വീട്ടുരുചിക്കൂട്ടിൽ ചേലക്കര ഊരമ്പത്ത് വീട്ടിൽ രമ്യ സുനോജ് ആരുടെയും വയറുനിറക്കുക മാത്രമല്ല, ചുണ്ടിൽ സംതൃപ്തിയുടെ ചിരി വിരിയിക്കുകയും ചെയ്യും. അതിനാലാണ് തന്റെ വീട്ടു രുചിക്കൂട്ടിന് ‘ചിരി’ എന്ന് പേരിട്ടത്. ബീഫ് അച്ചാർ, മീൻ അച്ചാർ, ചമ്മന്തിപ്പൊടി, സാമ്പാർ പൊടി, വേപ്പിലക്കട്ടി, നന്നാറി സിറപ്പ് തുടങ്ങി 40ലേറെ ഉൽപന്നങ്ങളാണ് രമ്യ വീട്ടിൽ ഉണ്ടാക്കുന്നത്.
കടകളിലോ സൂപ്പർമാർക്കറ്റിലോ കിട്ടില്ല, ഈ ഉൽപന്നങ്ങൾ; ഫേസ്ബുക്കിലും സമൂഹ മാധ്യമങ്ങളിലും ആവശ്യപ്പെടുന്നവർക്കു മാത്രം. ടി.ടി.സി കഴിഞ്ഞാണ് അധ്യാപികയാവണ്ട, എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്ന ചിന്ത രമ്യക്ക് വന്നത്. ഒരു പശുവിനെ വാങ്ങി. ക്ഷീരവകുപ്പിൽനിന്ന് വേറെ രണ്ടു പശുക്കളെയും ലഭിച്ചു.
വൈകാതെ 10 പശുക്കളുമായി ഫാം തുടങ്ങി. കോഴി, ആട്, താറാവ് എന്നിവയും ഉണ്ടായിരുന്നു. കോവിഡ് വന്നതോടെ പാലിന് വിലകുറഞ്ഞു. പശുക്കൾക്ക് അസുഖം വരാൻ തുടങ്ങി. തീറ്റക്ക് വിലയും കൂടി. ആ സമയത്താണ് കൃഷിചെയ്ത് സൂക്ഷിച്ച 100 കിലോ മഞ്ഞൾ ഉണക്കിപ്പൊടിച്ചത്.
ഫേസ്ബുക്കിൽ പൊടിച്ച മഞ്ഞൾ വിൽക്കാനിട്ടു. പ്രതീക്ഷിച്ചതിൽ കൂടുതൽ പ്രതികരണങ്ങളെത്തി. ഒപ്പം വേറെ വീട്ടിൽ ഉൽപന്നങ്ങളെന്തുണ്ട് എന്ന അന്വേഷണങ്ങളും. കണ്ണിമാങ്ങ സീസണായതോടെ അച്ചാറുണ്ടാക്കി ഫേസ്ബുക്കിൽ അറിയിച്ചു. നിമിഷനേരംകൊണ്ട് വിറ്റഴിയാൻ തുടങ്ങി.
മുമ്പേക്കൂട്ടി ഓർഡറുകളും എത്തിത്തുടങ്ങി. ഇതിനിടെ അവതാളത്തിലായ ഫാമിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഭക്ഷ്യ ഉൽപന്നങ്ങളിലേക്ക് തിരിഞ്ഞു. അച്ചാറുകൾ, കൊണ്ടാട്ടം, മുറുക്ക്, ചമ്മന്തിപ്പൊടി, വേപ്പിലക്കട്ടി തുടങ്ങി ഉൽപന്നങ്ങൾ വീട്ടിൽ വെച്ച് പാക്ക് ചെയ്തുതുടങ്ങി. ഫേസ്ബുക്കിൽനിന്നും ചില വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്നും മുറക്ക് ഓർഡറുകൾ എത്തുന്നുണ്ട്. ഉൽപന്നങ്ങൾ കൊറിയർ അയച്ചുകൊടുക്കും. ഭർത്താവ് സുനോജ് വിദേശത്ത് ജോലി ചെയ്യുന്നു. മക്കൾ: സുദേവ് കൃഷ്ണ, സാരംഗ് കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.