ഇരിട്ടി: ലോക നാട്ടറിവ് ദിനാഘോഷത്തോടനുബന്ധിച്ച് പെരിങ്ങാനം ഗവ. എൽ.പി സ്കൂളിൽ നടത്തിയ 'പെരിങ്ങാനത്തനിമ' ശ്രദ്ധേയമായി. ഒരുകാലത്ത് കണ്ണൂരിന്റെ കിഴക്കൻ മേഖലകളിൽ പ്രചാരത്തിലുണ്ടായിരുന്ന കർക്കടക ഉണ്ടയാണ് പെരിങ്ങാനത്തനിമയിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.
പഴയ കാലത്തെ വീട്ടുപകരണങ്ങളായ ഉരലും ഉലക്കയും ചിരവയും വറചട്ടിയും ചട്ടുകവും ഉപയോഗിച്ച് അമ്മമാർ സ്കൂൾ മുറ്റത്ത് ഉണ്ടാക്കിയ കർക്കടക വിഭവങ്ങൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി. കർക്കടകത്തിൽ ലഭ്യമായ ഇലക്കറികളും പച്ചമരുന്ന് വേവിച്ചതും കർക്കടകക്കഞ്ഞിയുമൊക്കെ കേരളത്തിലെ പഴമക്കാരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു.
എന്നാൽ, പുതിയകാലത്ത് ഇത്തരം ആരോഗ്യ സംരക്ഷണ മാർഗങ്ങൾ എല്ലാംതന്നെ കൈമോശം വന്നുകൊണ്ടിരിക്കുന്ന കാലത്താണ് ഒരു ഗ്രാമം ഒന്നാകെ ഒത്തുചേർന്ന് പുതുതലമുറക്ക് ഇത്തരം അറിവുകൾ പകർന്നുനൽകുന്നത്.
പെരിങ്ങാനം പ്രദേശത്ത് ഇന്നും കൊണ്ടാടുന്ന കർക്കടക മധുര നിർമാണവും പഴമക്കാരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്ത പെരിങ്ങാനത്തനിമ ദേശീയ അധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.
തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി സ്കൂളിലേക്ക് പ്രിന്റർ കൈമാറി. പി.ടി.എ പ്രസിഡന്റ് എൻ. രൂപേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ വി.വി. രവീന്ദ്രൻ, വി. വിമല, പി.കെ. രതീഷ്, പി.കെ. ശ്രീധരൻ, കെ. മിനി, എം.കെ. രഘുനാഥൻ, എം. പ്രജീഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.