കുട്ടേട്ടന്‍റെ ചായക്കിപ്പോഴും ഒരു രൂപ; 'വില കൂട്ടാൻ താൻ സർക്കാറല്ല'

കോഴിക്കോട്: കുട്ടേട്ടാ ചായക്കൊന്നും ഇനിയും വില കൂട്ടീല്ലേ...? ഞാനെന്താ സർക്കാറാണോ വില കൂട്ടാൻ. സർക്കാറിനെ ട്രോളി കുട്ടേട്ടന്റെ മറുപടി. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്ന കാലത്തും പാളയം മാരിയമ്മൻകോവിലിനടുത്ത് ഒരു രൂപക്ക് ചായ വിൽക്കുകയാണ് കുട്ടേട്ടൻ. 10 രൂപക്ക് കടിയും കട്ടൻ ചായയും കുടിക്കാമെന്നതാണ് ഇവിടത്തെ പ്രത്യേകത. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

40 വർഷത്തോളമായി ഒരു രൂപയുടെ ചായവിൽപന. മുട്ട പുഴുങ്ങിയത്, ഇലയട, പൊരിച്ച പത്തിരി, പരിപ്പുവട തുടങ്ങിയ കടികൾ കൂട്ടി ചായ കുടിക്കാൻ 10 രൂപ മതി കുട്ടേട്ടന്റെ ചായപ്പീടികയിൽ. കാലിക്കീശക്കാരാണെങ്കിൽ പിന്നെത്തന്നാ മതീന്ന് പറഞ്ഞ് കുട്ടേട്ടൻ തോളിൽ തട്ടിവിടും. തൊഴിലാളികൾ ഉൾപ്പെടെ സ്ഥിരം കസ്റ്റമേഴ്സാണിവിടെ ഏറെയും.

എന്തുകൊണ്ടാ വില കൂട്ടാത്തത്...? വേണ്ടാന്ന് വിചാരിച്ചിട്ടാണ് -കുട്ടേട്ടന്റെ മറുപടി. ഇത്രയും കാലം പിടിച്ചുനിന്നത് ഇങ്ങനെയൊക്കെ കച്ചോടം ചെയ്തിട്ടാണ്. കാര്യങ്ങളൊക്കെ അങ്ങനെ നടക്കും. വീട്ടിൽ ഭാര്യയും രണ്ട് പെൺകുട്ടികളുമാണുള്ളത്. മൂത്ത മകൾ ആതിര കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. രണ്ടാമത്തെ മകൾ ഭദ്ര ബയോമെഡിക്കൽ എൻജിനീയറിങ് പഠിച്ചു. അല്ലലില്ലാതെയാണ് ഇത്രയും കാലം കഴിഞ്ഞത്.

പക്ഷേ, കോവിഡ് കാലം അഞ്ചുലക്ഷത്തോളം രൂപയുടെ കടക്കാരനാക്കി. അതിന്റെ ഒരു അലട്ടലുണ്ട്. കോവിഡിനുമുമ്പ് ഹൃദയ ചികിത്സക്ക് കുറെ കാശ് ചെലവായി. കോവിഡ് കാലം വന്നതോടെ കട പൂട്ടിയിട്ടു. വയസ്സ് 80 ആയി. എത്ര കാലം ഇനി ഇങ്ങനെ കച്ചോടം നടത്താനാവുമെന്നറിയില്ല. പണ്ടത്തെ അത്ര ബിസിനസില്ല. കുറെ അധികം ചെയ്താലേ മെച്ചം കിട്ടൂ. ഇതൊന്നും മെച്ചത്തിന് വേണ്ടിയല്ല. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന നിലപാടാണ് പണ്ടേ.

ആരുടെയും മുന്നിൽ തല കുനിക്കാനൊന്നും പോവൂല്ല. ആരുടെയും കണ്ണുരുട്ടലും കാണാനുമാവൂല്ല. സ്വതന്ത്രനായി ജീവിക്കണം. വീട്ടിൽ നമ്മൾ ഭക്ഷണമുണ്ടാക്കുന്നതും മക്കൾക്കും ഭാര്യക്കുമൊക്കെ കൊടുക്കുന്നതും എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണോ. അതുപോലെ തന്നെയാണ് തനിക്കീ കച്ചവടം...കുട്ടേട്ടൻ നിലപാട് വ്യക്തമാക്കി. മണ്ണെണ്ണ സ്റ്റൗവിൽ സമാവർ വെച്ചാണ് ചായ ഉണ്ടാക്കുന്നത്. സത്യത്തിൽ 10 രൂപയുടെ പാക്കേജാണിവിടെ.

പുറത്ത് ഇതുപോലൊരു കടിയും ചായയും കുടിക്കാൻ 24 രൂപ ചുരുങ്ങിയത് വേണം. ഇലയടക്ക് 15 രൂപയാണ് പല ഹോട്ടലുകാരും ഈടാക്കുന്നത്. കട്ടൻ ചായ പത്തും പന്ത്രണ്ടും രൂപക്ക് വിൽക്കുന്നവരുണ്ട്. ഇവിടെ പക്ഷേ, ഒരു രൂപ കട്ടൻ ചായക്കും ഒമ്പതുരൂപ കടിക്കും എന്നാണ് കണക്ക്. ഇനി കട്ടൻ മാത്രം കുടിച്ചാലും കുട്ടേട്ടന് പരിഭവമില്ല... പൊതുപ്രവർത്തകനായിരുന്നു പണ്ട്. ചായക്കച്ചോടം പൊതു പ്രവർത്തനമാക്കി. 

Tags:    
News Summary - One rupee for the Kuttettan's tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.