പരിമിതമായ ഭക്ഷണവും കഠിനമായ ജോലി സാഹചര്യങ്ങളുമായിരുന്നു ഒരു നൂറ്റാണ്ടുവരെ മനുഷ്യരാശി അനുഭവിച്ചിരുന്നത്. വ്യവസായ വിപ്ലവത്തോടൊപ്പം കാർഷിക വിപ്ലവവും കൊടിയേറിയതോടെ രണ്ടുകാര്യങ്ങൾ സംഭവിച്ചു. ഭക്ഷണോത്പ്പാദനം നൂറുകണക്കിന് ഇരട്ടി വർധിച്ചതാണ് ഒന്നാമത്തെക്കാര്യം. ഭക്ഷണം സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനങ്ങളുണ്ടായി എന്നതാണ് രണ്ടാമത്തെ പ്രത്യേകത. ഇതോടെ മനുഷ്യ ജീവിതത്തിൽ ഭക്ഷണമെന്നത് സമൃദ്ധമായി മാറി. മേലനങ്ങാതെയുള്ള ജോലികൾകൂടിയായതോടെ പുതിയ തലമുറ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയായി പൊണ്ണത്തടി എന്ന വില്ലൻ അവതരിക്കുകയായിരുന്നു.
അടുത്തിടെയാണ് നാം ലോക പൊണ്ണത്തടി ദിനം ആവിഷ്കരിച്ചത്. മാർച്ച് നാലിനാണ് ദിനം കടന്നുവരുന്നത്. 1975നുശേഷം ലോകത്ത് പൊണ്ണത്തടിയുടെ ശരാശരി മൂന്നിരട്ടി വർധിച്ചതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കുട്ടികളുടേയും കൗമാരക്കാരുടേയും ഇടയിലാകട്ടെ ഇത് അഞ്ചിരട്ടിയാണ്.
നിലവിൽ ലോകത്തിലെ ഏകദേശം 80 കോടി ആളുകള്‍ പൊണ്ണത്തടി ഉള്ളവരാണെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.ലോക പൊണ്ണത്തടി ദിനത്തിൽ ആളുകളെ ബോധവത്കരിക്കുന്നതിന് നൂറുകണക്കിന് സംഘടനകളും സന്നദ്ധപ്രവർത്തകരും പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
കൊറിയൻ ഡയറ്റ്
ഭക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് പൊതുവേ ഏഷ്യന്‍ രാജ്യങ്ങളിലുള്ളത്. നല്ല ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണവർ. ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളാണിതിൽ മുന്നിലുള്ളത്. ഇതിൽ ജാപ്പനീസ് ഡയറ്റ് ലോകപ്രശസ്തമാണെങ്കിലും കൊറിയയും ഒട്ടും പിന്നിലല്ല. പൊതുവെ കൊറിയയിൽ അമിതവണ്ണമുള്ളവർ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറിയക്കാരുടെ ഭക്ഷണശീലങ്ങളുമായി ഇതിന് വളരെയധികം ബന്ധമുണ്ട്. ശരീരഭാരം നിലനിര്‍ത്തുന്നതിലും ശരീരത്തിന്റെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും കൊറിയന്‍ പാചകരീതിയും ജീവിതശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊറിയക്കാരുടെ ഡയറ്റിലെ ചില പ്രത്യേകതകൾ പരിശോധിക്കാം.
പച്ചക്കറികളുടെ പ്രാധാന്യം
പ്രധാന വിഭവമോ, ലഘുഭക്ഷണമോ, ഫാസ്റ്റ് ഫുഡോ ആകട്ടെ, കൊറിയന്‍ ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളുണ്ട്. കൊറിയയിലെ പ്രശസ്തമായ സ്റ്റാർട്ടർ വിഭവങ്ങളില്‍ ഒന്നായ കിംച്ചി, ചീര, വെള്ളരിക്ക, റാഡിഷ് തുടങ്ങിയ വ്യത്യസ്ത പച്ചക്കറികള്‍ ഉള്‍പ്പെടുത്തി വിവിധ രീതികളിലാണ് തയ്യാറാക്കുന്നത്. കൊറിയന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് മുള, കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചാണ്. ഇത് അവരുടെ ഭക്ഷണത്തെ സന്തുലിതമാക്കുകയും പോഷകങ്ങളാല്‍ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.
