കണ്ണൂർ: ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകുന്ന സ്റ്റാർ റേറ്റിങ്ങിൽ സംസ്ഥാനത്ത് കടന്നുകൂടിയത് 250ഓളം ഭക്ഷ്യശാലകൾ മാത്രം. കഴിഞ്ഞവർഷം മുതലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളുടെയും ബേക്കറികളുടെയും മറ്റ് ഭക്ഷ്യശാലകളുടെയും അടുക്കള, ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം തുടങ്ങിയ 48 കാര്യങ്ങള്‍ പരിശോധിച്ച് റേറ്റിങ് നൽകാൻ തുടങ്ങിയത്.
വർഷം ഒന്നായിട്ടും കടമ്പ കടക്കാനായത് ചില്ലറ സ്ഥാപനങ്ങൾക്ക് മാത്രം. അതേസമയം, 47,199 പരിശോധനകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. 7780 സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. മായവും സുരക്ഷിതമല്ലാത്ത ഭക്ഷണവും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 358 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. 63,41,700 രൂപ പിഴയീടാക്കി. എഫ്.എസ്.എസ്.സി അംഗീകാരമുള്ള ഏജന്‍സികളാണ് സ്റ്റാർ റേറ്റിങ് ഓഡിറ്റിങ് നടത്തുന്നത്.
വിവിധ ജില്ലകളിലെത്തുന്ന യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും അനുയോജ്യമായ ഭക്ഷണശാല തിരഞ്ഞെടുക്കാനായി ഹോട്ടലുകളുടെ റേറ്റിങ് അതത് സമയം ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. വകുപ്പിന്റെ കണക്കുപ്രകാരം 10 വർഷത്തിനിടെ രണ്ടുപേർ മാത്രമാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. 2014ൽ തിരുവനന്തപുരത്തും ഈ വർഷം കാസർകോട്ട് ഷവർമ കഴിച്ചുമാണ് മരണങ്ങൾ. ഈ രണ്ടു കേസുകളും കോടതിയുടെ പരിഗണനയിലാണ്.
അന്തിമവിധി വന്നശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി ഉറപ്പിക്കാനാവൂ. ഭക്ഷ്യസുരക്ഷയിൽ ക്രമക്കേട് നടത്തിയാലും നിയമത്തിലെ പഴുതുകളിലൂടെ മിക്ക സ്ഥാപനങ്ങളും രക്ഷപ്പെടുകയാണ് പതിവ്. സ്കൂൾ വിദ്യാർഥികൾക്കടക്കം ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. അധ്യാപകരും ജനപ്രതിനിധികളും അടക്കം സ്കൂളുകളിലെത്തി ഭക്ഷണം കഴിക്കൽ അടക്കമുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. പാചകത്തൊഴിലാളികൾക്ക് ബോധവത്കരണവും നടത്തും.
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമില്ലായ്മയും മാസങ്ങളോളം ഉപയോഗിക്കാനായി സാധനങ്ങൾ മൊത്തമായി വാങ്ങുന്നതും പലപ്പോഴും ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.