ലക്ഷ്മീസ് കിച്ചണ്‍

അകത്തള ക്രമീകരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. സ്റ്റോറേജും വര്‍ക്ക് സ്പേസും കൃത്യമായി ക്രമീകരിക്കേണ്ട ഇടം. ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ പുതുമകള്‍ അടുക്കളയിലും എത്തിയിട്ടുണ്ട്. പഴയ അടുക്കളയുടെ കോലവും ഭാവവുമല്ല, പുത്തന്‍ അടുക്കളക്ക്. ജോലി എളുപ്പമാക്കുന്ന രീതിയിലാണ് അടുക്കളകള്‍ ഇപ്പോള്‍ സജ്ജീകരിക്കുന്നത്.
ഫ്രിഡ്ജ്, സ്റ്റവ്, ഓവന്‍ എന്നിവ ട്രയാങ്കിളായി വരുന്ന രീതിയും കാണാം. ഭംഗിയേക്കാള്‍ അടുക്കും ചിട്ടയും ജോലി ചെയ്യാനുള്ള സൗകര്യവുമാണ് പ്രധാനം. ഒപ്പം അടുക്കളയുടെ അഴകിനും പ്രാധാന്യം നല്‍കുന്നുണ്ട്.

മലയാളിക്ക് പരിചിതയായ അടുക്കളക്കാരി വീട്ടുവിശേഷങ്ങള്‍ പറയുമ്പോള്‍ അവരുടെ ഇഷ്ടയിടം പ്രത്യേകം പറയേണ്ടതില്ലല്ളേ. ‘അവിടെയും ഇവിടെയും കണ്ടതു പകര്‍ത്തുകയല്ല, വീട്ടുകാരിയുടെ സൗകര്യത്തിനനുസരിച്ചാവണം നമ്മുടെ അടുക്കള’- ലക്ഷ്മിനായര്‍ പറയുന്നു. 

പ്രമുഖ പാചക വിദഗ്ധ ലക്ഷ്മിനായര്‍ക്ക് അടുക്കളയെന്നാല്‍ വൃത്തിയും വെടിപ്പുമാണ്. ആധുനിക കാലത്ത് അടുക്കളയാണ് വീടിന്‍െറ മുഖം. അതുകൊണ്ട്, വൃത്തി തന്നെയായിരിക്കണം അതിന്‍െറ മുഖമുദ്രയെന്നും ലക്ഷ്മി നായര്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവും ഹിറ്റായ ടെലിവിഷന്‍ കുക്കറിഷോ അവതാരകയും തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലുമായ ലക്ഷ്മി നായര്‍ക്ക് ഏറ്റവുമടുപ്പം അടുക്കളയോടുതന്നെ. തിരുവനന്തപുരം കിഴക്കേക്കോട്ടക്ക് സമീപത്തെ· പത്മാനഗറിലെ ലക്ഷ്മി നായരുടെ വീടിന്‍െറ അടുക്കള പുതിയ ട്രെന്‍റനുസരിച്ചും ആധുനിക ഉപകരണങ്ങള്‍ ഒരുക്കിയും സജ്ജീകരിച്ചതാണ്. അത്യാഡംബരമൊഴിവാക്കിയ ഈ അടുക്കളയുടെ ആകര്‍ഷണ ഘടകം വൃത്തിയും അടുക്കും ചിട്ടയും തന്നെ.

കൂടുതല്‍ നേരം അടുക്കളയില്‍ ചെലവഴിക്കുന്നതിനാല്‍ അതിനനുസരിച്ചുള്ള സംവിധാനങ്ങളും ഇതിലുണ്ട്. എയര്‍കണ്ടീഷന്‍ഡ് അടുക്കളയില്‍  ഇഷ്ട പ്രോഗ്രാമുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ടി.വിക്കും ഇടം നല്‍കിയിട്ടുണ്ട്. മൈക്രോ വേവ് ഓവന്‍, കുക്കിങ്ങ് റേഞ്ച്, ഇലക്ട്രിക് ഓവന്‍, ഗ്രില്‍, സാന്‍ഡ് വിച്ച് മേക്കര്‍, ഐസ്ക്രീം മേക്കര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ തന്‍െറ ‘ഭക്ഷ്യാന്വേഷണ പരീക്ഷണ’ങ്ങളില്‍ ഏറെ ഉപകാരപ്പെടുന്നുണ്ടെന്ന് ലക്ഷ്മി നായര്‍ സാക്ഷ്യപ്പെടുത്തുന്നു.  

സൗകര്യത്തിനായി ഉപകരണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇവയൊന്നും സ്ഥലം അമിതമായി കവര്‍ന്നിട്ടില്ല. എങ്കിലും ഇതൊരു മാതൃകാ അടുക്കളയാണെന്ന് ഇവര്‍ ഒരിക്കലും സമ്മതിച്ചുതരില്ല. ‘ഇതെന്‍െറ സങ്കല്‍പത്തിനും സൗകര്യത്തിനുമനുസരിച്ച് ഉണ്ടാക്കിയതാണ്. ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപ്പാടുണ്ടാകാം. എനിക്ക് വിശാലമായ അടുക്കളയാണിഷ്ടം. ആധുനികവും നല്ലതുമായ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ നമ്മുടെ കഷ്ടപ്പാടുകള്‍ ഏറെ കുറയും. ചിട്ടയും അടുക്കുമില്ലാതെ പണിയുന്ന രീതിയൊക്കെ പോയി. നന്നായി കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാകണം അടുക്കള പണിയേണ്ടത്’ -ലക്ഷ്മിയുടെ അടുക്കള സങ്കല്‍പങ്ങള്‍ ഇങ്ങനെയെല്ലാമാണ്. വീട്ടില്‍ ചെലവഴിക്കാന്‍ ഇഷ്ടമുള്ളയിടവും അടുക്കള തന്നെയെന്ന് ലക്ഷ്മിനായര്‍ അടിവരയിടുന്നു.

തയാറാക്കിയത്: അനസ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.