മൂന്നാർ: ഒന്നേകാൽ പതിറ്റാണ്ടിലേറെ നീളുന്ന കണ്ണൻ ദേവൻ മലകളുടെ ചരിതം നേർക്കാഴ്ചയായി പുതുതലമുറക്ക് മുന്നിൽ തുറക്കുന്ന മൂന്നാറിലെ തേയില മ്യൂസിയം 20ാാം വയസ്സിലേക്ക്. ചായക്കപ്പിലെ അത്ഭുതത്തിന്റ പിന്നാമ്പുറ യാഥാർഥ്യങ്ങൾ പുതുതലമുറക്കുകൂടി കണ്ടറിയാനാണ് തേയില വ്യവസായ രംഗത്തെ അതികായരായ ടാറ്റ 2004ൽ മൂന്നാറിൽ മ്യൂസിയം സ്ഥാപിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പത്തെ സാംസ്കാരിക സമ്പന്നതയും പുതുമണ്ണിൽ അധ്വാനത്തിന്റെ വിയർപ്പൊഴുക്കി നൂറുമേനി വിളയിച്ച സായ്പൻമാരുടെയും തമിഴ് കുടിയേറ്റ തൊഴിലാളികളുടെയും 135 വർഷത്തിലേറെയുള്ള ജീവിത വഴികളെയും പുനരാവിഷ്കരിച്ചിരിക്കുകയാണ് ഇവിടെ.
ആദ്യകാലത്ത് ചൈനക്കാർ ഔഷധമായി ഉപയോഗിച്ച തേയിലയുടെ ശാസ്ത്രനാമം കമാലി യതിയ എന്നാണ്. തേയില ഒരു പാനീയമായി ആദ്യം ഉപയോഗിച്ചു തുടങ്ങിയത് ഇംഗ്ലീഷുകാരാണ്. ഇന്ത്യയിൽ തേയില ആദ്യമായി എത്തിയത് 1780ലാണെങ്കിലും കണ്ണൻ ദേവൻകുന്നുകളിൽ തേയിലകൃഷി ആരംഭിച്ചത് 1878ലാണ്. ഈ കുന്നുകളുടെ അന്നുമുതലുള്ള ചരിത്രമാണ് തേയില മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളിൽ ഇവിടത്തെ തേയിലത്തോട്ടങ്ങളിൽ സമയം അറിയുന്നതിന് ഉപയോഗിച്ചിരുന്ന നിഴൽ ഘടികാരമാണ് മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള ആദ്യ കാഴ്ച. പ്രഭാതത്തിലും സായാഹ്നത്തിലും നിഴലുകൾ വലുതായും ഉച്ചക്ക് ചെറുതായും കാണുന്ന തത്ത്വമാണ് നിഴൽ ഘടികാരങ്ങൾക്ക് അടിസ്ഥാനം.
1930കളിൽ വാച്ചുകൾ പ്രചാരത്തിലാകുന്നതുവരെ സമയം അറിയാൻ ഈ ഘടികാരങ്ങളായിരുന്നു ആശ്രയം. 1908 മുതൽ1924വരെ കണ്ണൻ ദേവൻ മലമടക്കുകളിലൂടെ ചൂളംവിളിച്ചും ഇഴഞ്ഞും കിതച്ചും നീങ്ങിയിരുന്ന തീവണ്ടികളുടെ ചരിത്രം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അന്നത്തെ തീവണ്ടിച്ചക്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും പുതുതലമുറക്ക് മുന്നിൽ തുറക്കുന്നു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു ജലചക്രം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ നിലയം ആരംഭിക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് കന്നിമലയിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ജലവൈദ്യുതി നിലയത്തിൽ ഉപയോഗിച്ചിരുന്നതാണിത്.
കണ്ണൻ ദേവൻ കമ്പനി ആരംഭത്തിൽ ഉപയോഗിച്ചിരുന്ന കണ്ണൻ ദേവൻ നാണയങ്ങൾ മ്യൂസിയത്തിലെ മറ്റൊരു ആകർഷണമാണ്. തമിഴ്നാട്ടിൽനിന്ന് ബ്രിട്ടീഷുകാർ റിക്രൂട്ട് ചെയ്ത് കൊണ്ടുവന്നിരുന്ന തൊഴിലാളികൾ അധികാരികൾ അറിയാതെ ഇവിടം വിട്ടു പോകാതിരിക്കാനാണ് മൂന്നാറിലെ എസ്റ്റേറ്റുകളിലേക്ക് മാത്രമായി അക്കാലത്ത് നാണയം ഇറക്കിയത്. 120 വർഷം പഴക്കമുള്ള, തടികൊണ്ട് നിർമിച്ച ഒരു റോളറും ഇവിടത്തെ കാഴ്ചകളിലൊന്നാണ്. ഇലത്തേയില ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ആ തടി റോളർ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും കേടുകൂടാതെയിരിക്കുന്നു. ഒരു ചില്ലുകൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന, 2000 വർഷം പഴക്കം കണക്കാക്കുന്ന നന്നങ്ങാടിയും മൂന്നാർ ചരിത്രത്തിന്റെ നേർക്കാഴ്ചയാണ്. അക്കാലത്ത് മൃതദേഹങ്ങൾ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്നവയാണിവ.
ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് ഈ മലനിരകളിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രോമാഗ്നറ്റിക് സംവിധാനത്തിലുള്ള ടെലിഫോണുകളും മ്യൂസിയത്തിൽ കാണാം. 1997വരെ ഈ സംവിധാനം ഇവിടെയുണ്ടായിരുന്നു. 1924 ലെ മഹാപ്രളയത്തിന്റെയും 1947ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെയും ഉൾപ്പെടെ നിരവധി പുരാതന ഫോട്ടോകളാണ് മറ്റൊരാകർഷണം. കൊളുന്ത് കറുത്ത തേയിലയായി മാറുന്നതെങ്ങനെയെന്ന് മ്യൂസിയത്തിലെ മിനി ഫാക്ടറിയിലൂടെ കാഴ്ചക്കാർക്ക് നേരിട്ട് മനസ്സിലാക്കാം. മനുഷ്യഗന്ധം ഏൽക്കാത്ത കൊടുംകാടുകൾ തേയിലത്തോട്ടങ്ങൾക്ക് വഴിമാറിയതിന്റെ 1878 മുതലുള്ള നാൾവഴികൾ പലതും ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ വിദേശികളും സ്വദേശികളുമായി ലക്ഷക്കണക്കിന് സന്ദർശകരാണ് ചരിത്രം നേർക്കാഴ്ചയാവുന്ന ഈ മ്യൂസിയം കണ്ടു മടങ്ങിയത്. ടൗണിൽനിന്ന് ഒരുകിലോമീറ്റർ ദൂരെ നല്ലതണ്ണി റോഡിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.