കാണാമറയത്തെ നിധിക്കൂട്ടം കണ്ടെത്തിയ ആലിബാബയുടേത് പണ്ടെങ്ങോ കേട്ടുമറന്ന പേർഷ്യൻ നാടോടിക്കഥയാണെങ്കിൽ, ഇവിടെ പറയാൻ പോകുന്നത് ഏതാനും തലശ്ശേരിക്കാരുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണ്. സാമർഥ്യക്കാരനായ പേർഷ്യയിലെ ആലിബാബ തുറന്നത് സ്വർണങ്ങളും രത്നങ്ങളുമടങ്ങുന്ന നിധിക്കൂട്ടത്തിന്റെ പാറക്കെട്ടുകളായിരുന്നെങ്കിൽ ഇവിടെ അവതരിപ്പിക്കപ്പെട്ടത് അതുല്യമായ രുചിക്കൂട്ടിന്റെ വൈവിധ്യങ്ങളാണ്.
പത്തു വർഷംകൊണ്ട് മലയാളിയുടെ നാവിനെ ലോകത്തിലെതന്നെ പ്രിയങ്കരമായ വിഭവങ്ങൾ രുചിപ്പിച്ച 'ആലിബാബ ആൻഡ് 41 ഡിഷസ്' റസ്റ്റാറൻറ് ശൃംഖല അവരുടെ വിജയയാത്ര തുടരുകയാണ്. വീട്ടിലെ അടുക്കളയിൽ പാകം ചെയ്ത തലശ്ശേരി വിഭവങ്ങൾ അരിറൊട്ടിയും അരികലക്കി ചുട്ടതും മുട്ടസുർക്കയുമൊക്കെ കാസറോളിലാക്കി ഉമ്മയും ഭാര്യയും റസ്റ്റാറന്റിലെത്തിച്ചിരുന്ന ആദ്യനാളുകളിലെ ഓർമ ആലിബാബ റസ്റ്റാറന്റിന്റെ മാനേജിങ് ഡയറക്ടർ എം. സിദ്ദീഖിന്റെ മനസ്സിൽ ഇപ്പോഴും മായാതെയുണ്ട്. തലശ്ശേരി രുചിക്കൂട്ടുകൾ തനിമയൊട്ടും ചോരാതെ അവരുടെ കൈകളിൽ തയാറായപ്പോൾ പിൽക്കാലത്ത് വരാനിരിക്കുന്നത് ആലിബാബയെന്ന ബ്രാൻഡിന്റെ ചരിത്രമാണെന്ന് സിദ്ദീഖ് കരുതിയിരുന്നില്ല.
തലശ്ശേരി സ്വദേശികളും കസിൻസുമായ എം. സിദ്ദീഖ്, എ.കെ. സഫറുല്ല, മുഹമ്മദ് തലീഷ്, മുഹമ്മദ് ഇർഫാൻ എന്നിവരാണ് കേരളമാകെ പടർന്ന ഈ ഭക്ഷണ സംരംഭ ശൃംഖലക്ക് പിന്നിൽ. പരമ്പരാഗത റസ്റ്റാറന്റ് ശൈലിയിൽനിന്ന് വേറിട്ടുനിൽക്കുന്നതായിരിക്കണം തങ്ങളുടെ സംരംഭമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. തലശ്ശേരിയിലെ അടുക്കളകളിലെ പരമ്പരാഗത രുചികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കാനായിരുന്നു തുടർന്നെടുത്ത തീരുമാനം. എല്ലാവർക്കും കൃത്യമായ ട്രെയ്നിങ് നൽകി തനത് രുചികൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകതന്നെ ചെയ്തു. ഇരുകൈകളും നീട്ടിയാണ് ജനം അത് സ്വീകരിച്ചത്.
എറണാകുളം, തിരുവനന്തപുരം, മൂന്നാർ, തൃശൂർ എന്നിവിടങ്ങളിലായി പത്ത് ബ്രാഞ്ചുകളുള്ള റസ്റ്റാറന്റ് ശൃംഖലയായി ആലിബാബ മാറി. പേര് ക്ലിക്കായതോടെ ലോഗോയും രജിസ്റ്റർ ചെയ്തു. ആലിബാബക്ക് പുറമെ ഗ്രൂപ്പിന്റെ ബാബ് അറേബ്യ, കൊച്ചിപീഡിയ എന്നീ ബ്രാൻഡുകളും ഇപ്പോൾ കേരളത്തിൽ ഹിറ്റാണ്.
