മലപ്പുറം: നോമ്പുതുറന്നാൽ പിന്നെ നാട്ടോരങ്ങളിൽ യുവാക്കളുടെ ബഹളമാണ്. പത-പതാന്ന് പൊന്തുന്ന സോഡ വിഭവങ്ങൾ അകത്താക്കാനുള്ള ഓട്ടത്തിലാണവർ. നേരത്തേ ഫുൾജാർ സോഡ ഉണ്ടാക്കിയ തരംഗം മറ്റുപല പേരുകളിലായി അരങ്ങ് തകർക്കുകയാണ്. പെട്ടിക്കട മുതൽ റമദാൻ ഒന്നിന് കെട്ടിപ്പൊക്കിയ കുറ്റിപ്പുരയിൽ വരെ കച്ചവടമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കേട്ടറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ഇപ്പോൾ രാത്രി സോഡ കുടിക്കാനും മസാലയിട്ട മാങ്ങയടക്കം തിന്നാനും നാട് ചുറ്റുന്നുണ്ട്.
നോമ്പെടുത്തതിന്റെ ക്ഷീണം മാറ്റാനാണ് ഇതൊക്കെ എന്നാണ് യൂത്തന്മാരുടെ മറുപടി. എന്നാൽ, കുടിക്കുംമുമ്പ് ഇതിൽ ഉപയോഗിച്ചതെന്താണെന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗർഭം കലക്കി മുതൽ പുറംമാന്തി വരെ വിവിധ പേരുകളിൽ വിഭവങ്ങൾ നിരത്തുന്നുണ്ട്. വണ്ടൂർ, തിരൂരങ്ങാടി, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി തുടങ്ങി ജില്ലയുടെ പ്രധാന നഗരങ്ങളിലും ഗ്രാമീണയോരങ്ങളിലും ചെറുസംഘങ്ങളായും റോഡരികിലേക്ക് ഇറക്കികെട്ടിയ ഷെഡുകളിലായും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. 10 മുതൽ 50 വരെയാണ് പലതിന്റേയും വില. ചിലയിടങ്ങളിൽ അതിന് മുകളിലുമുണ്ട്.
വ്യത്യസ്ത പേരുകളാണ് ഇവയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. പുറംമാന്തി, മഞ്ചാടി, ഗർഭംകലക്കി, സുനാമി, മോര്, നന്നാരി, കിയവ് എന്നിങ്ങനെ പോകുന്നു ഓരോ വറൈറ്റി സോഡകൾ. റമദാൻ കാലത്താണ് ഇത്തരം സാധനങ്ങൾക്ക് ഡിമാെൻഡന്നും റമദാൻ അവസാനമാവുമ്പോഴേക്കും തിരക്ക് വർധിക്കുമെന്നും കച്ചവടക്കാർ പറയുന്നു. സോഡയിലേക്കും ഉപ്പിലിട്ടതിലേക്കുമുള്ള ചേരുവകളായ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, ഇരട്ടിമധുരം എന്നിവ ഇടിച്ചുപിഴിഞ്ഞ് പേസ്റ്റ് രൂപത്തിലാക്കിയാണ് ചേർക്കുന്നത്.
വണ്ടൂർ കൂരിക്കുണ്ടിൽ നോമ്പ് തുറക്കുശേഷം റോഡരികിൽ ആളുകൾ കൂടിനിൽക്കുന്നത് കണ്ട് എന്താണെന്ന് നോക്കിയപ്പോഴാണ് സംഗതി മനസ്സിലായത്. ഡ്രൈ ഐസ് നിറച്ച മൺചട്ടിയിലേക്ക് വെള്ളമൊഴിക്കുന്നു. അതോടെ ചട്ടി നിറയെ പുക. ഈ മൺചട്ടിയിലേക്ക് ഗ്ലാസ് വെച്ച് മസാലകൂട്ടുകളോടൊപ്പം സോഡ ഒഴിച്ച് കൊടുക്കുന്നു. ഇതിന്റെ പേര് കേട്ടപ്പോൾ ആശ്ചര്യമായി -രോമാഞ്ചം. കുടിച്ചാൽ ശരിക്കും രോമാഞ്ചം വരുമെന്ന് കൂടിനിന്നവർ പറയുന്നതും കേട്ടു. 40 രൂപയാണ് വിലയെങ്കിലും ആവശ്യക്കാർ ഏറെ. ഇതുപോലെ ‘ആത്മാവേ പോ’ എന്ന പേരിലുമുണ്ട് െവറൈറ്റികൾ.
