ദുബൈ: കേരളപ്പിറവിയോടനുബന്ധിച്ച് നവംബര്‍ ഒന്നുമുതൽ ഷാർജ സഫാരിമാളിലെ ഫുഡ്കോര്ട്ടില് സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡിന്റെ തട്ടുകട ആരംഭിച്ചു. നടി സൗമ്യ മേനോന് ഉദ്ഘാടനം നിർവഹിച്ചു. സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് ഇ.പി. ജോണ്സണ്, ഷാജി പുഷ്പാങ്കതന്‍, ചാക്കോ ഊളക്കാടന്‍, തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധികളും സന്നിഹതരായിരുന്നു.
കഴിഞ്ഞവർഷങ്ങളിൽ സഫാരി ഒരുക്കിയ തട്ടുകട മേളകളുടെയും അച്ചായൻസ്, കുട്ടനാടൻ ഫെസ്റ്റിവലുകൾക്കും ലഭിച്ച വമ്പിച്ച സ്വീകാര്യതയിൽ ഏറെ സന്തോഷമുണ്ടെന്ന് സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. പഴയകാല പടന് ഭക്ഷ്യവിഭവങ്ങള്‍ എല്ലാം ഒരു കുടക്കീഴില് ഒരുക്കി സഫാരിയില്‍ വരുന്നവര്‍ക്ക് നാടിന്റെ പാശ്ചാത്തലത്തില്‍ ഭക്ഷണം ആസ്വദിക്കാനാവുന്ന ഒരു അനുഭൂതിയാണ് സഫാരിയിൽ തട്ടുകടയിലൂടെ ഒരുക്കിയിരിക്കുന്നത്.
ചായ, പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴംപൊരി, ഉള്ളിവട, സുഖിയന്‍, വെച്ചുകേക്ക് തുടങ്ങിയ പലഹാരങ്ങളും പോത്ത് വരട്ടിയത്, പോത്ത് കാന്താരിക്കറി, നാടൻ കോഴിക്കറി, കോഴി ഷാപ്പ്കറി, കോഴി കരൾ ഉലർത്ത്, മലബാർ കോഴി പൊരിച്ചത്, ആട്ടിൻ തലക്കറി, ആട്ടിറച്ചി സ്റ്റൂ, മീൻ വാഴയിലയിൽ പൊള്ളിച്ചത്, കപ്പയും ചാളക്കറിയും, കക്ക ഉലർത്ത്, ചെമ്മീൻകിഴി, മീൻപീര, കൂന്തള്‍ നിറച്ചത്, മുയൽ പെരളൽ, കൊത്തുപൊറോട്ട തുടങ്ങി നാവിൽ ഓർമകളുടെ രുചി വൈവിധ്യങ്ങളൊരുക്കി ഭക്ഷ്യവിഭവങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിരിക്കുന്നു.
പഴയകാലത്തെ പാസഞ്ചർ ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്, റെയില്‍വേ ഗേറ്റ്, സിനിമ പോസ്റ്ററുകൾ തുടങ്ങി കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുള്ള ഗ്രാമവഴികളെ അനുസ്മരിപ്പിക്കും വിധത്തിലൂടെയുള്ള രംഗസജ്ജീകരണങ്ങളോട് കൂടിയാണ് തട്ടുകട ഒരുക്കിയിരിക്കുന്നത്.
പഴയകാല റേഡിയോ ഗാനങ്ങള്‍ കേട്ടുകൊണ്ട് ട്രെയിനില്‍ ഇരുന്നുകൊണ്ട് തന്നെ തട്ടു കടയിലെ വിഭവങ്ങൾ ആസ്വദിച്ചുകഴിക്കാവുന്ന രീതിയിലാണ് പാസഞ്ചർ ട്രെയിന്‍ തയാറാക്കിയിരിക്കുന്നത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ സഫാരി ബേക്കറി ആൻഡ് ഹോട്ടൽ വിഭാഗത്തിലും തട്ടുകട വിഭവങ്ങള്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.