽകിയ ഇനത്തിൽ കുടുംബശ്രീ യൂനിറ്റുകൾക്ക് 84,50,798 രൂപയുടെ വിറ്റുവരവ് ലഭിച്ചു.
ഇപ്രാവശ്യം ഒരുകോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഓണക്കാലത്ത് മുൻവർഷങ്ങളിലെപ്പോലെ യൂനിറ്റുകൾക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതിക്ക് ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു, എ.ഡി.എം.സി എം.ജി. സുരേഷ്, ഡി.പി.എം സാഹിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.