വിവിധയിനം മസാല മാങ്ങകളുമുണ്ട് ഇത്തരം കടകളിൽ. മാങ്ങ കുരുമുളകിലിട്ടത്, ചെമ്മീനിലിട്ടത്, ഉപ്പിലിട്ടത്, കാന്തരിയിട്ടത്, പുളിമാങ്ങ അങ്ങനെയങ്ങനെ...അമിതഅളവിൽ എരിവുള്ളതാണ് ഇവയൊക്കെ. അതുകൊണ്ടുതന്നെ വയറുസംബന്ധമായ അസുഖം പിടിപെടാൻ ഹേതുവാണെന്ന് ആരോഗ്യ നിരീക്ഷകർ പറയുന്നു. എരിവും പുളിയും മധുരവും നിറച്ച ചുരണ്ടി ഐസും ഇതിനൊപ്പമുണ്ട്. പുറമെ പണ്ടത്തെ ഫുൾജാർ സോഡയും ജീരക സോഡയും നാരങ്ങ സോഡയും സർബത്തും അവിൽമിൽക്കുമുണ്ട്.
സോഡ എന്ന് പറയുന്ന കാർബൺ ഡയോക്സൈഡ് വാതകം കലക്കിയ വെള്ളം അഥവാ കാർബോണിക് ആസിഡ് ആരോഗ്യത്തിന് നല്ലതാണോ എന്ന ചോദ്യത്തിന് പലർക്കും ഉത്തരമില്ല. പിന്നെ എന്തിന് കുടിക്കുന്നു എന്ന് ചോദിച്ചാൽ ‘ഒരു വൈബ്’ അതാണുത്തരം. ദഹനം സുഗമമാക്കാൻ എന്നും ഗ്യാസ് കളയാൻ എന്നും പറഞ്ഞ് സോഡ കുടിക്കുമ്പോൾ തികട്ടി വരുന്നത് ദഹനവ്യൂഹത്തിലെ ഗ്യാസാവണമെന്നില്ല.
സോഡയിൽ അടിച്ചുകയറ്റിയ ഗ്യാസുമാകാം. സ്ഥിരമായി കുടിച്ചാൽ വായിലെ പല്ല് മുതൽ സകല അവയവങ്ങളെയും ബാധിച്ചേക്കാം. പകൽ നോമ്പെടുത്ത് വൈകീട്ട് സോഡയും എരിവുള്ള സാധനങ്ങളും അടിച്ചുകയറ്റി വയറുകേടായി പണികിട്ടിയവർ ഒരുപാട് പേരുണ്ട്. ഫിൽറ്ററിൽ നിന്നെടുത്ത വെള്ളത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ സോഡാ മേക്കറിൽനിന്ന് സോഡയുണ്ടാക്കിയോ കുടിക്കുന്നതാവും നല്ലത്.
കടുത്തവേനലും നോമ്പും അതോടൊപ്പം പകർച്ചവ്യാധിയും പടരുന്നതിനാൽ തന്നെ ഇത്തരം ഭക്ഷണ-പാനീയങ്ങൾ ഒഴിവാക്കണം.യുവാക്കളും കുട്ടികളുമാണ് കൂടുതലായി കഴിക്കുന്നത്. നോമ്പുതുറന്ന പാടെ കഴിക്കുന്നതിനാൽ തന്നെ പലവിധ ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാം. അനധികൃത കച്ചവടക്കാർക്കെതിരെയും പഴകിയതും കേടുവന്നതുമായതുമായ ഭക്ഷ്യപദാർഥങ്ങൾ വിൽക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ ആരോഗ്യവകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. വെള്ളം കൂടുതൽ കുടിക്കാനും പഴവർഗങ്ങളും പച്ചക്കറികളും പോഷകാഹാരവും എല്ലാവരും ശീലിക്കണം.എരിവുള്ളതും അമിത മസാലയിട്ടതുമായ ഭക്ഷണം ഒഴിവാക്കണം. നോമ്പിനോടനുബന്ധിച്ച് ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പാലിക്കണം.
നോമ്പിന്റെ ആരംഭത്തിൽതന്നെ ഇത്തരം കടകളെക്കുറിച്ചും അവിടെയുണ്ടാക്കുന്ന ഭക്ഷണ-പാനീയങ്ങളെക്കുറിച്ചും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃത കച്ചവടക്കാർക്കെതിരെ പരാതി ലഭിക്കുന്ന മുറക്ക് നടപടി സ്വീകരിക്കും. ജില്ലയുടെ പലഭാഗങ്ങളിൽനിന്നും ഇത്തരം കടകൾക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോളുകൾ വരുന്നുണ്ട്.
നേരത്തേ പല വസ്തുക്കളുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയച്ചിരുന്നു. നിലവിൽ അപകടസൂചനകൾ ലഭിച്ചിട്ടില്ല. നോമ്പ് കാലത്ത് ആളുകൾ ഇത്തരം ഭക്ഷണപാനീയങ്ങൾ ഒഴിവാക്കണമെന്നാണ് നിർദേശം. നല്ല വെള്ളവും പഴങ്ങളും പോഷക സമ്പുഷ്ടമായ ആഹാരവും ശീലമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.