രുചിയൂറുന്ന നാടന്‍ സര്‍ബത്തും മുളയരി പായസവും മുളയരി ഉണ്ണിയപ്പവും കൂടാതെ ഫലൂദ, അവല്‍ മില്‍ക്ക്, മുന്തിരി സോഡ, മധുരമസാല, മുട്ടപത്തിരി അങ്ങിനെ നീളുന്നതാണ് വയനാടൻ വിഭവങ്ങൾ. ഇവ കഴിക്കാൻ ഇപ്പോൾ വയനാട്ടിൽവരെ പോകേണ്ട. വയനാട്ടുകാരി വീട്ടമ്മ പത്തനംതിട്ടയിൽ ഇതെല്ലാം ഒരുക്കിവച്ചിരിക്കുന്നു. പത്തനംതിട്ട ചാത്തന്‍തറ തോട്ടുമുട്ടക്കല്‍ വീട്ടില്‍ ഇസ്മായിലിന്‍റെ ഭാര്യ വയനാട് വൈത്തിരി കല്‍പ്പറ്റ കുരിക്കല്‍ പറമ്പില്‍ രഹനയാണ് വയനാടൻ കലവറ ഒരുക്കിയിരിക്കുന്നത്.
ഓമല്ലൂര്‍ കൈപ്പട്ടൂര്‍ പണ്ടകശാലയിലെ വാടക കെട്ടിടത്തില്‍ വയനാടന്‍ സ്‌പെഷല്‍ ഭക്ഷണശാല നടത്തുന്നത്. ഒമ്പത് വര്‍ഷമായി കൈപ്പട്ടൂര്‍ പാലത്തിനരികില്‍ തട്ടുകട നടത്തുകയായിരുന്നു. ഒരു വര്‍ഷമായതേയുള്ളു പുതിയ കടയില്‍ ഭക്ഷണശാല വിപുലീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ട്. സ്‌പെഷല്‍ സര്‍ബത്ത്, കരിക്ക് സര്‍ബത്ത്, ഇറച്ചിപത്തിരി, ചട്ടിപത്തിരി, ഉന്നക്കായ, ചിക്കന്‍ സമൂസ, നെയ് ചോറും ചിക്കന്‍ കറിയും, പൊരിച്ച കോഴിയും ചപ്പാത്തിയും ഇങ്ങനെ വ്യത്യസ്ത വിഭവങ്ങള്‍ ഏറെയാണ് രഹ്നയുടെ കലവറയിൽ.
ശുചിത്വവും ഉപഭോക്താക്കളുടെ ആരോഗ്യം പരിപോഷിപ്പിക്കുന്ന വിധത്തിലും പാചകം ചെയ്താണ് ഇവിടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് രഹ്ന പറഞ്ഞു. കൃത്രിമ ചേരുവകളൊന്നുമില്ല. ഇവിടുത്തെ സര്‍ബത്തിന്‍റെയും ഉണ്ണിയപ്പത്തിന്‍റെയും രുചിയറിഞ്ഞവര്‍ വാഹനം നിര്‍ത്തി പാഴ്‌സല്‍ വാങ്ങാതെ പോകാറില്ല. തുടക്കത്തിലേ കച്ചവടം വന്‍ വിജയമായിരുന്നു. ഇസ്മായിലും തട്ടുകടയില്‍ ഒപ്പമുണ്ടായിരുന്നു. മൂന്ന് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുകയാണ്.
നാരങ്ങാനീര്, കരിക്ക്, നറുനീണ്ടി, ശതാവരികിഴങ്ങ്, കൂവപ്പൊടി, ഇഞ്ചി, ചുക്ക്, കുരുമുളക് എന്നിവ ഉപയോഗിച്ചാണ് സര്‍ബത്ത് തയാറാക്കുന്നത്. ഒരു ഗ്ലാസിന് 30 രൂപയാണ് വില. ഒരു ഗ്ലാസ് സര്‍ബത്ത് കുടിച്ചാല്‍ ക്ഷീണമെല്ലാം പമ്പകടക്കും. മുളയരി ഉണ്ണിയപ്പം തവിടെണ്ണയും സൂര്യകാന്തി എണ്ണയും ചേര്‍ത്താണ് ഉണ്ടാക്കുന്നതെന്ന് രഹന 'മാധ്യമ'ത്തോട് പറഞ്ഞു. കൊളസ്‌ട്രോളിന്‍റെ ഉപദ്രവം കുറക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. അഞ്ച് രൂപയാണ് ഉണ്ണിയപ്പത്തിന്‍റെ വില.
പ്രവാസികള്‍ നാട്ടില്‍ എത്തുമ്പോള്‍ രഹനയുടെ കട തേടിയെത്തി വയനാടന്‍ വിഭവങ്ങള്‍ വാങ്ങാറുണ്ട്. ദിവസേന 15 കിലോയുടെ വരെ മുളയരി ഉണ്ണിയപ്പം തയാറാക്കാറുണ്ട്. മുളയരി പായസത്തിന് 30 രൂപയാണ് വില. മുളയരി ഉപയോഗിച്ച് വിവിധ രുചികളില്‍ അടകളും തയാറാക്കുന്നുണ്ട്. ചേന പായസവും ഇവിടുത്തെ സ്‌പെഷലാണ്. മൂത്തമകന്‍ സജ്‌നുമല്‍ ചെന്നൈ അമൃത ഹോട്ടല്‍ മാനേജ്‌മെന്‍റ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി രഹനയോടൊപ്പം കടയില്‍ മേല്‍നോട്ടം വഹിക്കുന്നു. രണ്ടാമത്തെ മകന്‍ സജ്‌നാസ് ബിരുദ വിദ്യാര്‍ഥിയാണ്. ഇളയ മകള്‍ സഹദിയ തൃശൂര്‍ പെരുമ്പിലാവ് സുമര്‍ അക്കാദമിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസിലായതിനാല്‍ ബാക്കിയുള്ള സമയം ഇരുവരും രഹനയെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.