ഫാസ്റ്റ് ഫുഡിനോട് താല്‍പര്യമില്ല
ഏഷ്യൻ രാജ്യങ്ങളിൽ പാശ്ചാത്യ സംസ്‌കാരത്തിനനുസരിച്ച് ഭക്ഷണശീലങ്ങൾ മാറുന്നുണ്ടെങ്കിലും കൊറിയക്കാര്‍ക്ക് ഫാസ്റ്റ് ഫുഡിനോട് വലിയ താല്‍പര്യമില്ല. എരിവും ചൂടും പുളിയുമുള്ള തനത് ഭക്ഷണങ്ങളോടാണ് ഇവർക്ക് പ്രിയം. പച്ചക്കറികളും മാംസവും കൊണ്ട് ഉണ്ടാക്കുന്ന അവരുടെ തന്നെ നാടൻ വിഭവങ്ങളില്‍ തുടരനാണ് ശ്രമിക്കുന്നത്.
കുടിയ്ക്കാൻ ചായ
അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ആളുകള്‍ ഭക്ഷണത്തിനൊപ്പം ധാരാളം സോഡയും കുപ്പികളിൽ ലഭിക്കുന്ന പാനീയങ്ങളും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, കൊറിയയില്‍ സ്ഥിതി വ്യത്യസ്തമാണ്. എയറേറ്റഡ് ഡ്രിങ്ക്‌സുകള്‍ക്ക് പകരം ചായ കുടിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. കൊറിയന്‍ ഭക്ഷണത്തോടൊപ്പം ചായ ആണ് സാധാരണയായി നല്‍കുന്നത്. സാധാരണ ചായയില്‍ നിന്ന് വ്യത്യസ്തമായ രുചിയാണിതിനുള്ളത്. രാജ്യത്ത് വളരെ പ്രചാരമുള്ള അത്തരം ഒരു ചായയാണ് ബാര്‍ലി ടീ. ഇതിന് കലോറി കുറവാണ്. എന്നാൽ വളരെ ഊര്‍ജ്ജപ്രദായകവുമാണ്.
നോ ഷുഗർ
കൊറിയന്‍ ഭക്ഷണങ്ങള്‍ മിക്കവാറും എരിവും പുളിയും ഉള്ളവയാണ്. അവര്‍ അവരുടെ ഭക്ഷണത്തില്‍ ഉയർന്ന അളവിൽ പഞ്ചസാര ഉൾപ്പെടുത്താറില്ല. കൊറിയക്കാർ സാധാരണ കഴിക്കുന്ന മധുരങ്ങള്‍ പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവയാണ്. ഇവ ശരീരത്തിന്റെ ഭാരം കൂട്ടില്ല. എന്ത് ഭക്ഷണവും ആരോഗ്യകരമാക്കാനുള്ള വഴി കൊറിയക്കാര്‍ക്ക് അറിയാം. പ്രശസ്ത കൊറിയന്‍ പലഹാരങ്ങളിലൊന്നായ പാറ്റ്ബിങ്‌സു രുചികരവും ആരോഗ്യകരവുമാണ്. ചീകിയെടുത്ത ഐസ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, പക്ഷേ ഇതില്‍ കൃത്രിമ നിറങ്ങളും മധുരങ്ങളുമുണ്ടാവില്ല. പകരം ഇതിനൊപ്പം ധാരാളം പഴങ്ങള്‍ ഉപയോഗിക്കുന്നു.
ആരോഗ്യത്തിലേക്ക് നടക്കാം
കൊറിയക്കാര്‍ കൃത്യമായി വ്യായാമം ചെയ്യുന്നവരാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ ഒരു കാര്യം പറയാന്‍ കഴിയും, അവര്‍ നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. രാജ്യത്ത് കടുത്ത ശൈത്യമായതിനാല്‍, ആളുകള്‍ ടാക്‌സിയോ കാറോ എടുക്കുന്നതിനേക്കാള്‍ നടക്കാന്‍ ഇഷ്ടപ്പെടുന്നു. അത് അവരെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന ഒരു ശീലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.