വ​ട്ട​വ​ട​യി​ലെ പ​ച്ച​ക്ക​റി കൃ​ഷി

ഇലയിട്ടോളൂ, വട്ടവട ഒരുങ്ങി

തൊടുപുഴ: വട്ടവടയിൽനിന്നും കാന്തല്ലൂരിൽനിന്നുമെത്തുന്ന പച്ചക്കറിയില്ലാതെ മലയാളിക്ക് ഒരു ഓണസദ്യയില്ല.. ശീതകാല പച്ചക്കറി മേഖലയായ ഇവിടുത്തെ തോട്ടങ്ങളിൽ ഇത്തവണയും ഓണവിപണിയിലേക്കുള്ള വിളവെടുപ്പ് തുടങ്ങി.

പ്രതികൂല കാലാവസ്ഥയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഉൽപാദനം കുറഞ്ഞത് ഇക്കുറി കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു. എങ്കിലും പരമാവധി പച്ചക്കറി ഓണവിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വട്ടവടയും കാന്തല്ലൂരും. ഹോർട്ടികോർപി‍െൻറ പച്ചക്കറി സംഭരണം ബുധനാഴ്ച തുടങ്ങും.

ഓണവിപണി ലക്ഷ്യമിട്ട് ഇത്തവണ വട്ടവടയിൽ 950 ഹെക്ടറിലും കാന്തല്ലൂരിൽ 265 ഹെക്ടറിലുമാണ് പച്ചക്കറി കൃഷി. കാരറ്റ്, കിഴങ്ങ്, ബീൻസ്, കാബേജ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് തുടങ്ങിയ പതിവ് ശീതകാല പച്ചക്കറികളെല്ലാമുണ്ട്. കർഷകരിൽനിന്ന് പച്ചക്കറി സംഭരിക്കാനുള്ള നടപടി ഹോർട്ടികോർപ്പും പൂർത്തിയാക്കി.

വട്ടവടയിൽ സംഭരണത്തിന് മുന്നോടിയായി 60ലധികം കർഷകർ ഇതുവരെ കൃഷിഭവനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽനിന്ന് 45 ടൺ കാരറ്റ്, 53 ടൺ കാബേജ്, 30 ടൺ ഉരുളക്കിഴങ്ങ് എന്നിവക്ക് പുറമെ ബീൻസ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് എന്നിവയും സംഭരിക്കും. കർഷകരിൽനിന്ന് വ്യാപാരികൾ നേരിട്ടും വാങ്ങുന്നുണ്ട്.

കഴിഞ്ഞവർഷം ഓണസീസണിൽ മാത്രം വട്ടവടയിൽനിന്ന് കാന്തല്ലൂരിൽനിന്നുമായി ഹോർട്ടികോർപ് 360 ടണ്ണോളം പച്ചക്കറി സംഭരിച്ചിരുന്നു. മഴമൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞതിനാൽ ഇത്തവണ ഇത് മൂന്നിലൊന്നായി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്.

കാന്തല്ലൂർ മേഖലയിൽ വെളുത്തുള്ളിയും കിഴങ്ങും ഒഴികെയുള്ളവയുടെ ഉൽപാദനത്തിൽ 80 ശതമാനത്തോളം ഇടിവുണ്ട്. ഹോർട്ടികോർപ് സംഭരിക്കുന്ന പച്ചക്കറികൾ വിവിധ ജില്ലകളിലെ കൃഷിഭവൻ ഓണച്ചന്തകൾ വഴിയും ഹോർട്ടികോർപ് വിൽപനശാലകൾ വഴിയുമാണ് വിറ്റഴിക്കുക.

സപ്ലൈകോയും ഹോർട്ടികോർപ്പും സംയുക്തമായി നടത്തുന്ന ചന്തകളിലും വട്ടവടയിലെയും കാന്തല്ലൂരിലെയും പച്ചക്കറികളെത്തും. സംഭരണം സെപ്റ്റംബർ അഞ്ച് വരെ നീളും. പച്ചക്കറി സംഭരിച്ച ഇനത്തിൽ കഴിഞ്ഞ മാർച്ച് മുതലുള്ള തുക ഹോർട്ടികോർപ് കർഷകർക്ക് നൽകാനുണ്ട്.

Tags:    
News Summary - vegetables from Vattavada and Kanthallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.