രുചിക്കൂട്ടിന്റെ മാന്ത്രികക്കൊട്ടാരം
ഒരിക്കൽ ഒരു ഹോങ്കോങ് യാത്രയിൽവെച്ച് സിദ്ദീഖിന്റെ മനസ്സിലുടക്കിയ പേരാണ് ആലിബാബ. ഒരു റസ്റ്റാറന്റ് തുടങ്ങുമ്പോൾ അതിനിടാൻ എന്തുകൊണ്ടും യോജിച്ച പേരാണിതെന്ന് അന്നേ അദ്ദേഹം മനസ്സിലുറപ്പിച്ചു. പിന്നീട് റസ്റ്റാറന്റ് ആരംഭിച്ചപ്പോൾ ഒരു സുഹൃത്തിന്റെ നിർദേശം സ്വീകരിച്ച് 41 ഡിഷസ് എന്നും ഒപ്പം ചേർത്തു. 41 ഡിഷസ് എന്നതിന് പിന്നിൽ മറ്റൊരു ആശയവുംകൂടിയുണ്ട്. പണ്ടൊക്കെ മലബാറിൽ കല്യാണം കഴിഞ്ഞാൽ 41 ദിവസം വിരുന്നിന്റെ കാലമാണ്. 41ാം ദിവസം അതൊരു വിപുലമായ പരിപാടിയായിരിക്കും.
2012ലാണ് ആലിബാബ റസ്റ്റാറന്റിന്റെ ആദ്യ ബ്രാഞ്ച് ആരംഭിച്ചത്. എറണാകുളം എം.ജി റോഡിൽ തലശ്ശേരി വിഭവങ്ങളടക്കം രുചിക്കൂട്ടുകൾ തുറന്നപ്പോൾ വൻ സ്വീകാര്യതയാണ് ജനങ്ങളിൽനിന്ന് ലഭിച്ചത്. തലശ്ശേരി, ചൈനീസ്, ഇന്ത്യൻ ഫുഡ് എന്നിങ്ങനെയുള്ള വിഭവങ്ങൾ തേടി നിരവധിയാളുകൾ ദൂരസ്ഥലങ്ങളിൽനിന്നടക്കം എത്തിത്തുടങ്ങി. തലശ്ശേരിയിൽനിന്ന് ആളുകളെ കൊണ്ടുവന്നാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. പലഹാരങ്ങൾ, പത്തിരികൾ എന്നിങ്ങനെ മലബാർ ഭക്ഷണങ്ങളൊക്കെ അവതരിപ്പിച്ചു. ഇതോടെ 2013ൽ എറണാകുളത്തെ പനമ്പിള്ളി നഗറിൽ രണ്ടാമത്തെ റസ്റ്റാറന്റ് ആരംഭിച്ചു.
ഇതിനോടൊപ്പം ഖോജമുക്ക് എന്ന പേരിൽ ഒരു ടീ കൗണ്ടർ കൂടെ തുടങ്ങി. അതും ക്ലിക്കായി. ആട് തല, ബ്രെയിൻ, ഇറച്ചിച്ചോറ്, മുട്ട സുർക്ക, തേങ്ങപ്പത്തൽ, ആടിന്റെ ഷോൾഡർ തുടങ്ങിയവയൊക്കെ കഴിക്കാൻ ഒരുപാട് ആളുകളെത്തിത്തുടങ്ങിയതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായി ആലിബാബ മാറുകയായിരുന്നു.
തുടർന്ന് 2015ൽ തൃശൂരിലും തങ്ങളുടെ രുചിക്കൂട്ടുമായി അവർ കടന്നുചെന്നു. ആലിബാബയും ഖോജമുക്കും ചേർത്തുള്ള റസ്റ്റാറന്റാണ് തൃശൂർ കുറുപ്പ് റോഡിൽ അവർ തുടങ്ങിയത്. സംരംഭം അവിടെയും ആളുകൾ ഏറ്റെടുത്തു. 2016ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് കെ.പി.സി.സിക്ക് എതിർവശത്തും ആലിബാബയും ഖോജമുക്കും എത്തിയതോടെ തലസ്ഥാനത്തും ബ്രാൻഡ് ഹിറ്റ്. ബ്രാഞ്ചുകൾ വർധിക്കുകയും ബിസിനസ് വളരുകയും ചെയ്തതോടെ 2017ൽ ഒരു കൺസൽട്ടൻസിയെ ഏൽപിച്ച് കൂടുതൽ മികച്ചതാക്കി.
