‘ഹിജ്‌റി’​െൻറ മരുപ്പച്ചകളിൽ മധുരനാരങ്ങയുടെ വിളവെടുപ്പുത്സവം

റിയാദ്: സൗദി അറേബ്യയുടെ വടക്കുടിഞ്ഞാറൻ പ്രദേശമായ പൗരാണിക ഹിജ്‌റിൽ (നിലവിലെ അൽഉല) ഇപ്പോൾ വിവിധയിനം മധുരനാരങ്ങകളുടെ വിളവെടുപ്പ് കാലമാണ്. ചരിത്രം തുടിക്കുന്ന ഭൗമ സവിശേഷതകളും വശ്യമായ പ്രകൃതിദൃശ്യങ്ങളും സമ്പന്നമായ സംസ്കാരിക പൈതൃകവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന അൽഉലയിൽ വിളയുന്നത് ലോകോത്തര ഓറഞ്ച് ഇനങ്ങളാണ്. 800 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന 4,700 കൃഷിയിടങ്ങളിലെ രണ്ട് ലക്ഷത്തിൽപരം മരങ്ങളിൽനിന്ന് 15,000 ടണ്ണിലധികം ഓറഞ്ചുകളാണ് വിപണിയിലെത്തുന്നത്.

ശുദ്ധജല ലഭ്യതയുള്ള അൽഉലയുടെ ഫലഭൂയിഷ്​ടമായ മണ്ണിൽ വിളയുന്ന 29 തരം സിട്രസ് പഴങ്ങളാണ് റോയൽ കമീഷൻ മുൻകൈയെടുത്ത് സംഘടിപ്പിച്ചിരിക്കുന്ന പ്രധാന പ്രദർശന നഗരിയിലേക്കും വിപണിയിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ 70 ശതമാനവും ഓറഞ്ചുകളാണ്. പഴങ്ങളായി കഴിക്കുന്നത് കൂടാതെ, ജ്യുസുകൾ, ജാമുകൾ, മധുരപലഹാരങ്ങൾ, എണ്ണകൾ, സൗന്ദര്യവർധക വസ്തുക്കൾ തടങ്ങിയവയുടെ നിർമാണത്തിനും സിട്രസ് പഴങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഫെസ്​റ്റിവൽ നഗരിയിൽ ഇത്തരം ഉൽപന്നങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രകൃതി സവിശേഷതകൾ ആസ്വദിക്കാൻ അൽഉലയിലെത്തുന്ന ആഭ്യന്തര, വിദേശ സന്ദർശകരെ കൂടി ആകർഷിക്കത്തക്ക വിധത്തിലാണ് സംഘാടകർ ഫെസ്​റ്റിവലുകൾ ഒരുക്കിയിട്ടുള്ളത്. ഈ മാസം 21 വരെ ഈ ‘ഓറഞ്ചുത്സവം’ നീണ്ടുനിൽക്കും.

ശമൂത്തി എന്ന് വിളിപ്പേരുള്ള ജാഫ, നല്ല മധുരമുള്ള സുക്കരി, ജ്യൂസിന് പേരുകേട്ട ബലദി, മന്ദാറിൻ, ക്ലമ​ൈൻറൻ, ടാംഗറിൻ എന്നീ ഇനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. പേരുകേട്ട ‘ബിൻസുഹൈർ’, അദാലിയ മധുരനാരങ്ങകളും പ്രദർശന സ്​റ്റാളുകളിൽ സുലഭം. നാരങ്ങയുടെയും പോമേലോയുടെയും ഹൈബ്രിഡ് സങ്കരയിനമായ സിട്രോണും പ്രദർശനത്തിലുണ്ട്.


6.5 മുതൽ ഏഴ് ശതമാനം വരെ ഹൈഡ്രജൻ (പി.എച്ച്) അനുപാതമുള്ള, ജൈവ ഘടകങ്ങളാൽ സമ്പന്നമായ മണ്ണാണ് അൽഉലയെ സിട്രസ് കൃഷിയിൽ സഹായിക്കുന്നത്. പഴങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ശീതീകരിച്ച സംഭരണശാലകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള കർഷക സേവനകേന്ദ്രത്തിനുള്ള സധ്യതാപഠനം അൽഉല റോയൽകമീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

സഹസ്രാബ്​ദങ്ങളായി ഹിജ്‌ർ മേഖലയിൽ സിട്രസ് പഴങ്ങൾ കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തി​െൻറ എണ്ണയിതര വരുമാനം പരമാവധി വർധിപ്പിക്കുക എന്ന ‘വിഷൻ-2030’ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് മേഖലയിലെ ഓറഞ്ച് ഉത്പാദനം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Tags:    
News Summary - Sweet lime harvest festival in Hijar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.