ആസ്റ്റർ നിർമിച്ച വീടുകളുടെ വിതരണ ചടങ്ങിനെത്തിയ മുഖ്യമന്ത്രി

പിണറായി വിജയൻ

ഇരുൾ വഴിയിൽ വെളിച്ചമായവർ

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാണ് പല സ്ഥാപനങ്ങളുടെയും സി.എസ്.ആർ ഫണ്ടുകൾ. ഇത്തരം ഫണ്ടുകളും നന്മയുള്ള പ്രവൃത്തികളുമാണ് പലരെയും ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നത്. ദുരിതബാധിത മേഖലയിലേക്ക് സഹായമൊഴുക്കുന്നവരിൽ പ്രധാനിയാണ് ആസ്റ്ററിന്‍റെ സി.എസ്.ആർ മുഖമായ ആസ്റ്റർ വളന്‍റിയേഴ്സ്..

ദുരിതങ്ങളുടെ പടുകുഴിയിൽ വീണുകിടക്കുന്നവർക്ക് നേരിയ വെളിച്ചം പോലും ജീവിതത്തിലേക്കുള്ള പ്രകാശമാണ്. ലോകം ഇരുളിലേക്ക് മറയാൻ തുനിഞ്ഞപ്പോഴെല്ലാം നന്മയുടെ രൂപത്തിൽ ഈ വെളിച്ചം പ്രകാശിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന മനുഷ്യരിലേക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങളെത്തിയതിനാലാണ് ഈ ലോകത്തെ നമ്മൾ 'നന്മയുള്ള ലോകമേ' എന്ന് വിളിച്ചത്. മുൻകാലങ്ങളിൽ സഹായങ്ങളൊഴുക്കുന്നതിന് ഔദ്യോഗിക ലേബൽ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഓരോ കമ്പനിയും അവരുടെ വരുമാനത്തിന്‍റെ നിശ്ചിത ശതമാനം സി.എസ്.ആർ ഫണ്ട് എന്ന രൂപത്തിൽ മാറ്റിവെക്കാറുണ്ട്. ലക്ഷക്കണക്കിനാളുകളിലേക്കാണ് ഈ ഫണ്ടിൽ നിന്ന് സഹായമൊഴുകുന്നത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച 2018ൽ വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടാണ് കേരളത്തെ വീണ്ടും കെട്ടിപ്പടുക്കാൻ സഹായിച്ചത്. ഇതിൽ പ്രധാനമായിരുന്നു നാല് വർഷത്തിനിടെ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ നിർമിച്ചു നൽകിയ 255 വീടുകൾ. സി.എസ്.ആർ ഫണ്ട് മാത്രമല്ല, മനുഷ്യസ്നേഹികള്‍, പങ്കാളികള്‍, ജീവനക്കാര്‍ എന്നിവരും കൈകോർത്തതോടെയാണ് ആസ്റ്ററിന്‍റെ സി.എസ്.ആർ മുഖമായ വളന്‍റിയേഴ്സിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങിങ്ങോളം സ്നേഹ ഭവനങ്ങളുയർന്നത്.

ആസ്റ്റർ അധികൃതർ കേരള മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ വാഗ്ദാനം നിറവേറ്റുകയായിരുന്നു ഇതിലൂടെ. വാഗ്ദാനം ചെയ്തതിനേക്കാൾ അഞ്ച് വീടുകള്‍ അധികം നിർമിച്ച് നല്‍കിയാണ് കഴിഞ്ഞ ആഗസ്റ്റിൽ വീടുകൾ കൈമാറിയത്. പേമാരി പെയ്തിറങ്ങിയ പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളിലാണ് ഇവരുടെ കൈത്താങ്ങെത്തിയത്.

'റീബില്‍ഡ് കേരള മിഷന്‍റെ' കീഴിലുള്ള 255 ആസ്റ്റര്‍ ഹോമുകളുടെ കൈമാറ്റം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ, വ്യവസായ മന്ത്രി അഡ്വ. പി. രാജീവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നു

ഒത്തൊരുമിച്ച്:

കയറിക്കിടക്കാനൊരു കൂര എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്നമാണ് മഹാപ്രളയം തച്ചുടച്ചുകളഞ്ഞത്. കേരളത്തിലങ്ങിങ്ങോളം പത്തുലക്ഷം പേർക്കാണ് വീട് നഷ്ടമായത്. നാടൊന്നിച്ച് കൈകോർത്തപ്പോൾ തകർന്ന വീടുകളിൽ പലതും പുനർനിർമിക്കപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്കും സ്വന്തമായി ഭൂമിയുള്ളവര്‍ക്കും അവരുടെ ഇഷ്ടപ്രകാരമുള്ള ഭവന രൂപകൽപനകള്‍ പരിഗണിച്ചാണ് പുതിയ വീടുകള്‍ നിർമിച്ചുനല്‍കിയത്. കുറച്ച് മനുഷ്യസ്നേഹികള്‍ സൗജന്യമായി നല്‍കിയ ഭൂമിയില്‍ ഒരു കൂട്ടം ആളുകള്‍ക്ക് ക്ലസ്റ്റര്‍ ഭവനങ്ങള്‍ ഒരുക്കി നല്‍കി. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് റെട്രോ ഫിറ്റിങ് നല്‍കി.