അക്കൗണ്ട്സ് വിഭാഗത്തിന്റെ ചുമതലയാണ് തലീഷ് നിർവഹിക്കുന്നത്. പർച്ചേഴ്സ് വിഭാഗം സഫറുല്ലയും റീട്ടെയിൽ ബിസിനസിന്റെ ചുമതല ഇർഫാനും നിർവഹിക്കുന്നു. സിദ്ദീഖാണ് മാനേജിങ് ഡയറക്ടർ. പനമ്പിള്ളി നഗറിൽ കോർപറേറ്റ് അക്കൗണ്ട്സ് ഓഫിസും ആരംഭിച്ചു. നാടൻ ഭക്ഷണം ഉൾപ്പെടുത്തിയുള്ള കൊച്ചിപീഡികക്കും വലിയ സ്വീകാര്യത ലഭിച്ചു.
ഇതിനിടെ ഇടപ്പള്ളി ലുലുവിന്റെ എതിർവശത്ത് ആലിബാബ ആരംഭിച്ചു. പനമ്പിള്ളി നഗറിലെ എസ്.ബി.ടി അവന്യുവിൽ അറബിക് റസ്റ്റാറന്റ് ആരംഭിച്ചു. മൂന്നാറിൽ സ്റ്റേഡിയത്തിനടുത്ത് ആലിബാബ റസ്റ്റാറന്റ് തുടങ്ങി. മൂന്നാറിൽ മികച്ച അറബിക് ഭക്ഷണങ്ങൾ ലഭ്യമല്ലാതിരുന്ന സമയത്താണ് മികച്ച ഭക്ഷണശാലയായി ആലിബാബ എത്തിയത്. പിന്നീട് തിരുവനന്തപുരം മരപ്പാലത്ത് ബാബ് അറേബ്യയുടെ അടുത്ത ഔട്ട്ലെറ്റ് ആരംഭിച്ചു. 2019ൽ തൃശൂർ പാലക്കാട് ഹൈവേയിൽ കുട്ടനെല്ലൂർ ആലിബാബയും ബാബ് അറേബ്യയും ചേർത്ത് റസ്റ്റാറന്റ് ആരംഭിച്ചു. 2020 ഡിസംബറിൽ അങ്കമാലിയിലും റസ്റ്റാറന്റ് ആരംഭിച്ചു.
തുർക്കിയയിൽനിന്ന് നേരിട്ടെത്തിച്ച ഒരു ഷെഫ് പാകം ചെയ്യുന്ന ടർക്കിഷ് ഭക്ഷണം തങ്ങളുടെ മാത്രം പ്രത്യേകതയാണെന്ന് പിന്നണിയിലുള്ളവർ പറയുന്നു. ഈ ബ്രാൻഡാണ് ബാബ് അറേബ്യ. കബാബുകൾ കേരളത്തിലെ വിവിധ റസ്റ്റാറന്റുകളിലുണ്ടായിരുന്നെങ്കിലും ടർക്കിഷ് ഷെഫിനെ നേരിട്ടെത്തിച്ച് ജനങ്ങൾക്കായി പാകം ചെയ്ത് വിളമ്പിയത് തങ്ങളാണെന്ന് സിദ്ദീഖ് പറയുന്നു. ടർക്കിഷ് ഭക്ഷണങ്ങളെന്ന പേരിൽ എന്തെങ്കിലുമൊക്കെ നൽകി ജനങ്ങളെ പ്രീതിപ്പെടുത്താൻ തങ്ങൾ ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് നേരിട്ട് അവിടെ നിന്ന് ഷെഫിനെ കൊണ്ടുവന്നത്.
തലശ്ശേരിപ്പെരുമ
വിഭവസമൃദ്ധമായ തലശ്ശേരി ഭക്ഷണമാണ് ആലിബാബയെ ആദ്യഘട്ടത്തിൽ എതിരാളികളില്ലാതെ വളർത്തിയത്. തുടക്കം മുതൽ ഈ വിഭവങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. മട്ടൻതല, മട്ടൻതല ഫ്രൈ, മട്ടൻതല സ്റ്റൂ, ആട്ടിൻതലക്കറി, ആട്ടിൻതല ഫ്രൈ, ബ്രെയിൻഫ്രൈ, തേങ്ങപ്പത്തൽ, മുട്ടസുർക്ക, പുഴുങ്ങപ്പത്തൽ ഇവയൊക്കെയാണ് ആദ്യസമയത്ത് ജനങ്ങളെ കൂടുതൽ ആകർഷിച്ചത്. തെക്കൻ കേരളത്തിന്റെ ഭക്ഷണശൈലികൂടി ഉൾക്കൊണ്ട് ഭക്ഷണങ്ങൾക്ക് മാറ്റങ്ങൾ വരുത്തിയും വിളമ്പി. തേങ്ങപ്പത്തലും കാന്താരി പ്രോൺസും ബ്രെയിൻ ഫ്രൈയും തേങ്ങപ്പത്തലും മംഗലാപുരം സ്റ്റൈൽ ഗീറോസ്റ്റുമൊക്കെ കേരളത്തിലാകെ വലിയ തരംഗമായി. ഏതെങ്കിലും ഒന്നോ രണ്ടോ വിഭാഗം ഭക്ഷണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാൻ 'ആലിബാബ'ക്ക് താൽപര്യമുണ്ടായിരുന്നില്ല. എല്ലാത്തരം ടേസ്റ്റി ഫുഡും വിളമ്പാൻ 'ആലിബാബ' രംഗത്തെത്തി.
