വിപണിയിൽ ഇനി തേനൂറും മധുരമുള്ള റുത്താബുകളുടെയും മാമ്പഴങ്ങളുടെയും വിപണന കാലമാണ്. ഈത്തപ്പഴങ്ങൾ പഴുത്ത് തുടങ്ങിയതോടെ അൽഐൻ വിപണിയിൽ അവയുടെ വിപണനവും സജീവമായി. പകുതി പഴുപ്പെത്തിയ ഖലാസും പഴുത്ത് മൃദുലമായ റുത്താബുമാണ് വിപണിയിൽ എത്തിത്തുടങ്ങിയത്. സീസണിന്റെ തുടക്കത്തിൽ ഒമാനിൽനിന്നുമാണ് ഈത്തപ്പഴം എത്തുന്നത്. ഒമാൻ സ്വദേശികൾ അൽഐനിലെത്തി സ്വദേശികൾക്ക് നേരിട്ട് കൈമാറുകയാണ് പതിവ്. തുടക്കത്തിൽ ഒമാനികൾ മാത്രമാണ് റുത്താബുകൾ കച്ചവടം നടത്തുക. ആ സമയത്ത് ഒരു കിലോക്ക് 300 ദിർഹം മുതൽ 500 ദിർഹം വരെയാണ് വില.
ഇപ്പോൾ ഒരു കിലോക്ക് 100 ദിർഹമിനാണ് വിപണനം നടക്കുന്നത്. ഈ വർഷം ചൂട് കൂടാൻ വൈകിയതും ഒമാനിൽ ഇടക്കിടെ മഴ ലഭിക്കുന്നതും റുത്താബ് വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഒമാനിലെ തോട്ടങ്ങളിൽ നിന്ന് വരുന്ന നെഗാൾ, ചുവപ്പ് നിറമുള്ള ജെഷ്വ എന്നീ ഇനങ്ങളാണ് പ്രധാനമായും വിപണിയിൽ ലഭ്യമാകുന്നത്. അടുത്ത ആഴ്ചകളിലായി ഹിലാൽ, ലുലു തുടങ്ങിയ ഇനങ്ങളും വിപണിയിൽ എത്തും. സ്വദേശികൾ നേരിട്ടെത്തിയാണ് റുത്താബുകൾ വാങ്ങുന്നത്. നാട്ടിൽ പോകുന്ന മലയാളികളും കൊണ്ടുപോകുന്ന ഒരു പ്രധാന ഇനമാണ് ഇത്. പഴുത്ത് പാകമായ റുത്താബ് ഈത്തപ്പഴങ്ങൾക്ക് രുചിയും മധുരവും കൂടുതലാണ്. ഇവകൂടാതെ കിമ്രി എന്നപേരിലറിയപ്പെടുന്ന പഴുക്കാത്ത ഇനവും തമർ എന്ന പേരിലറിയപ്പെടുന്ന ഉണക്കിയ ഈന്തപ്പഴവും വിപണിയിൽ ലഭ്യമാണ്.
വിളവെടുപ്പ് വ്യാപകമാകുന്നതോടെ മാർക്കറ്റിലെ സ്ഥിരം ഈത്തപ്പഴ കച്ചവടക്കാരും റുത്താബ് കച്ചവടത്തിലേക്ക് തിരിയും. ചൂട് കൂടുന്നതോടെ അൽഐനിലെ തോട്ടങ്ങളിലും ഈത്തപ്പഴം പഴുത്ത് തുടങ്ങും. അതോടെ വില ഗണ്യമായി കുറയും. ഇവ വിപണിയിൽ ധാരാളമായി എത്തുന്നതോടെ കിലോക്ക് 10 ദിർഹം വരെയായി കുറയും. സ്വദേശികൾ മാർക്കറ്റിൽ നേരിട്ടെത്തിയാണ് റുത്താബ് വാങ്ങുക. ഈത്തപ്പഴം സീസണിൽ തന്നെയാണ് യു.എ.ഇയിലും ഒമാനിലും മാമ്പഴവും വിളവെടുപ്പ് നടത്തുന്നത്. റുത്താബുകൾക്കൊപ്പം വിൽപ്പനക്കെത്തുന്ന മറ്റൊരു പ്രധാന ഇനമാണ് മാമ്പഴം. ഒമാനിൽ നിന്നും യെമനിൽ നിന്നുമാണ് ഇപ്പോൾ പഴുത്ത മാമ്പഴം എത്തുന്നത്.
ഇന്ത്യൻ മാങ്ങകൾക്ക് പുറമേ പാകിസ്ഥാനിൽ നിന്നും ഏറെ രുചിയും മധുരവുമുള്ള മാങ്ങകൾ വിപണിയിൽ എത്തും. മധുരവും ഗുണങ്ങളും കൊണ്ട് സമ്പന്നമായ റുത്താബുകൾക്കും മാമ്പഴങ്ങൾക്കും ആവശ്യക്കാർ ഏറെയാണെന്നാണ് വർഷങ്ങളായി അൽ ഐൻ മാർക്കറ്റിൽ ഈത്തപ്പഴ കച്ചവടം നടത്തുന്ന പട്ടാമ്പി സ്വദേശി അക്ബർ അലി എന്ന മണി പട്ടാമ്പി പറഞ്ഞു. മലപ്പുറം സ്വദേശികളും ബംഗാളികളുമാണ് മാർക്കറ്റിൽ കൂടുതലായി കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ചപ്പോൾ കച്ചവടം കുറവാണെങ്കിലും മാർക്കറ്റിലെ പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും മധുരിക്കുന്ന ഓർമ്മകൾ പങ്കുവെക്കാനുണ്ട് ഓരോ കച്ചവടക്കാരനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.