കേരളത്തെ പുനര്‍നിർമിക്കുന്നതിനുള്ള ഉദ്യമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ആസ്റ്ററും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആസ്റ്റര്‍ ഹോംസ് ഫണ്ടായി 15 കോടി പുതിയ വീടുകള്‍ നിർമിക്കുന്നതിനും തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിനും ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 60 ജീവനക്കാര്‍ ഈ ഉദ്യമത്തില്‍ കൈകോര്‍ക്കുകയും 45 ആസ്റ്റര്‍ ഹോമുകള്‍ നിർമിക്കുന്നതിന് 2.25 കോടി രൂപ സംഭാവന ചെയ്യുകയും ചെയ്തു.

പെരുമ്പാവൂരിലെ ക്ലസ്റ്റര്‍ പ്രോജക്ടിന് അല്‍അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, നെടുമ്പാശ്ശേരിയിലെ ക്ലസ്റ്റര്‍ പദ്ധതിക്ക് പരേതയായ സൈനബ ഇബ്രാഹിം, പനമരത്ത് ക്ലസ്റ്റര്‍ പ്രോജക്ടിനായി തെക്കേപ്പുറം എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന്‍ എന്നിവരാണ് ഭൂമി നൽകിയത്. ആര്‍ക്കിടെക്ട് ജി. ശങ്കര്‍, നൗഫൽ സി. ഹാഷിം എന്നിവരായിരുന്നു സാങ്കേതിക പങ്കാളികൾ. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്, മുഹമ്മദ് മുസ്തഫ, ഗുല്‍മര്‍ ഇന്‍റര്‍നാഷനല്‍, ആംസര്‍ ഇന്‍ഫ്രാ പ്രോജക്ട്സ് എൽ.എൽ.പി എന്നിവർ നിർമാണപങ്കാളികളായി. അസോസിയേറ്റ്സ് റോട്ടറി ഇന്‍റര്‍നാഷനല്‍, ടീം വെല്‍ഫെയര്‍, തണല്‍, ഹൈബി ഈഡന്‍ എം.പി, സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റി, കൊണ്ടോട്ടി ഏരിയ കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം, സൈദാലിക്കുട്ടി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പെരിമ്പലം തുടങ്ങിയ സംഘടനകളെല്ലാം അകമഴിഞ്ഞ പിന്തുണയുമായി ഒപ്പം ചേർന്നു.

പ്രളയ ദുരിതമേഖലയിലും ആസ്റ്റർ വളന്റിയർമാർ കർമനിരതരായി. ആസ്റ്റര്‍ വളൻറിയേഴ്സ് ഗ്ലോബല്‍ പ്രോഗ്രാമിന്‍റെ നേതൃത്വത്തില്‍ 200ലധികം മെഡിക്കല്‍, നോണ്‍മെഡിക്കല്‍ വളന്റിയര്‍മാര്‍ രംഗത്തുണ്ടായിരുന്നു. ആസ്റ്റര്‍ ഡിസാസ്റ്റര്‍ സപ്പോര്‍ട്ട് ടീം വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരിതാശ്വാസ കേന്ദ്രങ്ങളുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനും ആരോഗ്യ പരിശോധനകളെത്തിക്കാനും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനുമായി പ്രവര്‍ത്തിച്ചു.

അടുത്തിടെ, വെള്ളപ്പൊക്കം നശിപ്പിച്ച അസമിലെ സില്‍ച്ചറിലേക്കും സമീപ പ്രദേശങ്ങളിലേക്കും ആസ്റ്റര്‍ വളന്റിയേഴ്സ് സംഘം എത്തിയിരുന്നു. യു.എ.ഇയിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചപ്പോഴും സഹായകരങ്ങളുമായി ആസ്റ്റര്‍ വളന്‍റിയേഴ്സ് എത്തി.