ക്വാലാലംപുരിൽ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു. സെപ്റ്റംബറിൽ 'ആലിബാബ'യെ എത്തിക്കാനാണ് പദ്ധതി. ഉടൻ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിനുള്ളിലും ബാബ് അറേബ്യയുടെ ഒരു ഔട്ട്ലെറ്റ് തുടങ്ങും. ബാബ് അറേബ്യ റസ്റ്റാറന്റിന് ഫ്രാഞ്ചൈസികൾക്കും പദ്ധതിയിടുന്നുണ്ട് അവർ. 20-30 സീറ്റ്, 50-70 സീറ്റ്, 100 മുതൽ സീറ്റുകൾ എന്നിങ്ങനെയാണ് പദ്ധതി.
കുടുംബവും ജീവനക്കാരും
ആലിബാബയുടെ തുടക്കത്തിലെ ആദ്യത്തെ ഒരു വർഷം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്ന് സിദ്ദീഖ് പറഞ്ഞു. ആദ്യമുണ്ടായിരുന്ന ഷെഫുകൾ പലരും മറ്റ് അവസരങ്ങളിലേക്ക് മാറിപ്പോയപ്പോൾ കുടുംബംതന്നെ നേരിട്ട് രംഗത്തിറങ്ങി. വീട്ടിൽനിന്ന് ഉമ്മയും ഭാര്യയും ബിരിയാണി വെക്കുന്നതൊക്കെ പുതിയ പാചകക്കാർക്ക് പറഞ്ഞുകൊടുത്തു. ഉമ്മയും ഭാര്യയുമൊക്കെ ഈ സമയം തലശ്ശേരി രീതിയിലുള്ള അരിറൊട്ടി, അരികലക്കി ചുട്ടത്, മുട്ടസുർക്ക എന്നിവയൊക്കെ വീട്ടിലുണ്ടാക്കിയും റസ്റ്റാറന്റിൽ എത്തിച്ചു. പുതുതായി എത്തുന്ന ജീവനക്കാരെ തലശ്ശേരിയിലേക്ക് അയച്ച് പഠിപ്പിച്ചായിരുന്നു അന്നൊക്കെ നിയമിച്ചിരുന്നത്. കുടുംബത്തിന്റെ പിന്തുണ വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധേയമാണ് ആലിബാബ റസ്റ്റാറന്റുകളുടെ ഉൾവശം. ഓരോ സ്ഥലങ്ങളെയും പശ്ചാത്തലമാക്കി അവർ ചുവരുകളിൽ ചിത്രം വരച്ചിട്ടു. തൃശൂരിൽ പൂരവും സ്വരാജ് ഗ്രൗണ്ടും പുലിക്കളിയുമൊക്കെ പശ്ചാത്തലമായപ്പോൾ തിരുവനന്തപുരത്ത് മ്യൂസിയം, കവടിയാർ കൊട്ടാരം, സെക്രട്ടേറിയറ്റ് എന്നിവയൊക്കെയാണ് ഭിത്തികളിൽ നിറഞ്ഞത്, ഇൻഫോപാർക്കും ഫോർട്ട് കൊച്ചിയുമൊക്കെ എറണാകുളത്തും. പിന്നീട് ഇതിന് കാലാനുസൃതമായ മാറ്റം വരുത്തിക്കൊണ്ടിരുന്നു. 500ലധികം ജീവനക്കാരുള്ള ആലിബാബ ആൻഡ് 41 ഡിഷസ് സംരംഭങ്ങൾ രാവിലെ 11.30 മുതൽ രാത്രി 11.30 വരെയാണ് തുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.