ഈരാറ്റുപേട്ട: റമദാനിലെ നോമ്പുതുറയിലും പെരുന്നാളിനും മറ്റാഘോഷവേളകൾക്കും വീടുകളിൽ പത്തിരി തന്നെയാണ് പ്രധാന വിഭവം. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ പുതിയ തലമുറയെ കീഴടക്കിയെങ്കിലും പത്തിരി ഇല്ലാതെ ഇഫ്താറുകളോ ആലോഷങ്ങളോ ഇല്ല. അൽപം പ്രയാസം സഹിച്ച് വീട്ടിൽ പാകം ചെയ്തിരുന്ന പത്തിരി, കടകളിലും റോഡ് വക്കിലെ വാഹനങ്ങളിൽ നിന്ന് വരെയും വാങ്ങാൻ ലഭിക്കും. റമദാനായതോടെ ഇതും വിപണിയിൽ ഇടംപിടിച്ചു. എന്നാൽ, മെഷീൻ നിർമിത നൈസ് പത്തിരിക്ക് വീട്ടിൽ പാകം ചെയ്യുന്ന നാടൻ പത്തിരിയുടെ രുചി ഇല്ലെന്നാണ് പഴമക്കാരുടെ വാദം. ഹോം ഡെലിവറിയിൽ ഓർഡർ നൽകിയാൽ ആവശ്യമുള്ള പത്തിരി വീട്ടിൽ എത്തും.
മുൻകാലങ്ങളിൽ പ്രത്യേകമായി നിർമിച്ച് തലമുറകളായി ഉപയോഗിച്ചുവരുന്ന പത്തിരി പലകകൾ ചില വീടുകളിൽ ഇന്നും ഉണ്ട്. മരപ്പലകയുടെ സ്ഥാനത്ത് പിന്നീട് പലതരം മോഡേൺ പലകകളും പത്തിരി പ്രസ്സും ഇടംപിടിച്ചു. എന്നാൽ, ഇപ്പോൾ വിപണിയിൽ മാറ്റത്തിന്റെ കാലമാണെന്ന് വ്യാപാരികൾ പറയുന്നു. കടപ്പ, മാർബിൾ, ഫൈബർ പ്രതലമുള്ള പത്തിരി പലകകൾക്ക് പകരം പഴയരീതിയിലുള്ള മരപ്പലകകൾതന്നെ ആവശ്യപ്പെട്ട് വരുന്നവർ ഏറെയാണ്. നേർമയും വലുപ്പവും, സ്വാദുമുള്ള പത്തിരി ഉണ്ടാക്കി എടുക്കുന്നതിന് മരപ്പലക തന്നെവേണം. പത്തിരിക്ക് പുറമേ ചപ്പാത്തിയും വേഗത്തിൽ പരത്താൻ മരപ്പലക വേണം.
നോമ്പുകാലമായതോടെ പലഹാരവിപണിയും സജീവമാണ്. ഉന്നക്കായ, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കട്ലെറ്റ്, സമൂസ, നെയ്പത്തിരി, മുളകുബജി, ഉഴുന്നുവട, ഉള്ളിവട തുടങ്ങി വിഭവങ്ങളാണ് നോമ്പുതുറക്കായി പലഹാരവിപണിയിലുള്ളത്. വഴിയോരങ്ങളിൽ വൈകുന്നേരം നോമ്പുതുറ വിഭവങ്ങളുടെ വിൽപന തകൃതിയിലാണ്. വിഭവങ്ങളുടെ വൈവിധ്യമനുസരിച്ച് ഒന്നിന് ഏഴ് രൂപ മുതൽ 15 രൂപ വരെയാണ് വില. നോമ്പ് തുറക്ക് ശേഷം രാത്രി നമസ്ക്കാരത്തിന് എത്തുന്നവർക്ക് ക്ഷീണമകറ്റാനുള്ള പലതരം മധുര പാനീയങ്ങളുടെ കടകളും പ്രവർത്തിക്കുന്നു. ചൂടുകാലമായതിനാൽ മധുരപാനീയ കടകളിൽ തിരക്ക് കൂടുതലാണ്. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് നോമ്പുതുറ വിഭവങ്ങൾക്ക് കച്ചവടം കൂടുതലാണ്. വലിയതോതിൽ ഇഫ്താർ വിരുന്നുകൾ ഈ വർഷം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.