കോവിഡ് കൊടുമ്പിരികൊണ്ട സമയത്ത് ദുബൈയിലെ തിരക്കേറിയ പ്രദേശങ്ങളിലും കേരളത്തിലെ വിദൂര ദേശങ്ങളിലും കോവിഡ് പരിശോധന നടത്തുന്നതിനായി ആദ്യം ചെന്നെത്തിയതും ആസ്റ്റര്‍ വളന്റിയേഴ്സായിരുന്നു. ദുബൈയില്‍ നിരവധി ഐസൊലേഷന്‍ ക്യാമ്പുകള്‍ നടത്തുകയും ആയിരക്കണക്കിന് രോഗികളെ സുഖപ്പെടുത്താന്‍ സഹായിക്കുകയും ജോലിയില്ലാത്തവർക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. സൗജന്യ മെഡിക്കല്‍ ടെലി കണ്‍സള്‍ട്ടന്‍സി സേവനം ആരംഭിക്കുകയും ഗുരുതരമായ പോസിറ്റിവ് രോഗികളെ മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ ഉപയോഗിച്ച് ആശുപത്രികളില്‍ എത്തിക്കുകയും ബഹുജനങ്ങള്‍ക്കായി വെബിനാറുകള്‍ നടത്തുകയും ചെയ്തു. സി.എസ്.ആർ പ്രവർത്തനങ്ങൾ പരിഗണിച്ച് ദുബൈ ചേംബർ ഓഫ് കോമേഴ്സും അറേബ്യ സി.എസ്.ആറും ആസ്റ്ററിന് മൂന്ന് പുരസ്കാരങ്ങൾ നൽകി ആദരിച്ചിരുന്നു. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതക്ക് ഗൾഫ് സസ്റ്റൈനബിലിറ്റി അവാർഡുകളിൽ ആസ്റ്റർ ഗോൾഡ് അവാർഡ് ജേതാവായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 

ആസ്റ്റർ നിർമിച്ച വീടുകൾ കൈമാറ്റം ചെയ്തപ്പോൾ

അനുഭവസ്ഥർ സാക്ഷി

'ചെറിയൊരു കൂരക്ക് കീഴിലായിരുന്നു ഞങ്ങളുടെ താമസം. എന്നാൽ, 2018ലെ പെരുമഴ ഈ കൂരയും ഇല്ലാതാക്കി. പെരുവഴിയിലിറങ്ങേണ്ട അവസ്ഥയിൽ നിന്നപ്പോഴാണ് ആസ്റ്റർ വളന്‍റിയേഴ്സിന്‍റെ സഹായമെത്തിയത്. രണ്ട് വർഷം മുമ്പ് ഞങ്ങളുടെ സ്വപ്നഭവനം പൂർത്തിയായി'-മഴക്കെടുതിയിൽ വീട് നഷ്ടമായ മറിയത്തിന്‍റെ വാക്കുകളാണിത്. മറിയത്തെ പോലെ എത്രയെത്ര പേരാണ് ആസ്റ്റർ ഹോംസിന്‍റെ തണലിൽ ഇപ്പോഴും കഴിയുന്നത്.

പൊഴുതന സ്വദേശി അബ്ദുൽ 15 വർഷം മരുഭൂമിയിൽ കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ് പ്രളയജലം കൊണ്ടുപോയത്. ആസ്റ്റർ ഹോംസിന്‍റെ വീട് ലഭിച്ചതിനെ കുറിച്ച് അബ്ദുൽ പറയുന്നത് 'ഇത് എന്‍റെ പുനർജന്മമാണ്' എന്നാണ്. പൊഴുതനയിൽ തന്നെയുള്ള ജസീലക്കും ഇന്ദിരക്കും വടക്കേക്കരയിലെ ഭാരതിക്കുമെല്ലാം പറയാനുള്ളത് വീട് വെച്ച് നൽകിയവരോടുള്ള നന്ദിയും കടപ്പാടുമാണ്.

'ഒരു പുഞ്ചിരി മതി ഒരു ദിനം ധന്യമാകാൻ'

(ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍

സ്ഥാപക ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍)

''ഒരാളുടെ ദിവസം പ്രകാശമാനമാക്കാന്‍ ഒരു പുഞ്ചിരി മാത്രം മതി, ഒരാളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റാന്‍ ഒരു സഹായ ഹസ്തവും മതിയാകും. ആവശ്യമുള്ളവരിലേക്ക് സഹായഹസ്തങ്ങള്‍ നീട്ടുമ്പോള്‍ നാം നിസ്വാർഥരും ദയയുള്ളവരുമാകാം. നാം ഉദാരമനസ്കത തിരഞ്ഞെടുക്കുമ്പോള്‍ മാത്രമെ മനുഷ്യത്വം അഭിവൃദ്ധി പ്രാപിക്കുന്നുള്ളൂ.

1987ല്‍ ഞങ്ങള്‍ പ്രയാണം ആരംഭിച്ചതുമുതല്‍ ആസ്റ്ററിന്‍റെ ഡി.എൻ.എയില്‍ ഉള്‍ച്ചേര്‍ത്ത മൂല്യമാണ് ആവശ്യമുള്ള ആളുകളെ സഹായിക്കുക എന്നത്. കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ ആസ്റ്റർ നടപ്പാക്കിയത് ഈ മൂല്യമാണ്. ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ ആഴ്ചകളോളം മെഡിക്കല്‍ സഹായം ലഭ്യമാക്കി. വീട് നഷ്ടപ്പെട്ടവർക്ക് ഭവനങ്ങൾ നിർമിച്ചുനൽകി. ഈ ലക്ഷ്യത്തിനായി ഒരുമിച്ച് നടക്കാനും വാഗ്ദാനങ്ങള്‍ നിറവേറ്റാനും കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്''.

Tags:    
News Summary - Aster DM Healthcare built houses for the poor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.