പതിറ്റാണ്ടുകളായി ഇസ്രായേൽ അധിനിവേശം നേരിടുന്ന ഫലസ്തീൻ ജനത തങ്ങൾക്കു നഷ്ടപ്പെട്ടുപോവുന്ന തനതായ, സാംസ്കാരികവും സാമൂഹികവുമായ ജീവിതരീതികൾ നെഞ്ചോട് ചേർക്കുന്നവരാണ്. പരമ്പരാഗതമായി അവർ തുടർന്നു പോരുന്ന ആഹാരരീതികളും ഭക്ഷണപദാർഥങ്ങളും ഇവയിൽ പ്രധാനമാണ്.
ഫലസ്തീൻ എന്നു കേൾക്കുമ്പോൾ ഒരു പരദേശിയുടെ ഓർമയിൽ ഓടിയെത്തുന്ന പ്രഗല്ഭമതികളിൽ ഒരാളാണ് മഹ്മൂദ് ദർവീഷ്. ഒരുപക്ഷേ, ദർവീഷിന്റെ കവിതകളിലൂടെയാവും ലോകത്താകമാനമുള്ള സാഹിത്യപ്രേമികളിൽ ഫലസ്തീനികൾ ഉയർത്തുന്ന ദേശീയവാദത്തെ ന്യായമാണെന്ന ബോധമുണർത്തിയിട്ടുണ്ടാവുക. ''നിങ്ങൾ എന്റെ ഫലാഫിലും കുബ്ബൂസും കവർന്നെടുത്തു'' എന്ന് തുടങ്ങുന്ന കവിത പ്രശസ്തമാണ്. ഫലസ്തീനിൽ ധാരാളമായി കൃഷി ചെയ്യപ്പെടുകയും ഫലസ്തീൻ ദേശീയതയുടെ പ്രതീകവുംകൂടിയായിട്ടുള്ള ഒലിവുമൊക്കെ ദർവീഷിന്റെ കവിതകളിൽ ഇടംപിടിച്ചവയിൽ ഒന്നാണ്.
മസ്കത്തിലെ അൽ ഗുബ്രയിൽ അഖ്‌സ കോഫി ഷോപ് ഉടമയായ തിരുവനന്തപുരം സ്വദേശി നൗഷാദിന് പതിറ്റാണ്ടുകളായി മസ്ജിദുൽ അഖ്സയുടെയും ഫലസ്തീനിന്റെയും സംസ്കാരം ജീവിതമുദ്രയാണ്. 30 വർഷം മുമ്പ് ഒരു ഫലസ്തീനിയുടെ കൈയിൽനിന്നും തന്റെ സഹോദരന്റെ നേതൃത്വത്തിൽ വിലക്കുവാങ്ങിയ അഖ്‌സ കോഫി ഷോപ് ഒരു രാജ്യത്തോടുള്ള അടങ്ങാത്ത ദേശീയ ബോധത്തിന്റെ അടയാളമായിരുന്നു എന്നത് പിൽക്കാലത്താണ് നൗഷാദും ജ്യേഷ്ഠനും അറിയുന്നത്.
സ്ഥാപനത്തിന്റെ മുകൾനിലയിലെ ഡൈനിങ് റൂമിൽ പതിച്ച ഛായാചിത്രങ്ങൾ അധിനിവേശം തച്ചുടച്ച ഫലസ്തീനിന്റെ കഥയാണ് പറയുന്നത്. ''രണ്ട് നഷ്ടങ്ങൾ, ഒന്ന് ബൈത്തുൽ മുഖദ്ദസും രണ്ടാമത് മാതൃഭൂമിയും'' അറബ് പൗരൻ ചുമലിലേറ്റിയ നഷ്ടബോധവും വിഷാദവും അനുഭവിപ്പിക്കുന്ന ഒരു ചിത്രം അഖ്സ കോഫി ഷോപ്പിലെ ചുവരിലുണ്ട്. ഈ സ്ഥാപനത്തിന്റെ യഥാർഥ ഉടമയായിരുന്ന ഫലസ്തീനി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നത് സംശയകരമാണെന്ന് നൗഷാദ് പറയുന്നു.
30 വർഷം മുമ്പ് അദ്ദേഹത്തിൽ നിന്ന് സ്ഥാപനം ഏറ്റെടുക്കുമ്പോൾ ഇപ്പോൾ സ്ഥാപനം നടത്തുന്ന നൗഷാദ് ചെറുപ്രായക്കാരനാണ്. തങ്ങൾക്കു നഷ്ടപ്പെട്ടുപോയ മാതൃരാജ്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളിൽ പേറി നടക്കുന്ന ഒരു ശരാശരി ഫലസ്തീനിയുടെ വേദനയെ അദ്ദേഹം സ്ഥാപിച്ച ചിത്രങ്ങളും പേരും അദ്ദേഹം തുടങ്ങിയ ഫലാഫിലും ഹമ്മൂസും സൈത്തൂനും ഒക്കെയുള്ള വിഭവങ്ങളുമായി ഇന്നും കച്ചവടം ചെയ്യുകയാണ് മലയാളിയായ നൗഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.