ദോഹ: അഞ്ചുദിവസം പിന്നിട്ട സൂഖ് വാഖിഫിലെ ഈത്തപ്പഴ മേളയിൽ സന്ദർശക തിരക്കും കച്ചവടവും ജോർ. ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിനിടയിൽ പാകമായ പുതു ഈത്തപ്പഴ സീസണിന്റെ വരവറിയിച്ച് ആരംഭിച്ച ആദ്യ മേളയിൽ ഓരോ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒപ്പം, നാനാതരം ഈത്തപ്പഴങ്ങളുടെ വിൽപനയും തകൃതിയായി പൊടിപൊടിക്കുന്നു.
ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുറമെ, ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റു വിദേശങ്ങളിൽനിന്ന് സന്ദർശകരായെത്തുന്നവരും സൂഖിലെ ഈത്തപ്പഴ മേളയുടെ ഭാഗമായി മാറുന്നു. ആദ്യ നാലുദിനം കൊണ്ടുമാത്രം 85,000 കിലോ ഈത്തപ്പഴങ്ങൾ വിൽപന നടത്തിയതായി സൂഖ് വാഖിഫ് അധികൃതർ അറിയിച്ചു.
നാലാം ദിനമായ ഞായറാഴ്ച മാത്രം 20,033 കിലോ ആണ് വിൽപന നടന്നത്. വാരാന്ത്യ അവധി ദിനങ്ങളിലായിരുന്നു ഏറ്റവും വലിയ വിൽപന നടന്നതെന്ന് സൂഖ് വാഖിഫ് ട്വീറ്റ് ചെയ്തു. ശനിയാഴ്ച 23,025 കിലോയും വ്യാഴം, വെള്ളി ദിനങ്ങളിലായി 40,041 കിലോയും വിൽപന നടന്നു.
ഏറ്റവും മുന്തിയ ഇനമായ ഖലസ് ഈത്തപ്പഴത്തിനാണ് ആവശ്യക്കാർ ഏറെയുമുള്ളത്. ആദ്യ രണ്ടു ദിനങ്ങളിൽ മാത്രം 15,866 കിലോ ആണ് വിറ്റത്. ഷീഷി, ഖിനൈസീ, ബർഹി ഉൾപ്പെടെയുള്ള അതിവിശിഷ്ടമായ ഇനങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. ഞായറാഴ്ച ഖലസ് 8154 കിലോയും, ഷീഷി 4035 കിലോയും, ഖിനൈസി 4029 കിലോയും, ബർഹി 1900 കിലോയും വിറ്റഴിഞ്ഞു. മറ്റു വിവിധ ഇനങ്ങൾ 1645 കിലോയാണ് വിറ്റത്.
ഈത്തപ്പഴത്തിനു പുറമെ, അത്തിപ്പഴം, ബദാം ഉൾപ്പെടെ മറ്റു വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. വെയിലിന്റെ കാഠിന്യം കുറയുന്നതിനു പിന്നാലെ 3.30 മുതലാണ് സൂഖിലെ വിപണി തുറക്കുന്നത്. ആ സമയം മുതൽതന്നെ സന്ദർശകരുടെ വരവും തുടങ്ങും. വൈകീട്ട് ആറ് മുതൽ രാത്രി 9.30വരെ വലിയ സന്ദർശക തിരക്കാണ് അനുഭവപ്പെടുന്നത്.
മലയാളികൾ ഉൾപ്പെടെ പ്രവാസികളും സന്ദർശകരായുണ്ട്. ഹയ്യാ സന്ദർശക വിസയിൽ കുടുംബ സമേതം ഏറെ മലയാളികൾ ഇത്തവണ ഖത്തറിൽ ഉള്ളതിനാൽ ഈ വകയിലും സന്ദർശകർ ഏറെയാണ്. നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് വിശിഷ്ടമായ ഈത്തപ്പഴങ്ങൾ സമ്മാനിക്കാൻ ആഗ്രഹിച്ച് ദിവസേന നിരവധി പേരാണ് സൂഖിലെത്തുന്നത്.
പത്തു ദിവസത്തെ മേള ശനിയാഴ്ചയോടെ സമാപിക്കും. ഇത്തവണ 103 പ്രാദേശിക ഫാമുകളിൽ നിന്നുള്ള കർഷകരുടെ വിഭവങ്ങളാണ് മേളയിലുള്ളത്. ഉച്ച 3.30 മുതൽ രാത്രി 9.30 വരെയാണ് ഫെസ്റ്റിവലിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനം.
സന്ദർശകത്തിരക്ക് കണക്കിലെടുത്ത് വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 മണിവരെ സന്ദർശകർക്ക് പ്രവേശനം നൽകും. രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാരുള്ള അൽ ഖലസ്, അൽ ഖിനയ്സി, അൽ ഷീഷി, അൽ ബർഹി, അൽ റസീസി, അൽ ലുലു, നബ്ത് സെയ്ഫ്, അൽ സഖായ് തുടങ്ങി രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഇരുപതിലധികം ഇനം ഈത്തപ്പഴങ്ങൾ ഇവിടെ ലഭ്യമാണ്. ഉണക്കിയ ഈത്തപ്പഴങ്ങൾ, ഈത്തപ്പഴ ജ്യൂസുകൾ, സിറപ്പ് തുടങ്ങിയ വൈവിധ്യങ്ങളും ഒരുക്കുന്നുണ്ട്.
കിലോക്ക് അഞ്ചു റിയാൽ മുതൽ നിരക്കിലുള്ള വ്യത്യസ്ത ഇനങ്ങൾ മേളയിൽ ലഭ്യമാണ്. ഏറെ പ്രശസ്തമായ ഖലസിന് കിലോ 10 റിയാലും, ഖിനൈസിക്ക് എട്ടു റിയാലും നബ്ത് സൈഫ്, ലൗ ലൗ, റസിസ്, ഗോർ എന്നിവക്ക് ആറ് റിയാലുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.