മുംബൈ: ചടുല നീക്കങ്ങൾ കാരണമാണ് രജനീകാന്ത് സ്റ്റൈൽ ലക്ഷക്കണക്കിന് ആരാധകർക്ക് പ്രിയപ്പെട്ടതായത്. അപ്പോൾ പിന്നെ ചടുല നീക്കങ്ങളിലൂടെ ഉണ്ടാക്കുന്ന ദോശക്ക് മറ്റെന്ത് പേരിടാൻ? സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഹിറ്റായ പറക്കും ദോശക്ക് പിന്നാലെ ആഹാരപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ് മുംബൈയിലെ രജനീകാന്ത് ദോശയെ.
വഴിയോര ഭക്ഷണശാലകളിലെ പാചകക്കാരുടെ സ്റ്റൈലുകൾ എന്നും വൈറലാണ്. ആ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരിക്കുകയാണ് മുംബൈ ദാദറിലെ രജനീകാന്ത് ദോശയും. മുത്തു അണ്ണ ദോശ സെന്‍ററിന്‍റെ ഉടമ മുത്തുവാണ് രജനീകാന്ത് സ്റ്റൈലിൽ ദോശ പാചകം ചെയ്യുന്നതും വിളമ്പുന്നതും. കടുത്ത രജനി ആരാധകൻ ആയ മുത്തു ദോശയ്ക്കുള്ള മാവ് പരത്തുന്നതും വെണ്ണയും പച്ചക്കറികളും മസാലയുമുള്‍പ്പെടെയുള്ളവ നിറയ്ക്കുന്നതുമൊക്കെ വളരെ വേഗത്തിലാണ്. ചുട്ട ശേഷം ദോശ മുറിച്ചെടുത്ത് പാത്രങ്ങളിലാക്കി ദോശക്കല്ലിലൂടെ തന്നെ തെന്നിച്ച് സഹായിയുടെ കൈകളിലെത്തിക്കുന്നതും തനി രജനി സ്റ്റൈലിൽ തന്നെ.
മസാല ദോശകള്‍ക്ക് പേരുകേട്ട മുത്തു അണ്ണ ദോശ സെന്‍റർ 30 വർഷം മുമ്പാണ് മുംബൈയിൽ ആരംഭിച്ചത്. രജനീകാന്ത് സ്റ്റൈൽ ദോശ പരിചയപ്പെടുത്തിയിരിക്കുന്നത് സ്ട്രീറ്റ് ഫുഡ് റെസിപീസ് എന്ന ഫേസ്ബുക് ഗ്രൂപ്പാണ്. 'മുംബൈയ്സ് ഫേയ്മസ് രജനീകാന്ത് സ്റ്റെൽ ദോശ' എന്ന തലക്കെട്ടിൽ ഇട്ടിരിക്കുന്ന വിഡിയോ ഇതിനകം 7.7 കോടിയിലേറെ പേരാണ് കണ്ടിരിക്കുന്നത്.
ഭക്ഷണത്തിന്‍റെ രുചി മാത്രമല്ല അത് വിളമ്പുന്നതിലെ ശൈലിയും ഭക്ഷണപ്രേമികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മുംബൈയിലെ തന്നെ 'പറക്കും ദോശ' അടുത്തിടെ വൈറലായിരുന്നു. ദക്ഷിണ മുംബൈയിലെ മംഗൾദാസ് മാർക്കറ്റിൽ മസാലദോശയുണ്ടാക്കുന്ന യുവാവ് വളരെ ചടുലമായി ദോശയുണ്ടാക്കുന്നതും ശേഷം അത് മൂന്ന് മടക്കാക്കി ചട്ടുകം കൊണ്ട് കുത്തി മുറിച്ച് രണ്ട് കഷണമാക്കിയ ശേഷം പിന്നിലേക്ക് വലിച്ചെറിയുന്നതാണ് വിഡിയോയിലുള്ളത്. ഇങ്ങനെ എറിയുന്ന ദോശ പിന്നിൽ നിൽക്കുന്ന സഹായിയുടെ പ്ലേറ്റിൽ കൃത്യമായി വീഴുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.