സുഹാർ: റമദാനിന്റെ ഭാഗമായി റസ്റ്റാറന്റുകളിലും കോഫിഷോപ്പുകളിലും ഒരുക്കിയ എണ്ണക്കടികൾക്ക് ആദ്യദിനത്തിൽതന്നെ ആവശ്യക്കാരേറി. നല്ല തിരക്കാണ് ഇത്തരം വിഭവങ്ങൾ വിൽക്കുന്ന കടകളിൽ അനുഭവപ്പെട്ടത്.
മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതിയോടെ കടയുടെ മുൻഭാഗത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് കച്ചവടം. നോമ്പുതുറ വിഭവങ്ങൾ പാർസൽ വാങ്ങി വീടുകളിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ഒന്നാം നോമ്പുകൊണ്ടുതന്നെ മനസ്സിലായതായി സഹമിൽ ഷാജിപ്പാടെ ചായക്കട നടത്തുന്ന സക്കീർ പറഞ്ഞു.
പോയകാലങ്ങളിൽ പക്കുവട, സമൂസ, പരിപ്പുവട, പഴംപൊരി, മുളകുബജി എന്നിങ്ങനെയുള്ള വിഭവങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് കേരളത്തിൽ പ്രചാരമുള്ള എല്ലാ കടികളും ലഭ്യമാണ്. കണ്ണൂർകടികൾക്കുള്ള പ്രചാരം കണക്കിലെടുത്ത് ഉന്നക്കായ, ചട്ടിപ്പത്തിരി, കുഞ്ഞിപ്പത്തിൽ, അട ഇറച്ചി, കൽമാസ്, കോഴിയട, മുട്ട പൊരിച്ചത്, പഴം നിറച്ചത് എന്നിങ്ങനെ വിവിധ തരം കടികൾ ഒരുക്കിയാണ് ഒന്നാം നോമ്പിനെ വരവേറ്റത്.
കൂടാതെ നൈസ് പത്തിരി, നെയ്പത്തൽ, ഒറോട്ടി, മുട്ട സിർക്ക, വെള്ളയപ്പം, ചപ്പാത്തി, ഗീ റൈസ്, മജ്ബൂസ്, ബിരിയാണി എന്നിങ്ങനെയുള്ള വിഭവങ്ങൾക്കും നല്ല ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് സുഹാറിലെ കോഴിക്കോടൻ മക്കാനി റസ്റ്റാറന്റ് നടത്തുന്ന റാഷിദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.