ആലപ്പുഴ: അന്തർദേശീയ പെരുമ നേടിയ പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലി ഇതാദ്യമായി ആലപ്പുഴയിൽ എത്തുന്നു. കളപ്പുരയിലെ കെ.ടി.ഡി.സി റിപ്പിൾ ലാൻഡ് ഹോട്ടലിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഇഡ്ഡലി ഫെസ്റ്റിലാണ് പാലക്കാടിൻെറ രുചിപ്പെരുമ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് വന്ന മുതലിയാർ സമുദായത്തിൽപെട്ടവരാണ് പരമ്പരാഗത രീതിയിൽ രാമശ്ശേരി ഇഡ്ഡലി തയാറാക്കുന്നത്.
കേടുകൂടാതെ ഒരാഴ്ചവരെ സൂക്ഷിക്കാനാകുന്ന, വട്ടത്തിൽ ദോശപോലെ തോന്നിക്കുന്ന ഇഡ്ഡലിയുടെ നിർമാണം കൗതുകകരമാണ്. പാത്രത്തിനു മുകളിൽ തുണിവിരിച്ച് മുകളിൽ മാവ് വട്ടത്തിൽ ഒഴിച്ച് ആവിയിൽ േവവിക്കും. ഇഡ്ഡലി താഴേക്ക് പോകാതിരിക്കാൻ അടിയിൽ പ്രത്യേകമായി നൂൽ വലിച്ചുകെട്ടും. ഇതിൻെറ ചേരുവ രഹസ്യമാണ്. പലരും ശ്രമിച്ചെങ്കിലും ആ തനിമ കിട്ടിയിട്ടില്ല.
പൊള്ളാച്ചി ഹൈവേയിൽ പാലക്കാടുനിന്ന് 10 കിലോമീറ്റർ അകലെ രാമശ്ശേരി ഗ്രാമത്തിലേക്ക് വ്യത്യസ്തമായ ഇഡ്ഡലി തേടി ദൂരദേശങ്ങളിൽനിന്നുവരെ സഞ്ചാരികളും ഭക്ഷണപ്രിയരും എത്താറുണ്ട്. കണ്ണൂരിൽ നടത്തിയ ഫെസ്റ്റിവലിൻെറ വിജയമാണ് ആലപ്പുഴയിൽ നടത്താൻ കോർപറേഷനെ പ്രേരിപ്പിച്ചത്. രാമശ്ശേരിക്ക് പുറമെ സാമ്പാർ ഇഡ്ഡലി, എഗ്ഗ് ഇഡ്ഡലി, ചിക്കൻഇഡ്ഡലി, സീഫുഡ് ഇഡ്ഡലി, ചോക്ലറ്റ് ഇഡ്ഡലി തുടങ്ങിയ പ്രത്യേക ഇനങ്ങളും ആലപ്പുഴയിലുണ്ടാകും.
രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയായിരിക്കും മേള. പ്രത്യേക ചാർജ് നൽകിയാൽ പാർസലും ലഭ്യമാണ്. ബുക്ക് ചെയ്യേണ്ട നമ്പറുകൾ: 9400008691, 9400008692. ഇ-മെയിൽ: rippleland@ktdc.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.